വടക്കഞ്ചേരി: മുടപ്പല്ലൂര്‍-മംഗലംഡാം മലയോരപാതയില്‍ വീണ്ടും കുഴിയടയ്ക്കല്‍ തുടങ്ങി. മംഗലംഡാമിലെ ക്രഷര്‍ യൂണിറ്റ് ഉടമകള്‍ കുഴിയടയ്ക്കുന്നത് നാലുവര്‍ഷത്തിനിടെ പത്താംതവണ. മുടപ്പല്ലൂരില്നിന്നാണ് കുഴിയടയ്ക്കല്‍ ആരംഭിച്ചിട്ടുള്ളത്. ഇന്നലെ നെല്ലിക്കോടുവരെയെത്തി.പത്തുകിലോമീറ്റര്‍ വരുന്ന റോഡില്‍ ഒരുതവണ കുഴിയടയ്ക്കാന്‍ നാലുലക്ഷത്തോളം രൂപ ചെലവുവരുന്നുണ്ടെന്ന് മംഗലംഡാമിലെ ടിഎംടി ക്രഷര്‍ യൂണിറ്റ് ഉടമ ടോം ജോര്‍ജ് പറഞ്ഞു. ചിറ്റടിയിലെ പി.ജെ.ഗ്രാനൈറ്റ്സ് ഉടമ ജോഷിയുമായി സഹകരിച്ചാണ് ഇത്തവണയും റോഡിലെ കുഴിയടച്ച് റോഡുഗതാഗതയോഗ്യമാക്കുന്നത്.ഇത്തവണ റോഡില്‍ കുഴി കൂടുതലായതിനാല്‍ ഓട്ടയടയ്ക്കലിനു ചെലവുകൂടും.
മുപ്പതു യൂണിറ്റെങ്കിലും മെറ്റലും 16 ബാരല്‍ ടാറും കുഴിയടയ്ക്കാന്‍ വേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇതു കൂടാതെ തൊഴിലാളികളുടെ കൂലി, റോളര്‍ ഉള്‍പ്പെടെയുള്ള മെഷനറികളുടെയും വാഹനങ്ങളുടെ വാടകയും വരും. ഇതിനുമുമ്പുവരെ വടക്കഞ്ചേരി-വാളയാര്‍ ദേശീയപാതവികസനം കരാര്‍ എടുത്തിട്ടുള്ള കെഎന്‍ആര്‍സി കമ്പനിയും കുഴിയടക്കലിനുണ്ടായിരുന്നു. റോഡുപണിക്കായി മംഗലംഡാമില്നിന്നാണ് കെഎന്‍ആര്‍സി മെറ്റീരിയല്‍ കൊണ്ടുപോയിരുന്നത്. എന്നാല്‍ ദേശീയപാതവികസനം പൂര്‍ത്തിയായതിനാല്‍ ടിഎംടിയുടെയും പിജെയുടെയും കൂട്ടിന് ഇപ്പോള്‍ കെഎന്ആര്സിയില്ല.
ഇതിനാല്‍ ഓരോരുത്തരും എടുക്കേണ്ട തുകയും കൂടും.മുടങ്ങിക്കിടക്കുന്ന മുടപ്പല്ലൂര്‍-മംഗലംഡാം റോഡുവികസനം പൂര്‍ത്തിയാക്കാന്‍ പുതിയ ടെണ്ടറായിട്ടുണ്ടെങ്കിലും നടപടികള്‍ക്ക് വേഗതയായിട്ടില്ല. ടെണ്ടര്‍ തുക കൂടിയതിനാല്‍ ധനവകുപ്പിന്റെ അനുമതി വൈകുകയാണ്. ഒമ്പതുവര്ഷംമുമ്പുള്ള ടെണ്ടറാണ് റിവൈസ് ചെയ്ത് പുതിയ കരാറുകാരന് ടെണ്ടര്‍ നല്‍കിയിട്ടുള്ളത്.
ദേശീയപാത നിലവാരത്തിലുള്ള ടാറിംഗും ഓടനിര്‍മാണവുമാണ് ഇനി പ്രധാനമായും നടത്താനുള്ളത്. പാലക്കാട് പെരുവെമ്പ് മനോജാണ് പുതിയ ടെണ്ടര്‍ എടുത്തിട്ടുള്ളത്. ടെണ്ടര്‍ നടപടി പൂര്‍ത്തിയായി പണി തുടങ്ങാന്‍ ഇനിയും നാലുമാസം വേണ്ടിവരും. കുഴികള്‍ അടയ്ക്കാതെ ഇത്രയും മാസങ്ങള്‍ റോഡിലൂടെയുള്ള വാഹനഗതാഗതം ദുഷ്കരമാകും. ഇതിനിടെ റോഡു ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രത്യക്ഷ സമരപരിപാടികളും ശക്തമാണ്. ഒരാഴ്ചമുമ്പ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വണ്ടാഴിയില്‍ റോഡ് ഉപരോധവും മെംബര്‍മാരുടെ ഉപവാസസമരവും നടന്നിരുന്നു.