കണ്ണൂര്‍: അഴീക്കോട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വി. നികേഷ്കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സിനിമാനടന് ഇന്നസെന്റ് എംപി എത്തി. പുതിയതെരുവില്‍നിന്ന് നികേഷ്കുമാറിനൊപ്പം ബൈക്കില്‍ കയറിയ ഇന്നസെന്റ് റോഡ് ഷോയില്‍ പങ്കെടുത്തു. സ്റ്റൈലോ കോര്‍ണറില്‍ നിന്ന് ആരംഭിച്ച റോഡ്ഷോ മന്ന വഴി വളപട്ടണത്ത് സമാപിച്ചു. നിരവധി ബൈക്കുകള്‍ ഇവര്‍ക്ക് അകമ്പടിയായി ഉണ്ടായിരുന്നു.
അഴിമതിയുടെ കാര്യത്തില്‍ മികച്ച നേട്ടമാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഉണ്ടാക്കിയതെന്ന് ഇന്നസന്റെ് പരിഹസിച്ചു. ഈ സര്‍ക്കാരിനെ പുറത്താക്കേണ്ടത് നാടിന്റെ ആവശ്യമാണെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ പറഞ്ഞു. അമ്മയെന്ന സംഘടനയില്‍ നിന്ന് നടന് സലിംകുമാര്‍ രാജിവച്ചത് വ്യക്തിപരമായ കാരണങ്ങളാലാണ്. രാജിവയ്ക്കാന്‍ ഓരോരുത്തര്‍ക്കും അവകാശമുണ്ട്. സിനിമാതാരങ്ങള്‍ക്ക് രാഷ്ട്രീയം ഉണ്ടെങ്കിലും വ്യക്തിപരമായ സൗഹൃദങ്ങളുടെ പേരിലാണ് അവര്‍ വിവിധ സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണത്തിനു പോകുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തനിക്കുവേണ്ടി ഒരുപാട് താരങ്ങള്‍ പ്രചാരണത്തിനെത്തിയിരുന്നതായും ഇന്നസെന്റ് പറഞ്ഞു.
കല്യാശേരിയില്‍ ഇ.കെ. നായനാരുടെ വീട്ടിലെത്തി അദ്ദേഹത്തിന്റെ ഭാര്യ ശാരദ ടീച്ചറെ സന്ദര്‍ശിച്ചശേഷമാണ് ഇന്നസെന്റ് പുതിയതെരുവിലെത്തിയത്. 15 മിനിറ്റോളം സംസാരിച്ചശേഷം ടീച്ചര്‍ നല്കിയ പഴം കഴിച്ച് ഇന്നസെന്റ് മടങ്ങി. വിവരമറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി നല്‍കാതെ ശാരദ ടീച്ചര്‍ ഒഴിഞ്ഞുമാറി. തെരഞ്ഞെടുപ്പ് കഴിയുംവരെ ഇനി മാധ്യമങ്ങളോട് മിണ്ടില്ലെന്ന് അവര്‍ പറഞ്ഞു. കഴിഞ്ഞദിവസം പിണറായി വിജയന് വീട്ടിലെത്തിയപ്പോള്‍ പിണറായി മുഖ്യമന്ത്രിയാകണമെന്നാണ് തന്റെ ആഗ്രഹമെന്നു ശാരദടീച്ചര്‍ പറഞ്ഞത് ഏറെ ചര്‍ച്ചയായിരുന്നു. ഇതിന്റെ പേരില്‍ മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ ടീച്ചറെ ശാസിച്ചതായും സൂചനയുണ്ട്.