പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമിയിലെ മാലിന്യ സംസ്കരണത്തിന് സംസ്ഥാന പൊല്യൂഷന്‍ കണ്ട്രോള് ബോര്‍ഡിന്റെ ക്ലീന്‍ സര്‍ട്ടിഫിക്കറ്റ്. നേവല്‍ അക്കാദമിയിലെ മാലിന്യ പ്രശ്നം ജനജീവിതത്തിന് വെല്ലുവിളിയായി മാറുന്നുവെന്ന ആരോപണങ്ങളും പ്രതിഷേധങ്ങളും നിലനില്‍ക്കേയാണ് ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സംസ്ഥാന പൊല്യൂഷന്‍ കണ്ട്രോള് ബോര്‍ഡിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ നേവല്‍ അക്കാദമിയിലെത്തിയത്. അക്കാദമി പ്രദേശത്തെ മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്നതായാണ് കേരള പൊല്യൂഷന്‍ കണ്ട്രോള് ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ സര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ടിലുള്ളത്.
കഴിഞ്ഞദിവസംസംസ്ഥാന ചീഫ് സെക്രട്ടറി തിരുവനന്തപുരത്ത് വിളിച്ച് ചേര്‍ത്ത യോഗത്തില്‍ സബ് കലക്ടറും കൊച്ചി നാവിക ആസ്ഥാനത്തെ ഉദ്യോഗസ്ഥരും രാമന്തളി പഞ്ചായത്ത് സെക്രട്ടറിയും പങ്കെടുത്തിരുന്നു. ഈ യോഗത്തിലാണ് പൊല്യൂഷന്‍ കണ്ട്രോള് ബോര്‍ഡിന്റെ നിലപാട് അവര്‍ നല്കിയ രേഖയിലൂടെ വ്യക്തമായത്.
രാമന്തളിയിലെ ജനജീവിതം ദുസഹമാക്കുന്നതിന് ഇടയാക്കിയത് മലിനീകരണ നിയന്ത്രണ ബോര്ഡുദ്യോഗസ്ഥരുടെ ഒത്തുകളിയാണെന്ന ആക്ഷേപം നിലനില്‍ക്കേയാണ് ഇവരുടെ പുതിയ ഇടപെടലും പുറത്തായത്. പന്ത്രണ്ട് വര്‍ഷം മുമ്പ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിപോലുമില്ലാതെ ജനവാസ കേന്ദ്രത്തിന് സമീപം സ്ഥാപിച്ച മാലിന്യ സംസ്കരണ പ്ലാന്റാണ് പിന്നീട് ജനങ്ങള്‍ക്ക് ദുരിതമായി മാറിയത്.
നാല് വര്‍ഷം മുമ്പ് മുതലാണ് ഇതിന്റെ പരിണതഫലം ജനങ്ങള്‍ അനുഭവിക്കാന്‍ തുടങ്ങിയത്. ഇതേ തുടര്‍ന്ന് മാസങ്ങളോളം നീണ്ട പ്രതിഷേധ സമരങ്ങള്‍ നടന്നിരുന്നു. ഇതിനിടെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന മാലിന്യ പ്ലാന്റുകള്‍ മൂന്നുമാസത്തിനകം അടച്ചു പൂട്ടിക്കണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവുണ്ടായി. ഈ വിധിയെ മറികടക്കാന്‍ 2017 അവസാനത്തോടെ നേവിയുടെ എസ്ടിപി ടാങ്കിന് അനുമതി നല്കി മലിനീകരണ നിയന്ത്രണ ബോര്‍ഡ് മാലിന്യ പ്ലാന്റിന്റെ രക്ഷകരാകുകയായിരുന്നു.