ബോംബേറില്‍ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകന്റെ കാല്‍ മുറിച്ചുമാറ്റി; പരിക്കേറ്റത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന അക്രമ പരമ്പരകള്‍ക്കിടെ

bjoകുറ്റിയാടി: ബോംബേറില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിജെപി പ്രവര്‍ത്തകന്റെ കാല് മുറിച്ചു മാറ്റി. വിലങ്ങാട് വടക്കേവീട്ടില്‍ മണിയുടെ വലതു കാലാണ് മുറിച്ചു മാറ്റിയത്. കഴിഞ്ഞ 20നായിരുന്നു മണി ആക്രമിക്കപ്പെട്ടത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രദേശത്ത് നടന്ന അക്രമ പരമ്പരകള്‍ക്കിടെയാണ് മണിക്ക് പരിക്കേറ്റത്.

20ന് മറ്റൊരു ബിജെപി പ്രവര്‍ത്തകനായ തേക്കുള്ളതില്‍ പ്രേമനെ തന്റെ ബന്ധുവീട്ടിലേക്ക് പോകുംവഴി ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞ് ആക്രമിക്കുന്നത് കണ്ട് തടയാന്‍ എത്തിയതായിരുന്നു മണി. പ്രേമനെ ബോംബെറിഞ്ഞശേഷം സംഘം പിന്തുടര്‍ന്ന് വെട്ടാന്‍ ശ്രമിക്കുന്നതിനിടെ ബഹളം കേട്ട് ഓടിയെത്തിയ മണിക്ക് നേരെയും ബോംബെറിയുകയായിരുന്നു.

ബോംബേറില്‍ ഗുരുതര പരിക്കേറ്റ മണിയെ ഉടന്‍ കുറ്റിയാടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. എന്നാല്‍ ബോംബേറില്‍ സാരമായി പരിക്കേറ്റ മണിയുടെ കാല് ചിതറിയ നിലയിലായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കാല് മുറിച്ചു മാറ്റേണ്ടി വരുമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ മണിയെ വിദഗ്ദ ചികിത്സയ്ക്കായി പാലക്കാട്ടേക്ക് കൊണ്ടുപോയിരുന്നു.

പാലക്കാട്ടെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും കാല് ശരീരത്തില്‍ നിലനിര്‍ത്താനാകില്ലെന്ന് വിധി എഴുതി. തുടര്‍ന്ന് കഴിഞ്ഞ ദിവസം വീണ്ടും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് കാല് മുറിച്ചു മാറ്റി. സംഭവത്തില്‍ 15ഓളം സിപിഎം പ്രവര്‍ത്തകര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുറ്റിയാടി,നാദാപുരം ഭാഗങ്ങളില്‍ നടന്ന അക്രമങ്ങളില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നിരവധി പ്രവര്‍ത്തകരാണ് റിമാന്‍ഡില്‍ കഴിയുന്നത്.

Related posts