കൊല്ലങ്കോട്: ബസ്സ്റ്റാന്‍ഡ് റോഡില്‍ നിന്നും ഊട്ടറവരെ റോഡിനു ഇരുഭാഗത്തും മഴവെള്ളം കെട്ടിനില്‍ക്കുന്നത് വഴിയാത്ര ദുഷ്കരമാക്കി. പെട്രോള്‍ പമ്പിനു മുന്‍ഭാഗം, ഗായത്രിപുഴപ്പാലത്തിനു വടക്കുഭാഗം, ഊട്ടറ അയ്യപ്പക്ഷേത്രത്തിനു സമീപം എന്നിവിടങ്ങളിലാണ് കുളംപോലെ റോഡില്‍ വെള്ളംകെട്ടിനില്ക്കുന്നത്. ബസും ഇതര വാഹനങ്ങളും സഞ്ചരിക്കുമ്പോള്‍ ഇരുചക്രവാഹനം ഓടിക്കുന്നവരുടെയും കാല്‍നടക്കാരുടെയും ശരീരത്തിലേക്ക് മലിനജലം തെറിച്ചുവീണ് നാശമാകുകയാണ്.
ഇതിന്റെ പേരില്‍ യാത്രക്കാര്‍ വാഹനമോടിക്കുന്നവരുമായി വഴക്കിടുന്നതും പതിവാണ്. അശാസ്ത്രീയമായ രീതിയില്‍ റോഡ് പുനര്നിര്മിച്ചതുമൂലമുണ്ടായ ഗര്‍ത്തമാണ് വെള്ളക്കെട്ടിനു കാരണം. സ്കൂളിലേക്കു പോകുന്ന വിദ്യാര്‍ഥികളുടെ വസ്ത്രങ്ങളില്‍ ചെളിവെള്ളം തെറിച്ച് വീട്ടിലേക്കു തിരിച്ചുപോകുന്ന സംഭവങ്ങളും നടന്നിട്ടുണ്ട്. റോഡില്‍ വെള്ളം കെട്ടിനില്‍ക്കാത്തവിധം പുനര്‍നിര്‍മാണം നടത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.