മുനമ്പം ഹാര്‍ബറില്‍ കയറ്റിറക്കു തൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക് ; മുനമ്പം മത്സ്യബന്ധന മേഖല സ്തംഭിച്ചു

ekm-harberചെറായി: മുനമ്പം മാതൃകാ ഹാര്‍ബറിലും മിനി ഹാര്‍ബറിലും മത്സ്യകയറ്റിറക്കു തൊഴിലാളികളുടെ കൂലി വര്‍ധന ആവശ്യപ്പെട്ടുകൊണ്ടുള്ള തര്‍ക്കത്തില്‍ നാളെ വീണ്ടും ചര്‍ച്ച നടക്കാനിരിക്കെ തൊഴിലാളികള്‍ ഇന്നു മിന്നല്‍ പണിമുടക്ക് നടത്തി. ഇതേ തുടര്‍ന്നു മുനമ്പം മത്സ്യബന്ധന മേഖല സ്തംഭിച്ചു. കയറ്റിറക്കു തൊഴിലാളികള്‍ക്കു മത്സ്യത്തിന്റെ തൂക്കം അനുസരിച്ചാണു കൂലി. ചെറിയ പ്ലാസ്റ്റിക് കണ്ടെയ്‌നറുകളിലാക്കിയാണ് മത്സ്യം വാഹനങ്ങളിലേക്ക് കയറ്റുന്നത്. ഒരു കണ്ടെയ്‌നറില്‍ മത്സ്യം നിറച്ചു തൂക്കുമ്പോള്‍   46 കിലോയോളം തൂക്കം വരും.

കണക്കില്‍ കണ്ടെയ്‌നറിന്റെ അഞ്ചു കിലോ കുറച്ചു തൂക്കം എഴുതുകയായിരുന്നു പതിവ്. എന്നാല്‍ ഇന്നലെ ഇതുമായി ബന്ധപ്പെട്ട് ഒരു യൂണിയന്‍ തര്‍ക്കം ഉന്നയിച്ചു. കണ്ടെയ്‌നറിനു മൂന്നു കിലോ തൂക്കമേയുള്ളെന്നും മൊത്തം തൂക്കത്തില്‍ മൂന്നു കിലോ വീതമേ കുറയ്ക്കാന്‍ പാടുള്ളുവെന്നും ഈ യൂണിയന്‍ തര്‍ക്കിച്ചു. കച്ചവടക്കാര്‍ ഇത് അംഗീകരിക്കാന്‍ തയാറാകാതെ വന്നതോടെ ചെറിയ കശപിശയുണ്ടായി. ഇതേ തുടര്‍ന്നാണ് ഇന്ന് യൂണയനുകള്‍ സംയുക്തമായി മിന്നല്‍ പണിമുടക്ക് ആരംഭിച്ചത്.

പണിമുടക്കിനെ തുടര്‍ന്നു മത്സ്യവുമായി ഹാര്‍ബറില്‍ എത്തിയ ബോട്ടുകളില്‍ ഭൂരിഭാഗവും  ഇന്നലെ തന്നെ മുട്ടം, മുരുക്കും പാടം, കാളമുക്ക്, കൊല്ലം, തോപ്പും പടി ഹാര്‍ബറുകളിലേക്ക് പോയി.  രണ്ട് ഹാര്‍ബറുകളിലേയും തര്‍ക്കം തീരാതെ ഇവര്‍ ഇനി മുനമ്പത്തേക്കു തിരിച്ചു വരില്ല. കുറച്ചു ബോട്ടുകള്‍ സമരം തീരുമെന്ന പ്രതീക്ഷയില്‍ മത്സ്യവുമായി ഹാര്‍ബറില്‍ കെട്ടിയിട്ടുണ്ട്.

ഹാര്‍ബറുകള്‍ നിശ്ചലമായതോടെ മുനമ്പത്തെ മത്സ്യബന്ധന അനുബന്ധമേഖല ആകെ സ്തംഭിച്ചു. ഈ സാഹചര്യത്തില്‍ നാളെ ഉച്ചകഴിഞ്ഞു രണ്ടിനു തരകന്‍സ് അസോസിയേഷന്‍ ഹാളില്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്ന ചര്‍ച്ചയുടെകാര്യവും അനിശ്ചിതത്വത്തിലായി. പ്രശ്‌നത്തില്‍ ജില്ലാകളക്ടര്‍ ഇടപെടണമെന്നു ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍ കോ – ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പി പി ഗിരീഷ് ആവശ്യപ്പെട്ടു.

Related posts