ആലക്കോട്: മലയോരത്തെ ആദ്യകാല പോലീസ് സ്റ്റേഷനുകളിലൊന്നായ ആലക്കോട് പോലീസ് സ്റ്റേഷന് അവഗണനയുടെ കയത്തിലാണ്. അറുപതോളം പോലീസുകാര്‍ വേണ്ടിടത്ത് 35 പേര് മാത്രമാണുള്ളത്. സര്‍വീസിലുള്ളവരില്‍ പലരും വിദൂരസ്ഥലങ്ങളില്നിന്നാണ് ജോലിക്കെത്തുന്നത്. ഇവര്‍ക്ക് താമസിക്കാനായി ആറു ക്വാര്‍ട്ടേഴ്സുകള്‍ സ്റ്റേഷനു സമീപത്തുണ്ട്. എന്നാല്‍ ക്വാര്‍ട്ടേഴ്സിന്റെ അവസ്ഥ പരമദയനീയമാണ്. ഓടിട്ട മേല്‍ക്കൂരയുടെ കഴുക്കോല് ചിതലരിച്ച് ഒടിഞ്ഞുവീണുകൊണ്ടിരിക്കുന്നു. ഓടുകള്‍ പകുതിയിലധികം നിലംപതിച്ചുകഴിഞ്ഞു.
തറയും ഭിത്തികളും വിണ്ടുകീറിയ നിലയിലാണ്. ഇഴജന്തുക്കളുടെ കേന്ദ്രമാണ് ഇപ്പോള്‍ ക്വാര്‍ട്ടേഴ്സുകള്‍. രണേ്ടക്കര് സ്ഥലം സ്വന്തമായുള്ള ആലക്കോട് സ്റ്റേഷനാണ് ഈ ദുരവസ്ഥ. സ്റ്റേഷന് ആവശ്യത്തിലധികം സ്ഥലമുള്ള സ്ഥിതിക്ക് പുതിയ ക്വാര്‍ട്ടേഴ്സ് നിര്‍മിക്കണമെന്നും കസ്റ്റഡിലെടുക്കുന്ന വാഹനങ്ങളടക്കം സൂക്ഷിക്കുന്നതിന് സ്ഥലം ഏര്‍പ്പെടുത്തണമെന്നും ഇതിനായി വകുപ്പുതല ഇടപെടല്‍ വേണമെന്നുമുള്ള ആവശ്യം ശക്തമാണ്.