മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ബാറ്റ്‌സ്മാന്‍മാരായ കെ.എല്‍.രാഹുല്‍, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ എന്നിവരെ പരിക്ക് കാരണം ടീമിലേക്ക് പരിഗണിച്ചില്ല. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ടീമില്‍ മടങ്ങിയെത്തിയ ഓപ്പണര്‍ ഗൗതം ഗംഭീറിനെ ടീമില്‍ നിലനിര്‍ത്തി. ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണ് ടീമിലെ പുതുമുഖം. ഏകദിനങ്ങളിലെയും ട്വന്റി–20യിലെയും മികച്ച പ്രകടനം പാണ്ഡ്യയ്ക്ക് തുണയാവുകയായിരുന്നു. മുഖ്യ സെലക്ടര്‍ എം.എസ്.കെ.പ്രസാദ് അധ്യക്ഷനായ സമിതിയാണ് ടീം തെരഞ്ഞെടുത്തത്.
പരിക്ക് മൂലം ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ കളിക്കാതിരുന്ന ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മ ടീമില്‍ മടങ്ങിയെത്തി. ന്യൂസിലന്‍ഡ് പരമ്പരയിലെ രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റ ഭുവനേശ്വര്‍ കുമാറിന് ആഭ്യന്തര മത്സരം കളിക്കാന്‍ അവസരം ലഭിക്കാതിരുന്നതിനാല്‍ ടീമില്‍ ഉള്‍പ്പെടുത്തിയില്ല. വിരാട് കോഹ്ലി തന്നെയാണ് ടീം നായകന്‍.
ടീം: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), ആര്‍.അശ്വിന്‍, ഗൗതം ഗംഭീര്‍, രവീന്ദ്ര ജഡേജ, അമിത് മിശ്ര, മുഹമ്മദ് ഷമി, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, വൃദ്ധിമാന്‍ സാഹ, കരുണ്‍ നായര്‍, മുരളി വിജയ്, ഉമേഷ് യാദവ്, ഹര്‍ദിക് പാണ്ഡ്യ, ഇഷാന്ത് ശര്‍മ, ജയന്ത് യാദവ്.