മുന്‍മന്ത്രി കെ. ബാബുവിന്റെ വീട്ടില്‍ റെയ്ഡ്; മക്കളുടെ വീടുകളിലും അരിച്ചുപെറുക്കുന്നു; പ്രതികരിക്കാതെ ഉമ്മന്‍ചാണ്ടിയും സുധീരനും

TC-R-KBABUകൊച്ചി: അനധികൃത സ്വത്ത് സമ്പാദനത്തിന് വിജിലന്‍സ് കേസ് എടുത്തതിന്റെ തുടര്‍ച്ചയായി മുന്‍ മന്ത്രി കെ. ബാബുവിന്റെയും ബന്ധുക്കളുടെയും വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. പ്രതിപ്പട്ടികയിലുള്‍പ്പെട്ട കെ.ബാബുവിന്റെ സന്തതസഹചാരികളും ബിനാമിമാരെന്നും കരുതപ്പെടുന്ന തൃപ്പൂണിത്തുറ സ്വദേശികളായ മോഹനന്‍, ബാബു റാം എന്നിവരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്.

കെ.ബാബുവിന്റെ തൃപ്പൂണിത്തുറയിലെ വീടിനു പുറമേ പാലാരിവട്ടത്തുള്ള മകളുടെ വീട്ടിലും തൊടുപുഴയിലുള്ള മറ്റൊരു മകളുടെ വീട്ടിലും വിജിലന്‍സ് റെയ്ഡ് നടക്കുന്നു. ഇതടക്കം കെ.ബാബുവുമായി ബന്ധപ്പെട്ട ഏഴ് കേന്ദ്രങ്ങളിലാണ് വിജിലന്‍സ് സ്‌പെഷല്‍ സെല്‍ റെയ്ഡ് നടത്തുന്നത്. ഇന്നു പുലര്‍ച്ചെ ഏഴോടെയാണ് റെയ്ഡ് ആരംഭിച്ചത്. വിവിധ സംഘങ്ങളായി തിരിഞ്ഞ വിജിലന്‍സ് ഏഴിടങ്ങളിലും ഒരേസമയം റെയ്ഡ് ആരംഭിക്കുകയായിരുന്നു. കെ.ബാബു തൃപ്പൂണിത്തുറയിലെ വീട്ടിലുണ്ട്.

കഴിഞ്ഞ ദിവസമാണ് കെ.ബാബുവിനെയും മറ്റു രണ്ടുപേരെയും പ്രതികളാക്കി അനധികൃത സ്വത്ത് സമ്പാദനത്തിന്  മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. കെ.ബാബുവിന് കൊച്ചിയിലെ റിയല്‍ എസ്‌റ്റേറ്റ് മാഫിയകളുമായി അടുത്ത ബന്ധമുള്ളതായി എഫ്‌ഐആറിലുണ്ടെന്നാണ് സൂചന. സ്വന്തം പേരില്‍ തേനിയില്‍ 120 ഏക്കര്‍ ഭൂമിയുള്ളതായും പറയുന്നു.എറണാകുളത്തെ ബിസിനസ് സ്ഥാപനങ്ങളില്‍ ബിനാമി ബന്ധമുള്ളതായും മള്‍ട്ടി  സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പങ്കാളിത്തമുള്ളതായും എഫ്‌ഐആറിലുണ്ടെന്നാണ് സൂചന.

ഈ എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് റെയഡുകള്‍. എക്‌സൈസ് മന്ത്രിയായിരിക്കെ കഴിഞ്ഞ അഞ്ചുവര്‍ഷം കെ.ബാബു നടത്തിയ ഇടപാടുകളും അദ്ദേഹത്തെ സ്വത്തുവിവരങ്ങളും വിജിലന്‍സ് പരിശോധിക്കുന്നുണ്ട്. കെ.ബാബു മന്ത്രിയായതിനുമുമ്പും അതിനുശേഷവുമുള്ള അദ്ദേഹത്തിന്റെ സ്വത്തുവകകളുടെ വര്‍ധനയും പരിശോധിക്കും. ബാബുവിന്റെ ബന്ധുക്കള്‍ അടുത്തിടെ വാങ്ങിയ വസ്തുക്കളുടെ രേഖകള്‍, അതിന്റെ  ഉറവിടം എന്നിവയും പരിശോധിക്കുന്നുണ്ട്.

കെ.ബാബുവിന്റെ ബിനാമികളെന്ന് കരുതപ്പെടുന്ന തൃപ്പൂണിത്തുറ സ്വദേശികളായ മോഹനന്‍, ബാബു റാം എന്നിവരുടെ സ്വത്തുവകകളിലും വര്‍ധനയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും. ഇവരുടെ സ്ഥാപനങ്ങള്‍, വസ്തുക്കള്‍ എന്നിവയുടെ രേഖകളും പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്.  കെ.ബാബു മന്ത്രിയായതിനുശേഷം ഇവരുടെ സ്വത്തില്‍ അസ്വാഭാവികമായി വളര്‍ച്ചയുണ്ടായതായി പരാതികള്‍ ലഭിച്ചിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കെ.ബാബുവിന്റെ പേരില്‍ അനധികൃത സ്വത്ത് സമ്പാദനത്തിന് തെളിവുകളില്ല എന്നപേരില്‍ അന്വേഷണം അവസാനിപ്പിച്ചിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ പുരോഗതിയുണ്ടായിരിക്കുന്നത്.

ബാറുടമകള്‍ക്ക് ലൈസന്‍സ് അനുവദിച്ച് നല്‍കാമെന്ന പേരില്‍ കോടിക്കണക്കിന് രൂപ കെ.ബാബു കൈപ്പറ്റിയെന്ന് ബാറുടമകള്‍ ആരോപിച്ചിരുന്നു. ബാര്‍ ലൈസന്‍സ് അഴിമതിക്കേസില്‍ കെ. ബാബുവിനെതിരായ രണ്ടാമത്തെ വിജിലന്‍സ് അന്വേഷണമാണിത്. ഒരു വിഭാഗം ബാറുടമകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കാന്‍ കെ. ബാബു വഴിവിട്ട് ഇടപെട്ടുവെന്നായിരുന്നു പരാതി. ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളില്‍ ചിലരെ ഇടനിലക്കാരാക്കി ബാബു പല ബിനാമി ഇടപാടുകളും നടത്തിയിട്ടുണ്ടെന്നും ഇതിനായി പണം പിരിച്ചിട്ടുണ്ടെന്നും പരാതിയുണ്ടായി. ബാര്‍ലൈസന്‍സ് നല്‍കാനുള്ള അധികാരം എക്‌സൈസ് കമ്മീഷണറില്‍ നിന്ന് എടുത്തുമാറ്റിയത് അഴിമതി നടത്താനാണെന്നും ആരോപണമുയര്‍ന്നിരുന്നു.

ബാര്‍ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ആദ്യം കേസ് എടുത്തത്. എന്നാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടത്തിയ അന്വേഷണത്തില്‍ തെളിവില്ലെന്ന് പറഞ്ഞ് വിജിലന്‍സ് ബാബുവിനെതിരായ കേസ് അവസാനിപ്പിക്കുകയായിരുന്നു. ബാര്‍കോഴ കേസില്‍ ബാബുവിനെതിരെ ബാറുടമയും വ്യവസായിയുമായ വി.എം. രാധാകൃഷ്ണന്‍ അടക്കമുള്ളവര്‍ മൊഴി നല്‍കിയിരുന്നു. ലൈസന്‍സ് അനുവദിക്കുന്നതിന് പണപ്പിരിവ് നടത്തിയതിന്റെ തെളിവുകളാണ് നല്‍കിയിരുന്നത്. ബാര്‍ക്കോഴക്കേസിന്റെ കരിനിഴലില്‍പ്പെട്ട കെ.ബാബു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍നിന്ന് മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

പ്രതികരിക്കാതെ ഉമ്മന്‍ചാണ്ടിയും സുധീരനും

ആലുവ: യുഡിഎഫ് സര്‍ക്കാരിലെ എക്‌സൈസ് മന്ത്രി കെ.ബാബുവിന്റെയും ബന്ധുക്കളുടെയും വീട്ടില്‍ നടക്കുന്ന വിജിലന്‍സ് റെയ്ഡിനെക്കുറിച്ച് പ്രതികരിക്കാന്‍ കൂട്ടാക്കാതെ കോണ്‍ഗ്രസ് നേതാക്കള്‍. ഇന്നു രാവിലെ ആലുവ ഗസ്റ്റ് ഹൗസിലെത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ എന്നിവരോട് റെയ്ഡിനെക്കുറിച്ചുള്ള വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ഇവര്‍ ഇരുവരും ഒഴിഞ്ഞുമാറിയത്.

വിജിലന്‍സ് റെയ്ഡ് രാഷ്ട്രീയ പകപോക്കലാണോയെന്ന ചോദ്യത്തിന് ഒന്നും പ്രതികരിക്കാനില്ലെന്നു പറഞ്ഞ് സുധീരന്‍ ഗുരുവായൂരിലെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടു. പ്രതികരിക്കാതിരിക്കുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കില്ലേയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രതികരിക്കുന്നവര്‍ നിങ്ങളല്ലേയെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മറുചോദ്യം.

ബാര്‍കോഴക്കേസില്‍ ഏറ്റവും കൂടുതല്‍ പഴികേള്‍ക്കേണ്ടിവന്നവരാണ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും എക്‌സൈസ് മന്ത്രി കെ.ബാബുവും. ധനകാര്യമന്ത്രിയായിരുന്ന കെ.എം.മാണി ഈ കേസില്‍ കടുത്ത ആരോപണങ്ങള്‍ക്ക് വിധേയനായതിനെതുടര്‍ന്ന് ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ നിന്നും രാജിവയ്‌ക്കേണ്ടിയും വന്നു. ഇതേ വിഷയത്തില്‍ കെ.ബാബു രാജിസന്നദ്ധത പ്രഖ്യാപിച്ചെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു.

ഇതു യുഡിഎഫില്‍ കലാപത്തിന് വഴിയൊരുക്കുകയും പിന്നീട് ഭരണമാറ്റത്തിനുശേഷം മാണി മുന്നണി വിടുന്നതില്‍ കലാശിക്കുകയും ചെയ്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മാറിനില്‍ക്കാന്‍ കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടവരില്‍ ഒരാളായിരുന്നു കെ.ബാബു. എന്നാല്‍ സുധീരന്റെ എതിര്‍പ്പുകളെ അവഗണിച്ച് ഉമ്മന്‍ ചാണ്ടിയുടെ പിന്തുണയില്‍ തൃപ്പൂണിത്തുറയില്‍ മത്സരിച്ച ബാബു പരാജയപ്പെട്ടു. മുന്നണിവിട്ട മാണിയെ സംരക്ഷിക്കേണ്ട ബാധ്യതയില്ലെങ്കിലും പാര്‍ട്ടിക്കാരനായ ബാബുവിന് അനുകൂലമായി പ്രതികരിക്കേണ്ട സമയത്താണ് ഇരുനേതാക്കളുടെയും ഈ മൗനം.

Related posts