ഭാവി തലമുറയ്ക്കായി രണ്ടര ഏക്കര്‍ സ്വാഭാവിക വനം സൃഷ്ടിക്കുന്നു

pkd-vanamചിറ്റൂര്‍: തെക്കേ ഇന്ത്യയിലെ മരം നടുന്നവരുടെ കൂട്ടായ്മ പാലക്കാട് വിളയോടി നമ്പൂരിച്ചള്ളയില്‍ രണ്ടര ഏക്കര്‍ ഭൂമി സ്വാഭാവിക വനമാക്കി മാറ്റുന്നതിനുള്ള ദവ്ത്യം ഏറ്റെടുത്ത് പ്രവര്‍ത്തനം തുടങ്ങി. ഇതിനുള്ള സാങ്കേതിക പരിജ്ഞാനവും വൃക്ഷത്തൈകളുമായി പോണ്ടിച്ചേരി ആരോവില്‍ ഫൗണ്ടേഷനിലെ ആരണ്യ ഫോറസ്‌റ് ആന്‍ഡ് സാങ്ക്ച്വറിയിലെ ശരവണനും സംഘവുമെത്തി. വിളയോടി നമ്പൂരിച്ചള്ളയിലെ ഹരിസിതാര ദമ്പതികളുടെ രണ്ടര ഏക്കര്‍ തരിശുഭൂമിയാണ് വനമാക്കി മാറ്റുന്നതിന് സന്നദ്ധത പ്രകടിപ്പിച്ചത്. അവരുടെ മകന്‍ ആദര്‍ശ് കൃഷ്ണ നമ്മുടെ നാട്ടില്‍ നിന്നും അന്യം നിന്നുപോകുന്ന കരിങ്ങാലി മരത്തൈ നട്ട് സ്വന്തം ഭാവി തലമുറകള്‍ക്കായി വനവല്‍ക്കരണ യജ്ഞത്തിന് തുടക്കം കുറിച്ചു.

സ്ഥല ദേവതകള്‍ക്കും സ്ഥലത്തെ സര്‍പ്പക്കാവിലും  ആചാര മര്യാദകള്‍ നടത്തിയതിനു ശേഷമാണ് തൈകള്‍ നടുന്നതിന് തുടക്കം കുറിച്ചത്; വൈല്‍ഡ്‌ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ദക്ഷിണേന്ത്യന്‍ കോ ഓര്‍ഡിനേറ്ററായ എസ് ഗുരുവായൂരപ്പന്‍ അധ്യക്ഷത വഹിച്ച കര്‍മത്തില്‍ പ്രകൃതി മിത്ര ശ്യാം തേങ്കുറിശ്ശി, ആശ്രയം സെക്രട്ടറി വൈശാഖ് കൃഷ്ണന്‍, ആര്‍ട് ഓഫ് ലിവിങ് അന്താരാഷ്ട്ര ധ്യാന പരിശീലകന്‍ അനുഷ്കുമാര്‍, സജു സ്വാമിനാഥന്‍, ഗോപാല കൃഷ്ണന്‍, വി എം ഷണ്‍മുഖദാസ്, മാങ്ങോട് ബൈജു, കരിപ്പോട് രതീഷ്, ആരണ്യ രാജ, ആരണ്യ വിവേക്, എന്നിവര്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.  ആശ്രയം റൂറല്‍ ഡെവലപ്‌മെന്‍റ് സൊസൈറ്റിയുടെ ജ്യോതിര്‍ഗമയ സൗജന്യ ബിരുദ വിദ്യാഭ്യാസ പദ്ധതിയുടെ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് രൂപ രേഖ തയാറാക്കി.

പാലക്കാട് ജില്ലയില്‍ അന്യം നിന്നുകൊണ്ടിരിക്കുന്ന തനത് സസ്യങ്ങളായ കരിങ്ങാലി, ഇലിപ്പ, കരിമ്പന, മുള, രക്ത ചന്ദനം, വേങ്ങ, ഈട്ടി മഞ്ഞപ്പാവട്ട, കണിക്കൊന്ന, നാട്ടു മാവ്, തുടങ്ങിയ ഇനങ്ങളാണ് ആദ്യ ഘട്ടത്തില്‍ രണ്ടര ഏക്കര്‍ ഭൂമിയില്‍ നട്ടുപിടിപ്പിച്ചത് . മറ്റു സംഘടനകളുടെയും, ശാസ്ത്രജ്ഞരുടെയും  സഹായത്തോടെ ഇവിടുത്തെ ജൈവ വൈവിധ്യ രജിസ്റ്റര്‍ തയാറാക്കുകയാണ് അടുത്ത ഘട്ടം.അഞ്ചു വര്‍ഷം കൊണ്ട് ഗവേഷണ യോഗ്യമായ സ്വാഭാവിക വനം സൃഷ്ടിക്കലാണ്. സംഘാടകരുടെ ലക്ഷ്യം  വിജയകരമാക്കാവുന്ന ഈ മാതൃക സ്വീകരിച്ച് സര്‍ക്കാറിന്റെ കൈവശമുള്ള തരിശുഭൂമികളും സ്വാഭാവിക വനമാക്കുന്നതിനുള്ള അപേക്ഷയുമായി സര്‍ക്കാരിനെ സമീപിക്കുവാന്‍  തെക്കേ ഇന്ത്യയിലെ മരങ്ങള്‍ നടന്നവരുടെ കൂട്ടായ്മ തീരുമാനിച്ചു.

Related posts