പിഐപി ഭൂമിയിലെ കൈയേറ്റം ഒഴിപ്പിച്ചു; മരങ്ങള്‍ മുറിച്ചുമാറ്റി

ALP-KAIETTAMകോഴഞ്ചേരി: പിഐപി ഭൂമി കൈയേറി ഷെഡ് നിര്‍മിച്ച് കന്നുകാലികളെ വളര്‍ത്തിയത് പോലീസ് സഹായത്തോടെ ഒഴിപ്പിച്ചു. തിരുവല്ല -കുമ്പഴ സംസ്ഥാനപാതയിലെ പുല്ലാട് ജംഗ്ഷന് 100 വാര അകലെയാണ് പിഐപിയുടെ വലതുകര കനാലിന്റെ ഇടതുഭാഗത്തെ കൈയേറ്റം ഒഴിപ്പിച്ചത്. പിഐപി കോഴഞ്ചേരി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ പി. എസ്. കോശി, ഇരവിപേരൂര്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ ടി. രാജന്‍ , ഓവര്‍സിയര്‍ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലുള്ള വകുപ്പുതല ഉദ്യോഗസ്ഥരും കോയിപ്രം എസ്‌ഐ സലിമിന്റെ നേതൃത്വത്തിലുള്ള പോലീസും മണിയാറിലുള്ള പോലീസിന്റെ സായുധ ക്യാമ്പിലുള്ള സേനാ അംഗങ്ങളും സംയുക്തമായിട്ടാണ്  ഒഴിപ്പിക്കല്‍ പ്രക്രിയ ഇന്നലെ രാവിലെ 11 ന് നടത്തിയത്.

വലതുകര കനാലിന്റെ ഒരു ഭാഗം ഏകദേശം എട്ടു സെന്റോളം  സ്ഥലം വര്‍ഷങ്ങളായി ഒരു സ്വകാര്യ വ്യക്തി കൈയേറി  ഷെഡ് നിര്‍മിച്ച് കന്നുകാലികളെ വളര്‍ത്തുകയും ഇതിനോടൊപ്പം സ്വകാര്യ വാഹനങ്ങളുടെ വര്‍ക്ക് ഷോപ്പും,  ടയര്‍ കച്ചവടവും നടത്തിയിരുന്നു. വര്‍ക്‌ഷോപ്പിലെ മലിനജലവും കന്നുകാലികളുടെ വിസര്‍ജ്യവസ്തുക്കളും കനാലിലേക്കാണ് ഒഴുക്കിയിരുന്നതെന്നും പരാതിയുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് ഷെഡുകള്‍ പൊളിച്ചു നീക്കി ഒഴിയണമെന്ന് പിഐപി അധികൃതര്‍ നേരിട്ടും രേഖാമൂലവുമായി  മൂന്നു തവണ ആവശ്യപ്പെട്ടിട്ടും ഒഴിയാന്‍ തയാറായിരുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു.

എന്നാല്‍, തന്നെ ബോധപൂര്‍വം ഒഴിപ്പിക്കുകയാണെന്നും ഇത് നിരോധിക്കണമെന്നും ആവശ്യപ്പെട്ട്  തിരുവല്ല സബ് കളക്ടര്‍ക്ക് ഇയാള്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുകയും  കൈയേറിയ സ്ഥലം യുദ്ധകാലാടിസ്ഥാനത്തില്‍ ഒഴിപ്പിക്കണമെന്ന് സബ് കളക്ടര്‍ ഡോ. ശ്രീറാം വെങ്കിട്ടരാമന്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒഴിപ്പിക്കല്‍ പ്രക്രിയ നടത്തിയതെന്ന്  അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ പി. എസ്. കോശി പറഞ്ഞു. ഒഴിപ്പിക്കലിന്റെ ഭാഗമായെത്തിയവര്‍ കനാല്‍ പുറമ്പോക്കിലെ മരങ്ങള്‍ കൂടി നശിപ്പിച്ചതായും പരാതിയുണ്ട്. തണല്‍ മരങ്ങള്‍ ഉള്‍പ്പെടെ നശിപ്പിച്ചവയില്‍പ്പെടുന്നു. മഞ്ഞനിക്കര തീര്‍ഥാടകരുടെ വിശ്രമകേന്ദ്രം കൂടിയായിരുന്നു സ്ഥലം.

Related posts