പരവൂരിലെ സുനാമി കോളനിയില്‍ സംയുക്ത പരിശോധന; ഫഌറ്റുകള്‍ വാടകക്ക് നല്‍കിയവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

KLM-0SUNAMIപരവൂര്‍:  സുനാമി കോളനിയിയില്‍ റവന്യൂ, പോലീസ്, എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ സംയുക്ത പരിശോധനയില്‍ 26 ഫഌറ്റുകള്‍ ഗുണേഭോക്താക്കള്‍ വാടകക്ക് നല്‍കിയിരിക്കുന്നതായും 55 ഫഌറ്റുകള്‍ ദീര്‍ഘനാളായി പൂട്ടിക്കിടക്കുന്നതായും  സ്ഥിരീകരിച്ചു. ഫഌറ്റ് പരിസരത്ത്  50 ഗ്രാം കഞ്ചാവ് കണ്ടെത്തി.

ഫഌറ്റുകള്‍ വാടകക്ക് കൊടുത്ത ഗുണഭോക്താക്കള്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. കോളനിയില്‍നിന്ന് ഒഴിപ്പിക്കാതിരിക്കുന്നതിന് കാരണമുണ്ടെങ്കില്‍ ഏഴു ദിവസത്തിനുള്ളില്‍ ജില്ലാ കളക്ടറെ ബോധിപ്പിക്കണമെന്നാണ്  നോട്ടിസില്‍ നിര്‍ദേശിച്ചിട്ടുള്ളത്. പൂട്ടിക്കിടക്കുന്ന ഫഌറ്റുകളുടെ ഉടമകളുടെ വിശദാംശങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും  ഇവര്‍ക്ക് ഉടന്‍ നോട്ടീസ് നല്‍കുമെന്നും ആര്‍ ഡി ഒ വി.ആര്‍. വിനോദ്  പറഞ്ഞു.

കോളനി വളപ്പിലെ പട്ടിക്കൂടിനുള്ളില്‍നിന്നാണ്  കഞ്ചാവ് കണ്ടെത്തിയത്. ഇത് ഇവിടെ സൂക്ഷിച്ചവരെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. ആകെ 248 ഫഌറ്റുകളാണ് ഇവിടെയുള്ളത്. വാടകക്ക് കൊടുത്ത ഫഌറ്റുകളില്‍ സാമൂഹ്യവിരുദ്ധരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരും താമസിക്കുന്നതായും മയക്കുമരുന്ന് ഇടപാടുകള്‍ നടക്കുന്നതായും വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം ഇന്നലെ സംയുക്ത സംഘം  പരിശോധന നടത്തിയത്.

Related posts