മണിയുടെ മരണം: ദുരൂഹതകള്‍ അവസാനിക്കുന്നില്ല; ആന്തരികാവയവങ്ങളുടെ പരിശോധനാഫലം കാത്ത് പോലീസ്

maniസ്വന്തം ലേഖകന്‍

ചാലക്കുടി: കലാഭവന്‍ മണിയുടെ മരണം സംഭവിച്ചിട്ട് ഒരു മാസം പിന്നിട്ടു. മരണം സംബന്ധിച്ചുണ്ടായ വിവാദങ്ങളും ദുരൂഹതകളും ഇനിയും അവസാനിച്ചിട്ടില്ല. കഥ കള്‍ക്കും അവസാനമായില്ല. പോലീസിന്റെ അന്വേഷണവും തുടരുകയാണ്. കേന്ദ്ര ഫോറന്‍സിക് ലബോറട്ടറിയില്‍നി ന്നും ആന്തരികാവയവങ്ങളുടെ പരിശോധനാഫലം കാത്തിരിക്കയാണ് പോലീസ്. മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെയും മെഥനോളിന്റെയും അംശം കണ്ടെത്തിയതാണ് മരണകാരണത്തെച്ചൊല്ലി സംശയങ്ങളുണ്ടാകാന്‍ കാരണം.

മാര്‍ച്ച് ആറിനു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മണി മരിച്ചത്. ശരീരത്തില്‍ വിഷാംശം കണ്ടതിനാല്‍ പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിരുന്നു. കാക്കനാട് റീജണല്‍ കെമിക്കല്‍ അനാലിസിസ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ ആന്തരികാവയവങ്ങളില്‍ കീടനാശിനിയായ ക്ലോര്‍പൈറിഫോസിന്റെ അംശം കണ്ടതോടെ മരണത്തില്‍ സംശയം കൂടുതല്‍ ശക്തമായി. ഇതിനിടെ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി.രാമകൃഷ്ണന്‍ മണിയുടെ മരണത്തില്‍ സംശയം പ്രകടിപ്പിക്കുകയും മണിയുടെ സഹായികള്‍ക്കു മരണവുമായി ബന്ധമുണ്ടെന്നു പരാതിപ്പെടുകയും ചെയ്തു. ഇതോടെ മണിയുടെ മരണം കൊലപാതകമാണെന്നു സംശയം ഉയര്‍ന്നു.

പോലീസ് മണിയുടെ സഹായികള്‍ ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കൂടാതെ മണി ക്യാമ്പ് ചെയ്യുന്ന പാഡിയില്‍ വന്നുപോയിരുന്ന സിനിമാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ സംശയത്തിന്റെ നിഴലിലായി. നിരവധി പേരെ ചോദ്യം ചെയ്‌തെങ്കിലും കൊലപാതകമാണെന്നു സംശയിക്കുന്ന സാഹചര്യങ്ങളിലേക്കു പോലീസ് എത്തിയില്ല. കസ്റ്റഡിയിലെടുത്തവരെ പല സ്ഥലങ്ങളില്‍ വച്ച് മാറിമാറി ചോദ്യം ചെയ്‌തെങ്കിലും മൊഴിയില്‍ മാറ്റം ഉണ്ടായില്ല

മണിയുടെ മരണം കരള്‍രോഗം മൂലമാണെന്ന നിഗമനത്തില്‍ പോലീസ് എത്തിയതായാണ് ഒടുവിലത്തെ സൂചന. എന്നാല്‍ കേന്ദ്ര ഫോറന്‍സിക് ലബോറട്ടറിയുടെ പരിശോധനാഫലം കൂടി ലഭിച്ചശേഷമേ പോലീസ് അന്തിമമായി തീരുമാനമെടുക്കുകയുള്ളൂ. അമിതമായ മദ്യപാനത്തിന് അടിമയായിരുന്ന മണിക്കു നേരത്തെ മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. മദ്യം ഉപയോഗിക്കരുതെന്നു ഡോക്ടര്‍മാര്‍ കര്‍ശനനിര്‍ദേശം നല്‍കി. ഇതിനിടയില്‍ മാനസിക അസ്വാസ്ഥ്യം ഉണ്ടാകുകയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിക്കുകയും ചെയ്തിരുന്നു.

കരള്‍രോഗം കണ്ടെത്തിയതിനെതുടര്‍ന്നു മദ്യം ഉപയോഗിക്കരുതെന്നു കര്‍ശനനിര്‍ദേശമുണ്ടായിരുന്നുവെങ്കിലും മണി വീണ്ടും മദ്യപാനം തുടങ്ങി. കൂടുതല്‍ ടിന്‍ ബിയറാണ് ഉപയോഗിച്ചിരുന്നത്. ഒരു ദിവസം 15-20 വരെ ടിന്‍ ബിയര്‍ കുടിച്ചിരുന്നു. മദ്യപാനത്തില്‍നിന്നും പിന്‍തിരിപ്പിക്കാന്‍ പലരും ശ്രമിച്ചെങ്കിലും മണി വഴങ്ങിയിരുന്നില്ല. സഹോദരന്‍ രാമകൃഷ്ണനും മകളും സഹോദരിമാരും മണിയുടെ പാഡിയില്‍ ചെന്ന് പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും മണി കൂട്ടാക്കിയില്ലെന്നു പറയുന്നു. നേരത്തെ എപ്പോഴും വീട്ടില്‍ പോയിവന്നിരുന്ന മണി പാഡിയില്‍നിന്നും വിളിപ്പാടകലെയുള്ള വീട്ടിലേക്കു മാസങ്ങളായി പോയിരുന്നില്ല. പാഡിയില്‍ തന്നെയായിരുന്നു മദ്യപാനവും താമസവും. സിനിമാ ഷൂട്ടിംഗുകളും ഇല്ലാതായി. സ്റ്റേജ് പ്രോഗ്രാമുകള്‍ക്കു മാത്രമാണ് പോയിരുന്നത്.

പാഡിയില്‍തന്നെ താമസസൗകര്യങ്ങളും ഇതിനിടയില്‍ ഒരുക്കിയിരുന്നു. കുടുംബ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെങ്കിലും തുടര്‍ച്ചയായുള്ള മദ്യപാനം വീട്ടുകാര്‍ക്ക് ഇഷ്ടമില്ലാത്തതിനാലാണ് വീട്ടില്‍നിന്നും അകന്നുനിന്നിരുന്നത്. മണി മരിക്കുന്നതിനുമുമ്പ് തൃപ്പാപ്പിള്ളി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനത്തിനു മണി സ്റ്റേജ് പ്രോഗ്രാം ഏറ്റിരുന്നു. എന്നാല്‍, അന്നു രക്തം ഛര്‍ദിച്ച് അവശനിലയിലായതുമൂലം സ്റ്റേജ് പ്രോഗ്രാം അവതരിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.

പോലീസ് അന്വേഷണത്തില്‍ ഇക്കാര്യങ്ങളെല്ലാം വ്യക്തമായിട്ടുണ്ട്. രക്തം ഛര്‍ദിച്ച് അവശനായിട്ടും മണി ആശുപത്രിയില്‍ പോകാന്‍ തയാറായിരുന്നില്ലെന്നു പറയുന്നു. മണി ഇത്രയേറെ അവശനായിട്ടും ഇക്കാര്യങ്ങളൊന്നും അറിയിക്കാതിരുന്നതാണ് വീട്ടുകാരെ ക്ഷുഭിതരാക്കിയത്. ആശുപത്രിയില്‍ കൊണ്ടു പോയപ്പോഴും വീട്ടുകാരെ അറിയിച്ചിരുന്നില്ല. ഇതും സുഹൃത്തുക്കളെ സംശയത്തിന്റെ നിഴലിലാക്കി. പരിശോധനാഫലം കാത്തിരിക്കുമ്പോഴും പോലീസ് അന്വേഷണം തുടരുകയാണ്.

മണിയുടെ മരണം ലക്ഷക്കണക്കിന് ആരാധകരിലുണ്ടാക്കിയ ദുഃഖം ഇനിയും അവസാനിച്ചിട്ടില്ല. ഇപ്പോഴും കേരളത്തിന് അകത്തുനിന്നും പുറത്തുനിന്നും ആരാധകര്‍ മണിയുടെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കയാണ്. മണിയുടെ ചിത ഒരുക്കിയ സ്ഥലത്തു വന്നു പ്രാര്‍ഥിച്ചാണ് അവര്‍ മടങ്ങുന്നത്. മണി ക്യാമ്പ് ചെയ്തിരുന്ന പാഡിയും സന്ദര്‍ശിക്കുന്നുണ്ട്.

മണിയുടെ പിതാവ് കുനിശേരി രാമന്റെ സ്മാരകമായി നിര്‍മിച്ച കലാഗൃഹം കാണാനും ധാരാളം പേര്‍ എത്തുന്നു. മണി ഉപയോഗിച്ചിരുന്ന നൂറാം നമ്പര്‍ കാറുകളും മണി പാലക്കാട് ഷൂട്ടിംഗിനു പോയപ്പോള്‍ വാങ്ങിക്കൊണ്ടുവന്ന കാളവണ്ടിയും ആരാധകര്‍ കാണുന്നതും കാറിന്റെ അടുത്തുനിന്ന് ഫോട്ടോയെടുക്കുന്നതും കാണാം.

Related posts