പട്ടാമ്പി: മഴക്കാലം ആരംഭിച്ചതോടെ പകര്‍ച്ചവ്യാധികളടക്കമുള്ള എല്ലാ രോഗങ്ങളേക്കുറിച്ചും ഉദ്യോഗസ്ഥരും പൊതുജനങ്ങളും ജാഗരൂകമാകണമെന്ന് മുഹമ്മദ് മുഹ്സിന് എംഎല്‍എ. മിനി സിവില്‍സ്റ്റേഷനില്‍ ചേര്‍ന്ന പട്ടാമ്പി താലൂക്ക് വികസനസമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യവകുപ്പ് അധികൃതര്‍ കര്‍ശനമായി ഇടപെട്ടാലേ പൊതുജന സഹകരണത്തോടെ സര്‍ക്കാര്‍ ആവിഷ്കരിക്കുന്ന പദ്ധതികള്‍ വിജയിപ്പിക്കാനാകൂ.
എല്ലാവര്‍ഷവും സംഭവിക്കാറുള്ള മരംവീണ് നാശനഷ്ടമുണ്ടാകുന്നത് ഒഴിവാക്കാന്‍ ആവശ്യമായ മുന്‍കരുതലെടുക്കുകയും പുഴകിയോ ഒടിഞ്ഞോ വീഴാന്‍ സാധ്യതയുള്ള മരങ്ങള്‍ വെട്ടിമാറ്റി ലേലംചെയ്യാന്‍ റവന്യൂ-വനം വകുപ്പുകള്‍ ഒരുമിച്ചുകൂടി നടപടി സ്വീകരിക്കണമെന്നും പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമ്മുകുട്ടി എടത്തോള്‍ ആവശ്യപ്പെട്ടു. പട്ടാമ്പി താലൂക്കില്‍ രേഖകളില്ലാതെ താമസിക്കുന്നവര്‍ക്ക് കൈവശ സര്‍ട്ടിഫിക്കറ്റും പട്ടയവും നല്‍കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയംഗം വി.എം.മുഹമ്മദലി ആവശ്യപ്പെട്ടു. താലൂക്കിലെ 15 പഞ്ചായത്തിലും പട്ടയവും കൈവശ സര്‍ട്ടിഫിക്കറ്റുമില്ലാതെ ആയിരത്തിലധികം കുടുംബങ്ങള്‍ ദുരിതത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.
തിരുവേഗപ്പുറ പഞ്ചായത്തിലെ ആശുപത്രികളില്‍ ഒഴിവുള്ള ഡോക്ടമാരുടേയും പാരാമെഡിക്കല്‍ ജീവനക്കാരുടേയും അസാന്നിധ്യം അടിയന്തിരമായി പരിഹരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.ശാരദയും വല്ലപ്പുഴ പഞ്ചായത്തോഫീസിന് സമീപവും റെയില്‍വേ ഗേറ്റിന്റെ പരിസരത്തും അറവുമാലിന്യങ്ങള്‍ കൊണ്ടുവന്ന് തള്ളുന്നത് അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പ്രസിഡന്റ് നന്ദവിലാസിനിയും ആവശ്യപ്പെട്ടു. മുതുതല പഞ്ചായത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് പ്രസിഡന്റ് നീലകണ്ഠന് ആവശ്യപ്പെട്ടു.
വിളയൂര്‍ പഞ്ചായത്ത് പരിഹാരത്തിനയച്ച ഹര്‍ജികളില്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.മുരളി പ്രതിഷേധിച്ചു. പത്തു പഞ്ചായത്തുകള്‍ക്കും മൂന്ന് നഗരസഭകള്‍ക്കും വെള്ളം നല്കുന്ന പാവറട്ടി ജലവിതരണ പദ്ധതിയുടെ മുടവന്നൂരില്നിന്നും തൃത്താലയിലേക്കുള്ള പൈപ്പുപൊട്ടി വെള്ളം പാഴാവുന്നതായി പ്രസിഡന്റ് കൃഷ്ണകുമാര്‍ ചൂണ്ടിക്കാട്ടി.കപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു, നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് രജിഷ എന്നിവരും തഹസില്‍ദാര്‍മാരായ ജോസഫ്, കൃഷ്ണകുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ സക്കീര്‍ ഹുസൈന്, കൃഷ്ണന് തുടങ്ങിയവരും പ്രസംഗിച്ചു.