മീന്‍കച്ചവടം ഫേസ്ബുക്കിലൂടെ..! ചില്ലറ മത്സ്യവ്യാപാരം ഓണ്‍ലൈനിലൂടെ നടത്തുന്ന സംസ്ഥാനത്തെ ആദ്യ യുവാവാണ് ഷമീര്‍

alp-fishഡൊമിനിക് ജോസഫ്
മാന്നാര്‍: ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ എന്തും വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന പുത്തന്‍ വിപണി സംസ്ക്കാരം കേരളീയരെയും ജീവിതത്തിന്റെ ഭാഗമായികഴിഞ്ഞു. ബ്രാന്റഡ് കമ്പനികളുടെ അടക്കമുള്ള മൊബൈല്‍ഫോണ്‍, ഗൃഹോപകരണങ്ങള്‍, തുണിത്തരങ്ങള്‍ തുടങ്ങി എന്തും ഒണ്‍ലൈനിലൂടെ നമ്മുടെ പടിവാതിക്കല്‍ എത്തുവാന്‍ ഇന്ന് സംവിധാനങ്ങളുണ്ട്. ഇനി നമുക്ക് വില്‍ക്കുവാനുള്ള എന്ത് സാധനങ്ങളും ഇത്തരത്തില്‍ തന്നെ ഓണ്‍ലൈനിലൂടെ നമുക്ക് വില്‍ക്കുകയും ചെയ്യാം. എന്നാല്‍ മത്സ്യത്തിന്റെ ചില്ലറ വില്‍പ്പന ഇത്തരത്തില്‍ നടത്തി വിജയം നേടിയിരിക്കുകയാണ് മാന്നാര്‍ കോവുപുറത്ത് ഷമീര്‍.

പുലര്‍ച്ചെ  വാഹനത്തില്‍ നീണ്ടകരയിലോ ആയിരം തെങ്ങിലോ പോയി മത്സ്യംവാങ്ങി  മാന്നാര്‍ പോസ്റ്റാഫീസ് ജംഗ്ഷനില്‍ എത്തുന്ന ഷെമീര്‍ തുടര്‍ന്ന് ഇന്ന് വില്‍പ്പനയ്ക്കുള്ള മത്സ്യങ്ങള്‍ ഏതൊക്കെയാണെന്നും അതിന്റെ പടവും ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്യും. ഒരോ മത്സ്യത്തിന്റെയും കിലോ വിലയും രേഖപ്പെടുത്തിയിരിക്കും. ചിലര്‍ ഫേസ് ബുക്കിലൂടെ തന്നെ വേണ്ട മത്സ്യത്തിന്റെ ഓര്‍ഡര്‍ നല്‍കും. ഇത്തരക്കാര്‍ക്ക് തൂക്കി മാറ്റി വയ്ക്കുകയും  സമയമുള്ളപ്പോള്‍ വന്ന് വാങ്ങുകയുമാണ് പതിവ്.

സാധാരണ നടക്കുന്ന കച്ചവടത്തേക്കാള്‍ കൂടുതല്‍ കച്ചവടം ഫേസ് ബുക്ക് വഴി ഇപ്പോള്‍ നടക്കുന്നുണ്ടെന്ന് ഷമീര്‍ പറയുന്നു. വന്‍കിട ബ്രാന്റഡ് ഉത്പന്നങ്ങള്‍ മാത്രമല്ല ചെറുകിട മീന്‍ കച്ചവടവും ഇത്തരത്തില്‍ നടത്താമെന്ന് കാണിച്ച് മാതൃകയായിരിക്കുകയാണ് ഷമീര്‍. പഠന സമയത്തും ഷമീര്‍ മറ്റുള്ള കുട്ടികള്‍ക്ക് മതൃകയായിരുന്നു. പരുമല പമ്പാകോളേജില്‍ ഡിഗ്രീക്ക് പഠിക്കുമ്പോള്‍ രാവിലെ മീന്‍ കച്ചവടം നടത്തിയ ശേഷമാണ് പഠിക്കുവാന്‍ കോളേജില്‍ എത്തിയിരുന്നത്. പഠനത്തിനുള്ള പണം മീന്‍ കച്ചവടത്തിലൂടെയാണ് കണ്ടെത്തിയിരുന്നുത്.

പഠനം പൂര്‍ത്തീകരിച്ച ശേഷം ഗള്‍ഫില്‍ ജോലിക്ക് പോയ ഈ യുവാവ് എട്ട് വര്‍ഷം അവിടെ ജോലി ചെയ്തു. നാട്ടില്‍ തിരിച്ചെത്തിയ ശേഷം ഗള്‍ഫുകാരനെന്ന പരിവേഷത്തില്‍ വെറുതെയിരിക്കുവാന്‍ തയാറായില്ല. തനിക്ക് അറിയാവുന്നതും കൂടുതല്‍ പണം ലഭിക്കുന്നതുമായ  മത്സ്യവ്യാപരത്തിലേക്ക് കടക്കുകയായിരുന്നു. ഇതിനായി രണ്ട് പെട്ടിവണ്ടി വാങ്ങി. രാവിലെ തന്നെ പച്ച മീനുമായി മാന്നാറില്‍ എത്തി ഉച്ചയോടുകൂടി ജോലി പൂര്‍ത്തീകരിക്കും. നാട്ടിലെ പൊതു പ്രവര്‍ത്തനങ്ങളിലും ഇദ്ദേഹം സജീവമാണ്. മത്സ്യത്തൊഴിലാളി യൂണിയന്‍ മാന്നാര്‍ ഏരിയാ കമ്മറ്റി സെക്രട്ടറി, പാലിയേറ്റീവ് കെയര്‍ ഇരമത്തൂര്‍ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ച് വരുന്നു. ചില്ലറ മത്സ്യവ്യാപാരം ഓണ്‍ലൈനിലൂടെ നടത്തുന്ന സംസ്ഥാനത്തെ ആദ്യ യുവാവാണ്. ഷമീര്‍. ഭാര്യ: ലസീനാ, മകന്‍:അലാമീന്‍.

Related posts