മുണ്ടക്കയം: പൊതു മത്സ്യ മാംസ മാര്‍ക്കറ്റിലെ മാലിന്യ ടാങ്ക് നിറഞ്ഞൊഴുകി രൂക്ഷമായ ദുര്‍ഗന്ധം വമിക്കുന്നത് ജനങ്ങള്‍ക്ക് ദുരിതമാകുന്നു. ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്കും സാധ്യത വര്‍ധിച്ചു. കോസ്വേ പാലത്തിന് സമീപം മണിമലയാറിന്റെ തീരത്തുള്ള പഞ്ചായത്ത് വക പൊതുമാര്‍ക്കറ്റിന്റെ മാലിന്യ ടാങ്കാണ് കവിഞ്ഞൊഴുകുന്നത്. മാര്‍ക്കറ്റ് കെട്ടിടത്തിന് പിന്നിലായാണ് മാലിന്യ ടാങ്ക് സ്ഥിതി ചെയ്യുന്നത്. മത്സ്യ മാംസ വ്യാപാര ശാലകളില്‍ നിന്നുള്ള മാലിനജലം പെപ്പിലൂടെ ടാങ്കിനുള്ളിലേക്ക് എത്തും. മണിമലയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ സമീപത്ത് മുകളിലായി സ്ഥിതിചെയ്യുന്ന ടാങ്കിന്റെ സ്ലാബുകള്‍ക്കിടയിലൂടെ മലിന ജലം പുറത്തേക്കൊഴുകിയതാണ് പ്രശ്നത്തിന് കാരണമായത്.
ഈ മാലിന്യങ്ങള്‍ മഴവെള്ളത്തിലൂടെ മണിമലയാറ്റിലേക്ക് ഒലിച്ചിറങ്ങും. സമീപത്തായി സ്ഥിതിചെയ്യുന്ന മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ ഇവിടെനിന്നുള്ള ദുര്‍ഗന്ധം മൂലം ദുരിതത്തിലായി. കൊതുകു ശല്യവും പ്രദേശത്ത് രൂക്ഷമാണ്. മേഖലയില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ മാലിന്യ പ്രശ്നത്തിന് അതിവേഗ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.പഞ്ചായത്തിന്റെ മറ്റ് മേഖലകളിലും വിജനമായ സ്ഥലങ്ങളില്‍ മാലിന്യ നിക്ഷേപം വ്യാപകമാകുന്നതായും പരാതിയുണ്ട്. വണ്ടന്‍പതാല്‍ സര്‍ക്കാര്‍ തേക്ക് പ്ലാന്റേഷന്, വെള്ളനാടി തോട്ടം റോഡ്, വരിക്കാനി മൈക്കോളജി റോഡ് ശ്മശാന ഭാഗം, കൂട്ടിക്കല്‍ റോഡിലെ വിജനമായ സ്ഥലങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളാണ് മാലിന്യ നിക്ഷേപ സ്ഥലങ്ങള്‍.
മീന്‍, കോഴി, പച്ചക്കറി തുടങ്ങിയ മാലിന്യങ്ങള്‍ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നു രാത്രികാലങ്ങളില്‍ ഈ സ്ഥലങ്ങളില്‍ കൊണ്ടുവന്നു തള്ളുന്നത് പതിവാണ്. ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡില്‍ വണ്ടന്‍പതാല്‍ ബേത്ലഹേം ആശ്രമം, സെന്റ് പോള്‍സ് എല്‍പി സ്കൂള്‍ എന്നിവയുടെ സമീപത്ത് റോഡരുകില്‍ മാലിന്യ നിക്ഷേപം വ്യാപകമാകുന്നതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. പൊതു ശ്മശാനം ഉള്‍പ്പെടെ മറ്റു ശ്മശാനങ്ങള്‍ ഉള്ള വിജനമായ സ്ഥലത്തെ റോഡിലാണ് രാത്രികാലങ്ങളില്‍ മാലിന്യ നിക്ഷേപം വ്യാപകമാകുന്നത്. മാലിന്യ നിക്ഷേപകര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും അല്ലെങ്കില്‍ പഞ്ചായത്ത് വാഹനത്തില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്നിവര്‍ക്ക് നാട്ടുകാര്‍ പരാതി നല്കി.