മൂവാറ്റുപുഴ ജനറല്‍ ആശുപത്രി മോര്‍ച്ചറി നവീകരണത്തിനൊരുങ്ങുന്നു; 34 ലക്ഷം അനുവദിച്ചു

EKM-MOURTARYമൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയുടെ നവീകരണത്തിനുള്ള നടപടി ആരംഭിച്ചു. ഇതിനായി ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസില്‍ (ഡിഎച്ച്എസ്) നിന്നു 34ലക്ഷം രൂപ അനുവദിച്ചതായി എല്‍ദോ ഏബ്രഹാം എംഎല്‍എ അറിയിച്ചു. അത്യാധുനിക സൗകര്യങ്ങളോടു കൂടിയതും നാല് മൃതദേഹങ്ങള്‍ ഒരേ സമയം സൂക്ഷിക്കാവുന്നതുമായ ഫ്രീസര്‍, ജനറേറ്റര്‍ എന്നിവ സ്ഥാപിക്കുന്നതിനും ടെറസ് വര്‍ക്കുകള്‍ നടത്തുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്. ഇതിനുപുറമെ വിവിധ മതാചാര പ്രകാരം മൃതദേഹം കുളിപ്പിക്കുന്നതിനും മറ്റു കര്‍മ്മങ്ങള്‍ നടത്തുന്നതിനുമുള്ള മുറിയും  സജ്ജമാക്കും.

പോസ്റ്റ്‌മോര്‍ട്ടം ടേബിള്‍, മോര്‍ച്ചറിയുടെ പരിസര പ്രദേശങ്ങളില്‍ പൂന്തോട്ടം എന്നിവയ്ക്കും തുക വകയിരുത്തിയിട്ടുണ്ട്. കാലപ്പഴക്കത്താല്‍ ജീര്‍ണാവസ്ഥയിലായ  മോര്‍ച്ചറി പൊളിച്ചു നീക്കി 10വര്‍ഷം മുമ്പാണ് നിലവിലെ മോര്‍ച്ചറി നിര്‍മിച്ചത്.എന്നാല്‍ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെയാണ് മോര്‍ച്ചറി പ്രവര്‍ത്തിച്ചിരുന്നത്. ഫ്രീസര്‍ സൗകര്യവും ജനറേറ്ററും പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം മതാചാര പ്രകാരം കുളിപ്പിക്കുന്നതിനും മറ്റു കര്‍മങ്ങള്‍ നടത്തുന്നതിനും സൗകര്യം ഒരുക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു.

ആറു വര്‍ഷം മുമ്പ് ജനറല്‍ ആശുപത്രിയായി ഉയര്‍ത്തിയപ്പോള്‍ മോര്‍ച്ചറിയുടെ നവീകരണവും ഉടന്‍ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനു ശേഷം നിരവധി കെട്ടിട സമുച്ചയങ്ങള്‍ ആശുപത്രി കോമ്പൗണ്ടില്‍ ഉയര്‍ന്നെങ്കിലും മോര്‍ച്ചറിയുടെ നവീകരണം മാത്രം നടന്നില്ല. ആശുപത്രിയില്‍ പോലീസ് സര്‍ജന്റെ സേവനം ലഭ്യമായതിനാല്‍  ഇടുക്കി, എറണാകുളം ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നു മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലേക്കാണ് കൊണ്ടു വരുന്നത്.

എന്നാല്‍ ഇവിടെ ഫ്രീസര്‍ സൗകര്യമില്ലാത്തത് നിര്‍ധനരായവര്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.  സാങ്കേതിക കാരണങ്ങളാല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കാലതാമസം നേരിട്ടതിനെ തുടര്‍ന്ന് മൃതദേഹങ്ങള്‍ അഴുകിയ സംഭവവും ഇവിടെയുണ്ടായിട്ടുണ്ട്. വൈദ്യുതി മുടങ്ങിയാല്‍ മെഴുകുതിരി വെളിച്ചത്തില്‍  പോസ്റ്റ്‌മോര്‍ട്ടം നടത്തേണ്ട സ്ഥിതിയുമായിരുന്നു.  ഇതേ തുടര്‍ന്നാണ് മോര്‍ച്ചറിയുടെ നവീകരണത്തിന് നടപടിയായത്.

Related posts