മലബാര്‍ സിമന്റ്‌സില്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കും: മന്ത്രി

PKD-malabarപാലക്കാട്: പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്റ്‌സ് അനുബന്ധമായി കൂടുതല്‍ ഉത്പാദന കേന്ദ്രങ്ങള്‍ സ്ഥാപിച്ച് വിപുലീകരിക്കുമെന്നു വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍. കമ്പനി മാനേജ്‌മെന്റ് പ്രതിനിധികളും ട്രേഡ് യൂണിയന്‍ നേതാക്കളുമായി സംസാരിച്ചശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മന്ത്രി എ.കെ.ബാലനും  ചര്‍ച്ചയില്‍ പങ്കെടുത്തു.

കൂടുതല്‍ ഉത്പാദന കേന്ദ്രങ്ങള്‍ വരുന്നതുവഴി  തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ കഴിയും. നിലവില്‍ സംസ്ഥാനത്ത് ആഭ്യന്തര വിപണിയുടെ പത്തുശതമാനം വില്പനപങ്കാളിത്തമാണ് കമ്പനിക്കുള്ളത്. ഇതു വര്‍ധിപ്പിക്കണം. ഇതിനുപുറമെ ദേശീയ വിപണിയിലും വില്പന വര്‍ധിപ്പിക്കണം. കമ്പനിയെ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമാക്കി മാറ്റുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനോടൊപ്പം അഴിമതി പൂര്‍ണമായി തുടച്ചുനീക്കും.

ട്രാവന്‍കൂര്‍ സിമന്റ് ഫാക്ടറിയും വിപുലീകരിക്കുന്നതിനു നടപടി സ്വീകരിക്കുമെന്നു മന്ത്രി അറിയിച്ചു. സാമ്പത്തിക രംഗത്തെ മികച്ച പങ്കാളിത്തമുള്ള സ്ഥാപനമാക്കി രണ്ടിനെയും മാറ്റും. മലബാര്‍ സിമന്റ്‌സിന്റെ  യശസിനു കോട്ടംതട്ടുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിനു ട്രേഡ് യൂണിയനുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹായവും മന്ത്രി അഭ്യര്‍ഥിച്ചു. പഴയ പ്രതാപത്തിലേക്കു മലബാര്‍ സിമന്റ്‌സിനെ എത്തിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി.

ചര്‍ച്ചകള്‍ക്കു മുന്നോടിയായി മലബാര്‍ സിമന്റ്‌സിന്റെ എംഡി കെ.പത്മകുമാര്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ഈവര്‍ഷം 60 കോടി പ്രവര്‍ത്തനലാഭം പ്രതീക്ഷിക്കുന്നതായും അറിയിച്ചു. ഫാക്ടറിക്കു മാത്രമായി കെഎസ്ഇ ബി മോഡല്‍ വിജിലന്‍സ് സെല്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചര്‍ച്ചകളില്‍ പി.കെ.ശശി എംഎല്‍എ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് മെംബര്‍ നിതിന്‍ കണിച്ചേരി, സിപിഎം ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രന്‍, വിജയന്‍ കുനിശേരി, സുഭാഷ് ചന്ദ്രബോസ്, എസ്. ബി.രഘു എന്നിവരും പങ്കെടുത്തു.

Related posts