സ്വത്ത് വിറ്റ് ഭാര്യയെ പഠിപ്പിച്ചു; പഠിച്ച് വലിയ ഡിഗ്രി നേടിയപ്പോള്‍ ഭാര്യയ്ക്കു തോന്നി ഇയാള്‍ തനിക്കു ചേരുന്ന ഭര്‍ത്താവല്ലെന്ന്; ഒടുവില്‍ കോടതി പറഞ്ഞ ജീവനാംശം നല്‍കാന്‍ വൃക്ക വില്‍ക്കാനൊരുങ്ങി ഭര്‍ത്താവ്

ഇപ്പോള്‍ സംഭവിക്കുന്ന വിവാഹമോചനങ്ങളില്‍ പലതിനും പിന്നില്‍ നിസാരകാര്യങ്ങളാണ്. എന്നാല്‍ മധ്യപ്രദേശിലെ വിദിഷ സ്വദേശി പ്രകാശ് അഹിര്‍വാറിന്റെ കഥ കേട്ടാല്‍ ആരുടെയും കണ്ണു നിറയും. അകന്നു കഴിയുന്ന ഭാര്യയ്ക്ക് ജീവനാംശം നല്‍കാന്‍ സ്വന്തം വൃക്ക വില്‍പ്പനയ്ക്കു വച്ചിരിക്കുകയാണ് ഈ യുവാവ്. വൃക്ക വില്‍ക്കാനുണ്ട് എന്ന പരസ്യം വിദിഷയുടെ പലഭാഗങ്ങളിലും പ്രദര്‍ശിപ്പിച്ചതോടെയാണു പ്രകാശ് ആളുകളുടെ ശ്രദ്ധാകേന്ദ്രമാകുന്നത്. കൂടുതല്‍ അന്വേഷിച്ചപ്പോള്‍ യുവാവ് കാര്യം വ്യക്തമാക്കി. പ്രതിമാസം 2200 രൂപയാണു ഭാര്യയ്ക്ക് ജീവനാംശമായി നല്‍കാന്‍ കോടതി ഉത്തരവ് ഇട്ടത്. എന്നാല്‍ സമ്പത്തും നല്ല തൊഴിലും ഇല്ലാത്ത തനിക്ക് ഈ തുക കണ്ടെത്താന്‍ കഴിയുന്നില്ലെന്നും അതുകൊണ്ടു വൃക്ക വില്‍ക്കുകയാണ് എന്നും ഇയാള്‍ പറയുന്നു.

എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അവള്‍ തന്റെ ഭാര്യയാകുന്നത്. പഠിക്കാന്‍ മിടുക്കിയായിരുന്നു. തുടര്‍ന്ന് അവളെ പഠിപ്പിച്ചു. ഡിഗ്രിയും കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ പോസ്റ്റ്ഗ്രാജ്യൂവേറ്റ് ഡിപ്ലോമയും ബിഎഡും നേടി. അതിനു ശേഷം ഞങ്ങള്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാകുകയായിരുന്നു. ഇപ്പോഴും തനിക്ക് അവളെ ഇഷ്ടമാണ് എന്നും വിവാഹമോചനം ഭാര്യയുടെ ഇഷ്ടപ്രകാരം നടക്കുന്ന കാര്യമാണ് എന്നും ഇയാള്‍ പറയുന്നു. ഭാര്യയെ പഠിപ്പിക്കാന്‍ വേണ്ടി ഇയാള്‍ തന്റെ സ്വത്തുക്കള്‍ വിറ്റിരുന്നു. പുതിയതായി പണി കഴിപ്പിച്ച വീട് ഭാര്യയുടെ പേരിലുമാണ്.

തനിക്കു ചേര്‍ന്ന് പങ്കാളിയല്ല പ്രകാശ് എന്ന തോന്നലാണ് വിവാഹമോചനത്തില്‍ എത്തിയത് എന്നു പറയുന്നു. കോടതി വിധിയെ താന്‍ മാനിക്കുന്നു എന്നും അതുകൊണ്ട് തന്നെ ജിവനാംശം നല്‍കാന്‍ താന്‍ ബാധ്യസ്ഥനാണ് എന്നും പ്രകാശ് പറയുന്നു. പണം കണ്ടെത്താന്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാത്തിനാലാണു വൃക്ക വില്‍ക്കുന്നത്. അതില്‍ എന്താണ് തെറ്റെന്നാണ് പ്രകാശിന്റെ ചോദ്യം. ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ധാരാളം ആളുകളാണ് ഭാര്യയുടെ നടപടിയെ വിമര്‍ശിച്ച് കമന്റിടുന്നത്.

Related posts