ബിജു കുര്യന്‍
പത്തനംതിട്ട: വിമാനത്തില്‍ എന്താണു സംഭവിച്ചതെന്ന് ഡെയിസി അറിഞ്ഞില്ല. എല്ലാം കഴിഞ്ഞുവെന്നു കരുതി. ജീവിതത്തിലേക്ക് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല എന്ന് ഉറപ്പിച്ചു. ദൈവത്തെ മനസില്‍ ധ്യാനിച്ചു. പെട്ടെന്നു വിമാനത്തിന്റെ എമര്‍ജന്‍സി വാതിലുകള്‍ തുറന്നു. പിന്നില്‍ പുക, യാത്രക്കാര്‍ ചാടിയിറങ്ങാന്‍ തുടങ്ങി, അമാന്തിച്ചില്ല, മൂന്നുവയസുകാരനായ ഡേവിഡിനെയും പത്ത് വയസുകാരി ആഞ്ചലീനയെയും കൂട്ടി പുറത്തേക്കു ചാടി. ശരിക്കും ദൈവത്തിന്റെ സംരക്ഷണം അനുഭവിച്ച നിമിഷങ്ങളായിരുന്നു അതെന്നു ഡെയ്‌സി ഷിജുരാജു (38) ദീപികയോടു പറഞ്ഞു.
ഓമല്ലൂര്‍ വൈരവിന വീട്ടില്‍ ഷിജുരാജുവിന്റെ ഭാര്യയായ ഡെയ്‌സി ഇന്നലെ രാവിലെ പത്തിന് തിരുവനന്തപുരത്തുനിന്നു ദുബായിലേക്കുള്ള ഇകെ521 വിമാനത്തിലെ യാത്രക്കാരിയായിരുന്നു. മക്കളായ ആഞ്ചലീനയും ഡേവിഡും ഒപ്പമുണ്ടായിരുന്നു. ഇവരുടെ സുഹൃത്ത് വകയാര്‍ സ്വദേശി ജൂലി, മക്കളായ കെസിയ (നാല്), എമിലി (മൂന്ന് മാസം) എന്നിവരും കൂട്ടത്തിലുണ്ടായിരുന്നു.വീട്ടില്‍നിന്നു സഹോദരന്‍ ബിനുവിനൊപ്പമാണ് തിരുവനന്തപുരം വരെ വന്നത്. സഹോദരിയെയും മക്കളെയും യാത്രയാക്കിയ ശേഷം ബിനു മടങ്ങി.
ദുബായ് വിമാനത്താവളത്തില്‍ ഭര്‍ത്താവ് ഷിജുരാജു കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ജൂലൈ പത്തിനാണ് ഇവര്‍ കുടുംബസമേതം നാട്ടിലെത്തിയത്. ഷിജുരാജു 23നു മടങ്ങി. പത്തുവര്‍ഷമായി ഇവര്‍ ദുബായിലാണ്. ദുബായ് സമയം ഇന്നലെ ഉച്ചയ്ക്ക് 12.05നാണ് വിമാനം ലാന്‍ഡ് ചെയ്തത്. അതുവരെയും പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. തീയും പുകയും കണ്ടതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. അപ്പോഴേക്കും വിമാനത്താവളത്തില്‍ സുരക്ഷാസന്നാഹങ്ങള്‍ സജ്ജമായി കഴിഞ്ഞിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ എമര്‍ജന്‍സി വാതിലിലൂടെ മക്കളുമൊപ്പം പുറത്തിറങ്ങിയ നിമിഷങ്ങള്‍ അനുസ്മരിക്കാന്‍ ബുദ്ധിമുട്ടാണെന്നു ഡെയ്‌സി പറഞ്ഞു.
കൊടുംചൂടും വിമാനം കത്തിയതിനെത്തുടര്‍ന്നുള്ള പുകയും മൂലം വിമാനത്താവളത്തില്‍വച്ചു കാലിന് പൊള്ളലുണ്ടായതൊഴിച്ചാല്‍ മറ്റൊന്നും സംഭവിച്ചില്ല. കുഞ്ഞുമക്കളെ സുരക്ഷിതമായി പുറത്തിറക്കാന്‍ കഴിഞ്ഞതിനു ദൈവത്തിന് നന്ദി പറയുകയാണ് ഡെയ്‌സി. സുഹൃത്ത് ജൂലിക്കും ഇതു തന്നെയാണ് പറയാനുള്ളതെന്നും ഡെയ്‌സി പറഞ്ഞു. മൂന്നുമാസം മാത്രം പ്രായമുള്ള എമിലിയെയും എടുത്താണ് ജൂലി ഇറങ്ങി ഓടിയത്. ഹാന്‍ഡ് ബാഗ് ഒഴികെ ബാക്കിയെല്ലാം നഷ്ടമായി. പാസ്‌പോര്‍ട്ടും യാത്രാരേഖകളും ഹാന്‍ഡ് ബാഗിലായിരുന്നതിനാല്‍ അത് സുരക്ഷിതമാണ്. വിമാനത്താവളത്തിലെ ഗാരേജിലേക്കാണ് തങ്ങളെ പെട്ടെന്നു മാറ്റിയത്.
ഓടുമ്പോള്‍ പിന്നില്‍ വിമാനം കത്തുന്നതിന്റെ ഭയപ്പെടുത്തുന്ന ദൃശ്യം മനസിനെ ഇപ്പോഴും അലട്ടുന്നുവെന്നു ഡെയ്‌സി പറഞ്ഞു.റണ്‍വേയിലെ അപകടമറിഞ്ഞ് താനും ഒപ്പം വിമാനത്താവളത്തില്‍ കാത്തുനിന്നവരും ഏറെ പരിഭ്രാന്തരായെന്ന് ഷിജുരാജു പറഞ്ഞു. ഭാര്യയും മക്കളും സുരക്ഷിതരാണെന്ന് അറിഞ്ഞപ്പോള്‍ ദൈവത്തിന് നന്ദി പറയുകയായിരുന്നു ഷിജു.