ഇരിട്ടി: മട്ടന്നൂര്‍ ആസ്ഥാനമായി റൂറല്‍ എസ്പിയുടെ ഓഫീസ് വരുന്നു. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി പ്രഖ്യാപനം ഉടനുണ്ടാകും. കണ്ണൂര്‍ കോര്‍പറേഷനായതോടെ ജില്ലാ പോലീസ് മേധാവിയുടെ ആസ്ഥാനം സിറ്റിപോലീസ് കമ്മീഷണറേറ്റാകും. മാത്രമല്ല കമ്മീഷണറാകുന്നതു നേരിട്ട് ഐപിഎസ് ലഭിച്ചയാളുമായിരിക്കും. മട്ടന്നൂരില്‍ സ്ഥാപിക്കുന്നതിനോടാണു സിപിഎം നേതൃത്വത്തിനും ആഭ്യന്തരവകുപ്പിനും താല്പര്യം. സ്ഥലം എംഎല്‍എയും മന്ത്രിയുമായ ഇ.പി. ജയരാജനാണ് ഇപ്പോള്‍ റൂറല്‍ എസ്പി ആസ്ഥാനം മട്ടന്നൂരില്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്നത്.
റൂറല്‍ എസ്പി ഓഫീസ് വന്നാല്‍ കൂടുതല്‍ സായുധ പോലീസിനേയും അനുബന്ധ സൗകര്യവും കിട്ടുമെന്നതിനാല്‍ മലയോരത്തുള്‍പ്പെടെ കൂടുതല്‍ സേനയെ ക്രമസമാധാനപാലനത്തിനു ലഭിക്കും. തലശേരി, തളിപ്പറമ്പ്, ഇരിട്ടി സബ് ഡിവിഷനുകളാണു മട്ടന്നൂര്‍ റൂറലില്‍ വരിക. മട്ടന്നൂര്‍ വിമാനത്താവളം ഉള്‍പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി റൂറല്‍ എസ്പി ആസ്ഥാനം ഉടന്‍ യാഥാര്‍ഥ്യമാക്കാനാണു സര്‍ക്കാര്‍ നീക്കം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണു കോര്‍പ്പറേഷനുകള്‍ രൂപീകരിച്ചതെങ്കിലും റൂറല്‍ എസ്പി ഓഫീസ് സംബന്ധിച്ച് തീരുമാനം ഉണ്ടായിരുന്നില്ല. നിയുക്ത റൂറല്‍ എസ്പിയുടെ പരിധിയിലാണു കൂടുതലും രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടാകുന്നതെന്നതിനാല്‍ തന്നെ ഈ ഓഫീസ് രൂപീകരണത്തിനും പ്രധാന്യമേറെയുണ്ട്.