പത്തനാപുരം മണ്ഡലത്തിലെ എട്ട് പഞ്ചായത്തിലും ഗണേഷ്കുമാറിന് ആധിപത്യം

Ganeshപത്തനാപുരം:നിയോജക മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും സമഗ്രാധിപത്യം പുലര്‍ത്തി ഇടതുമുന്നണി.പരമ്പരാഗത വലതുകോട്ടകളിലും വിള്ളലുണ്ടാക്കി കേരളാ കോണ്‍ഗ്രസും(ബി) മേഖലയില്‍ ശക്തി തെളിയിച്ചിരിക്കുകയാണ്.2011ല്‍ പിറവന്തൂര്‍,പത്തനാപുരം,പട്ടാഴി,പട്ടാഴി വടക്കേക്കര, തലവൂര്‍,വിളക്കുടി,മേലില,വെട്ടിക്കവല പഞ്ചായത്തുകളില്‍ യുഡിഎഫിന് ഭൂരിപക്ഷം ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ഈ പഞ്ചായത്തുകളിലെല്ലാം വലിയ ഭൂരിപക്ഷം ഇടതുമുന്നണി സ്ഥാനാര്‍ത്ഥി നേടി.വലിയ അടിയൊഴുക്കിലൂടെ മണ്ഡലം നിലനിര്‍ത്താനാകുമെന്ന യുഡിഎഫ് ക്യാമ്പിന്റെ പ്രതീക്ഷകളെപ്പോലും ഇത് ഞെട്ടിച്ചു.

പിറവന്തൂരില്‍ 3514,പത്തനാപുരത്ത് 3202 ,പട്ടാഴിയില്‍ 1527,പട്ടാഴി വടക്കേക്കരയില്‍ 1928 ,തലവൂരില്‍ 3528 ,വിളക്കുടിയില്‍ 3635,മേലിലയില്‍ 1716 ,വെട്ടിക്കവലയില്‍ 4983 വോട്ടുകളുടെ ഭൂരിപക്ഷമാണ് എല്‍ഡിഎഫിന് ലഭിച്ചത്.ഇതില്‍ വെട്ടിക്കവല യുഡിഎഫിന്റെ ഉറച്ച കോട്ടയാണ്.യുഡിഎഫ് ഭരിക്കുന്ന ഏക പഞ്ചായത്തായ വെട്ടിക്കവലയിലാണ് ഗണേഷിന് ഏറ്റവുമധികം ഭൂരിപക്ഷം ലഭിച്ചത്.ഇത് കൂടാതെ യുഡിഎഫിന് സ്വാധീനമുള്ള പഞ്ചായത്തുകളായ പിറവന്തൂരിലും,തലവൂരിലും,പട്ടാഴിയിലും കോട്ട തകര്‍ത്ത് ഇടത്  മുന്നേറ്റമുണ്ടായപ്പോള്‍ മുതല്‍ വലിയ ഞെട്ടലിലാണ് യുഡിഎഫ് നേതൃത്വം.

ന്യൂനപക്ഷ വോട്ടുകളും ഇത്തവണ എല്‍ഡിഎഫിനൊപ്പം നിന്നുവെന്നതാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.തെന്മല,ആര്യങ്കാവ് പഞ്ചായത്തുകള്‍ പുനലൂര്‍ മണ്ഡലത്തോട് ചേര്‍ത്ത ശേഷം കൊട്ടാരക്കരയില്‍ നിന്നും മേലില,വെട്ടിക്കവല പഞ്ചായത്തുകള്‍ പത്തനാപുരത്ത് എത്തിയതോടെ ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള മണ്ഡലമായി പത്തനാപുരം മാറി.എങ്കിലും ഈ മേഖലകളിലും മുന്‍തൂക്കമുണ്ടാക്കാന്‍ യുഡിഎഫിന്കഴിഞ്ഞില്ല. ഗണേഷന്റെ സ്വാധീനമല്ലെന്നും,സംസ്ഥാനമാകെയുണ്ടായ ഇടതുമുന്നേറ്റത്തിന്റെ ഭാഗമായുള്ള പരാജയമാണെന്നും യുഡിഎഫ് നേതാക്കള്‍ പറയുന്നു.

എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ യുഡിഎഫിലുണ്ടായ അസ്വാരസ്യം മറനീക്കി പുറത്ത് വന്നതോടെ വലിയൊരു വിഭാഗം പ്രവര്‍ത്തകരും പ്രതിഷേധത്തിലാണ്.ഒരു മേഖല മാത്രം കേന്ദ്രീകരിച്ചുള്ള നേതാക്കള്‍ മുന്നണിയ്ക്ക് ഭാരമാണെന്നും,ഇത്തരക്കാര്‍ യുവാക്കളെ പാര്‍ട്ടിയില്‍ നിന്നകറ്റുകയാണെന്നുമുള്ള ആക്ഷേപവും പരാജയത്തോടെ കോണ്‍ഗ്രസില്‍ ശക്തമായിട്ടുണ്ട്.

ഗണേഷിനെ പരാജയപ്പെടുത്തുക എന്നതിലുപരി സ്വന്തം താല്പര്യം സംരക്ഷിക്കുക എന്ന ലക്ഷ്യമായിരുന്നു ,പലര്‍ക്കുമെന്ന ആരോപണവും നേതാക്കള്‍ക്കെതിരെയുണ്ട്.എന്തായാലും കിഴക്കന്‍ മേഖലയിലെ ഇടതുമുന്നണിയിലും സ്വാധീനം ചെലുത്താന്‍ കഴിവുള്ള ശക്തിയായി ഗണേഷനും,കേരളാ കോണ്‍ഗ്രസ്(ബി)യും മാറിയതോടെ കഴിഞ്ഞ പ്രതിഷേധങ്ങള്‍ മറക്കാന്‍ അണികളെ സജ്ജരാക്കാനുള്ള തയാറെടുപ്പിലാണ് മുന്നണി നേതൃത്വം.

Related posts