നെയ്യാറ്റിന്‍കരയ്ക്ക് അനാരോഗ്യം സമ്മാനിച്ച് മാലിന്യക്കൂമ്പാരങ്ങള്‍

TVM-WASTEനെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ടൗണിലും പരിസരപ്രദേശങ്ങളിലും മാലിന്യക്കൂമ്പാരങ്ങള്‍ വര്‍ധിക്കുന്നു. മാലിന്യമുക്ത നഗരം എന്നത് നാട്ടുകാരുടെ സ്വപ്നവും അധികൃതരുടെ വാഗ്ദാനവും മാത്രമായി.നഗരസഭയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ തലവേദനയാണ് മാലിന്യസംസ്കരണം. നെയ്യാറ്റിന്‍കരയില്‍ അധികാരത്തില്‍ മാറിമാറിവന്ന ഭരണസമിതികള്‍ മാലിന്യനിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട് വലിയ വാഗ്ദാനങ്ങളാണ് നല്‍കിയിട്ടുള്ളത്. ഇപ്പോള്‍ അധികാരത്തിലുള്ള ഭരണസമിതിയും മാലിന്യസംസ്കരണം കാര്യക്ഷമമായി നടത്തുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. പക്ഷെ, നെയ്യാറ്റിന്‍കര ടൗണില്‍ പോലും മാലിന്യങ്ങള്‍ കൂമ്പാരമായി കിടക്കുന്നത് കാണാനാവും. നൂറു കണക്കിനു വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ കാല്‍നടയായി സഞ്ചരിക്കുന്ന വഴികളിലും അനാരോഗ്യകരമായ രീതിയില്‍ മാലിന്യം കുന്നുകൂടിയിരിക്കുന്നു.

മാംസാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. തെരുവു നായ്ക്കള്‍ ഈ മാലിന്യങ്ങളില്‍ നിന്നാണ് ആഹാരം കണെ്ടത്തുന്നത്. നഗരസഭ ഓഫീസിനു മുന്നില്‍ ഒരു ലോറി നിറച്ചും മാലിന്യം പകല്‍കാഴ്ചയാണ്. രാവിലെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ശേഖരിക്കുന്ന മാലിന്യമാണ് ഇത്. രാത്രിയില്‍ ഈ മാലിന്യം എവിടെയെങ്കിലും നിക്ഷേപിക്കുകയാണത്രെ പതിവ്. റോഡരികില്‍ നിര്‍ത്തിയിരിക്കുന്ന ഈ മാലിന്യസമൃദ്ധമായ ലോറിക്കു സമീപത്തു കൂടിയാണ് ആളുകള്‍ യാത്ര ചെയ്യുന്നത്. മഴക്കാലത്ത് റോഡില്‍ മാലിന്യങ്ങള്‍ പരക്കുന്നതും നിത്യസംഭവമാണ്. ഈ മലിനജലം ചവുട്ടി നടക്കേണ്ട ഗതികേടാണ് നഗരത്തില്‍ പലയിടത്തും. മഴക്കാല പൂര്‍വ ശുചീകരണം എന്ന പേരില്‍ നഗരസഭ പ്രഹസനമാണ് നടത്തിയതെന്ന ആക്ഷേപവും ശക്തം. 25,000 രൂപയാണ് മഴക്കാല പൂര്‍വ ശുചീകരണത്തിന് അനുവദിച്ചത്.

എന്‍ആര്‍എച്ച്എം, ശുചിത്വ മിഷന്‍ എന്നിവയ്‌ക്കൊപ്പം നഗരസഭയുടെ വിഹിതവും ചേര്‍ന്നതാണ് ഈ തുക. നഗരസഭയുടെയും ശുചിത്വ മിഷന്റെയും ഫണ്ട് ഉപയോഗിച്ച് വാര്‍ഡുകളില്‍ മഴക്കാല പൂര്‍വ ശുചീകരണ പ്രവൃത്തികള്‍ ചെയ്തുവെന്ന് ചില കൗണ്‍സിലര്‍മാര്‍ പറഞ്ഞു. പക്ഷെ, ഈ തുക അപര്യാപ്തമാണെന്നും പറയപ്പെടുന്നു. എന്‍ആര്‍എച്ച്എമ്മിന്റെ ഫണ്ട് ഇതുവരെ ലഭിച്ചില്ലെന്നും ആരോപണമുണ്ട്.

ഓടകള്‍ പലയിടത്തും വൃത്തിയാക്കിയിട്ടില്ല. ഇതും മഴക്കാലത്ത് തദ്ദേശവാസികള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. മഴവെള്ളവുമായി കലര്‍ന്ന് ഓടയിലെ മലിനജലം ഒഴുകുന്നതും അന്തരീക്ഷം രോഗാതുരമാക്കുന്നതായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. നഗരസഭയുടെ പ്രവേശന വാര്‍ഡുകളായ വഴിമുക്ക് മുതല്‍ അമരവിള വരെയും ദേശീയപാതയോരത്ത് മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ നിലയില്‍ കാണാം. റോഡരികില്‍ പടര്‍ന്നു പിടിച്ചിരിക്കുന്ന കാടും പടര്‍പ്പും മാലിന്യസങ്കേതങ്ങളാണ്.

Related posts