പിറവം: നഗരസഭ പ്രദേശത്തെ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന എല്ലാ ക്യാമ്പുകള്‍ അടപ്പിക്കുന്നു. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് മേഖലയിലെ മുഴുവന്‍ അന്യസംസ്ഥാന ക്യാമ്പുകളും പ്രവര്‍ത്തിക്കുന്നതെന്ന് ഇന്നലെ നഗരസഭയുടേയും, എക്സൈസ്, പോലീസ്, ആരോഗ്യ വകുപ്പ് അധികൃതരുടെ സംയുക്ത പരിശോധനയില്‍ കണ്ടെത്തിയതിനേത്തുടര്‍ന്നാണ് നീക്കം. നഗരസഭയുടെ പരിധിയിലുള്ള ഭൂരിഭാഗം ക്യാമ്പുകളും ഇന്നലെ പരിശോധന നടത്തിയിരുന്നു. ഇനി ഏതാനും ക്യാമ്പുകള്‍ മാത്രമാണ് പരിശോധിക്കാനുള്ളത്. ഇന്നലെ പരിശോധന നടത്തിയ ക്യാമ്പുകളെല്ലാം പൂട്ടുന്നതിന് ഇന്ന് നോട്ടീസ് നല്‍കുമെന്ന് നഗരസഭ ചെയര്മാന് സാബു കെ. ജേക്കബ് പറഞ്ഞു.
പിറവം പഴയ പമ്പിന് സമീപമുള്ള ഒരു ക്യാമ്പ് മാത്രമാണ് വൃത്തിയായി കാണാന്‍ സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടിഞ്ഞുവീഴാറായ കെട്ടിടങ്ങളിലും, പുരയിടങ്ങളില്‍ ഷെഡുകള്‍ നിര്‍മിച്ചുമാണ് അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്നത്. ഭക്ഷണം പാകം ചെയ്യുന്നതും, കിടുന്നുറങ്ങുന്നതും ഒറ്റ മുറിക്കുള്ളിലാണ്. തീര്‍ത്തും ശുചിത്വമില്ലാത്ത അന്തരീക്ഷമാണ് ഇവിടങ്ങളിലെല്ലാം. ഇവര്‍ക്കുള്ള ശുചിമുറികളെല്ലാം ഏറെ വൃത്തിഹീനമായാണ് കിടക്കുന്നത്. മിക്ക ക്യാമ്പുകളിലും കെട്ടിടങ്ങള്‍ക്ക് ചുറ്റും മലിന ജലം കെട്ടിക്കിടക്കുകയാണ്.
ഇരുപതും, ഇരുപത്തിയഞ്ചും പേര് താമസിക്കുന്ന സ്ഥലത്ത് ഒരു ശുചിമുറി മാത്രമാണുള്ളത്. ഇതാണങ്കില്‍ വൃത്തിയുള്ളതുമല്ല. പാലച്ചുവടിന് സമീപമുള്ള ഒരു ക്യാമ്പിലെ കക്കൂസ് കുഴിയില്‍ നിന്നുമുള്ള കുഴല്‍ തുറന്നിരിക്കുന്നത് പാലച്ചുവട് വലിയ തോട്ടിലാക്കാണന്ന് ഇന്നലെ കണ്ടെത്തി. ഈ തോട്ടിലൂടെ ഒഴുകുന്ന ജലം പിറവം പുഞ്ചയിലേക്കാണ് എന്നത്. കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്ന് നഗരസഭ സെക്രട്ടറി പി.ആര്. മോഹന്‍കുമാര്‍ പറഞ്ഞു.
തൊഴിലാളികള്‍ മാലിന്യങ്ങള്‍ ക്യാമ്പിന് സമീപം കൂട്ടിയിട്ടിരിക്കുകയാണ്. മഴക്കാലമായതിനാല്‍ ഇത് അഴുകി അസഹ്യമായ ദുര്‍ഗന്ധമാണ് വമിക്കുന്നത്. കളമ്പൂരില്‍ തൊഴിലാളികളുടെ മലിന്യ വസ്തുക്കള്‍ നിക്ഷേപിക്കുന്നതിന് പുരയിടത്തില്‍ കുഴി ഉണ്ടാക്കിയിരിക്കുകയാണ്. ഇതില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നുണ്ട്. ഡെങ്കപ്പനിയടക്കമുള്ള പകര്‍ച്ച വ്യാധികള്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മലിനമായ അന്തരീക്ഷമാണ് പല സ്ഥലങ്ങളിലുമുള്ളത്. ക്യാമ്പുകളെല്ലാം രണ്ട് ദിവസം കൊണ്ട് പൂര്‍ണമായും അടച്ച് പൂട്ടാനാണ് നഗരസഭ അധികൃതരുടെ തീരുമാനം.