ഫ്‌ളാറ്റ് നിര്‍മാണം: ഡിഎല്‍എഫിനെ അനുകൂലിച്ച് കേന്ദ്ര റിപ്പോര്‍ട്ട്

ekm-dlfകൊച്ചി : എറണാകുളത്ത് ചിലവന്നൂരില്‍ തീരദേശ പരിപാലന നിയമത്തിലെ വ്യവസ്ഥകള്‍ക്കു വിധേയമായാണ് ഡിഎല്‍എഫ് ഫഌറ്റ് സമുച്ചയം നിര്‍മിച്ചതെന്നും കെട്ടിട നിര്‍മാണത്തില്‍ സംസ്ഥാന പരിസ്ഥിതി ആഘാത പഠന അഥോറിറ്റിയുടെ വ്യവസ്ഥകള്‍ പാലിച്ചിട്ടുണെ്ടന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഹൈക്കോടതിയില്‍ വ്യക്തമാക്കി.    ചിലവന്നൂരില്‍ കായല്‍ കൈയേറിയാണ് ഡിഎല്‍എഫ് ഫഌറ്റ് നിര്‍മിച്ചതെന്ന ഹര്‍ജിയില്‍ ഹൈക്കോടതി സിംഗിള്‍ബെഞ്ച് ഫഌറ്റ് സമുച്ചയം പൊളിച്ചു കളയാന്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഡിഎല്‍എഫ് കമ്പനി നല്‍കിയ അപ്പീലിലാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സതേണ്‍ സോണല്‍ അഡൈ്വസര്‍ ഡോ. എസ്.കെ സുസര്‍ല ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നല്‍കിയത്.

കേരള തീരദേശ പരിപാലന അഥോറിറ്റിയുടെ സബ് കമ്മിറ്റി 2009 ഒക്ടോബര്‍ 29 ന് പദ്ധതി പ്രദേശം സന്ദര്‍ശിച്ചിരുന്നു. പദ്ധതി പ്രദേശത്ത് വേലിയേറ്റരേഖ മുതല്‍ (ഹൈ ടൈഡ് ലൈന്‍) അംഗീകൃത പാര്‍പ്പിട സമുച്ചയത്തിലേക്കുള്ള  ദൂരം 13.5 മീറ്ററാണ്. ഇതു പാലിച്ചുള്ള ഡിഎല്‍എഫിന്റെ ഫഌറ്റ് സമുച്ചയത്തിന് അനുമതിക്കായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് ശിപാര്‍ശ നല്‍കാന്‍ കേരള തീരദേശ പരിപാലന അഥോറിറ്റി തീരുമാനിച്ചിരുന്നു. അഥോറിറ്റിയുടെ ശിപാര്‍ശയില്‍ പരിസ്ഥിതി ആഘാത പഠന അഥോറിറ്റി ചില വ്യവസ്ഥകളോടെ നിര്‍മാണത്തിന് അനുമതി നല്‍കി.

ഈ വ്യവസ്ഥകള്‍ പാലിച്ചിട്ടുണെ്ടന്നും കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. തീരദേശ പരിപാലനനിയമം ലംഘിച്ചെന്ന കണെ്ടത്തലിനെ തുടര്‍ന്ന് ചിലവന്നൂരിലെ ഡിഎല്‍എഫിന്റെ ഫഌറ്റ് സമുച്ചയത്തിന്റെ ഭാഗങ്ങള്‍ പൊളിച്ചുനീക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ കെട്ടിടനിര്‍മാതാക്കള്‍ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ പരിഗണിക്കപ്പെടേണ്ട സാങ്കല്പികരേഖ സംബന്ധിച്ച വ്യക്തതയ്ക്കായാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ കേസില്‍ കോടതി കക്ഷി ചേര്‍ത്തത്.

വേലിയേറ്റ രേഖയ്ക്ക് സമാന്തരമായി വരയ്ക്കുന്ന സാങ്കല്‍പ്പികരേഖ മലിനജല കനാലിനെ കടന്നുപോകുന്നുണ്ട്. എന്നാല്‍ സാങ്കല്‍പ്പികരേഖ ജലാശയത്തെ കീറി മുറിക്കരുതെന്ന വ്യവസ്ഥ ഇവിടെ ബാധകമാക്കേണ്ടതില്ല. വീതികുറഞ്ഞതാണ് മലിനജല കനാല്‍ അതിനാല്‍ ഇത് കനാലിനെ മുറിച്ച് കടന്നുപോകുന്നതായി കണക്കാക്കാനാകില്ല. നിര്‍മാണം സാങ്കേതികമായി നിയമവിധേയമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Related posts