തെരുവുനായ്ക്കള്‍ ഫാമിലെ കോഴികളെ കടിച്ചുകൊന്നു

ekm-kozhiകാലടി: മാണിക്കമംഗലം പൊതിയക്കരയില്‍  ഫാമില്‍ വളര്‍ത്തിയിരുന്ന കോഴികളെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു. കോര്‍പറേഷന്‍ കവലയ്ക്കു സമീപം പാലത്തറ റോഡില്‍ താമസിക്കുന്ന താഴത്തെപുറത്താന്‍ ബേബിയുടെ വില്പനയ്ക്കു പാകമായ ഇരുന്നൂറോളം കോഴികളെയാണു തെരുവുനായ്ക്കൂട്ടം കടിച്ചുകൊന്നത്. ഇന്നലെ രാത്രി 12.30 ഓടെയാണു സംഭവം നടന്നത്. മൂന്നു കൂടുകളിലായി 600 ഓളം കോഴികളെയാണു ബേബിയുടെ ഭാര്യ ജോളി കുടുംബശ്രീയില്‍ നിന്നു പണം വായ്പയെടുത്തു വളര്‍ത്തിയിരുന്നത്.

വലകൊണ്ടു മറച്ചിരുന്ന കൂടിനുള്ളിലേക്കു കയറിയ നായ്ക്കൂട്ടം കൂട്ടിലുണ്ടായിരുന്ന കോഴികളെ ഓടിച്ചിച്ചു കടിച്ചു കീറുകയായിരുന്നു.  ശബ്ദം കേട്ട് വീട്ടുകാര്‍ ലൈറ്റിട്ടു നോക്കിയപ്പോഴാണ് അഞ്ചു നായ്ക്കള്‍ കോഴികളെ കടിച്ചു കീറുന്നതു കണ്ടത്. ഉടനെ മരക്കമ്പുമായി നായ്ക്കളുടെ അടുത്തെത്തി ബഹളം വച്ചതോടെ നായ്ക്കള്‍ കോഴികളെ താഴെയിട്ട് കൂട്ടില്‍ നിന്നു ചാടി ഓടുകയായിരുന്നുവെന്നു ബേബി പറഞ്ഞു.

രാവിലെ പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. തുളസി, വൈസ്പ്രസിഡന്റ് ബിജു പരമേശ്വരന്‍, ഗ്രാമപഞ്ചായത്തംഗം അല്‍ഫോണ്‍സ പൗലോസ്, പി.വി. സ്റ്റാര്‍ളി, വെറ്റിനറി ഡോ. റാണി ഉമ്മന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. നിലവില്‍ നഷ്ടപരിഹാരം നല്‍കാന്‍ സാധിക്കുകയില്ലെന്നും തെരുവുനായ്ക്കളുടെ ആക്രമണവുമായി ബന്ധപ്പെട്ട് ഫണ്ട് അനുവദിച്ചാല്‍ അതു ലഭ്യമാക്കാനുളള നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. കോഴി ഫാം ഉടമ ബേബി പഞ്ചായത്ത് അധികൃതര്‍ക്കും വെറ്റിനറി ഡോക്ടര്‍ക്കും വില്ലേജിലും നഷ്ടപരിഹാരത്തിനായി അപേക്ഷ നല്‍കിയിട്ടുണ്ട്.

Related posts