യുവതിയെ കൊന്നു ലോറിക്കടിയില്‍ തള്ളിയ കേസ്: വിചാരണ ആരംഭിക്കുന്നു

alpCRIMEകൊച്ചി: നാടിനെ നടുക്കിയ കൊലപാതകത്തിന്റെ വിചാരണ ഉടന്‍ ആരംഭിക്കുകയാണ്. യുവതിയെ കൊലപ്പെടുത്തിയശേഷം ലോറിക്കടിയില്‍ തള്ളിയ കേസില്‍ വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും.  ഫോര്‍ട്ടുകൊച്ചി അമരാവതിയില്‍ താമസിച്ചിരുന്ന സന്ധ്യ(37)യെ കൊലപ്പെടുത്തിയ കേസില്‍ സ്വകാര്യബസ് കണ്ടക്ടറായ കാക്കനാട് പാട്ടുപുരക്കല്‍ പരപ്പേല്‍ വീട്ടില്‍ അന്‍വറാ(27)ണ്  വിചാരണ നേരിടുക. കേസിന്റെ വിചാരണയുടെ പ്രാരംഭ നടപടിയായി പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കാന്‍ കോടതിയുടെ നിര്‍ദേശമുണ്ട്.

കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് വെല്ലിംഗ്ടണ്‍  ഐലന്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിക്കടിയില്‍ യുവതിയുടെ മൃതദേഹം കണെ്ടത്തിയത്. രാവിലെ വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ പാര്‍ക്കിംഗ് ഏരിയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്കടിയില്‍നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പിന്നീട് അമരാവതി സ്വദേശിനിയുടെതാണ് മൃതദേഹമെന്ന് തിരിച്ചറിയുകയായിരുന്നു. തലേന്ന് ജോലിക്കായി ചേര്‍ത്തലയ്ക്ക് പോയ സന്ധ്യ തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. മൃതദേഹം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഭര്‍ത്താവെത്തി തിരിച്ചറിഞ്ഞു.

സംഭവം ഇങ്ങനെ: കേസിലെ പ്രതിയായ അന്‍വര്‍ സ്വകാര്യ ബസ് ജീവനക്കാരനായിരുന്നു. അന്‍വര്‍ ജോലി ചെയ്തിരുന്ന ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്നു സന്ധ്യ. ഈ പരിചയം പ്രണയത്തിലേക്കെത്തി. വിവാഹം കഴിക്കണമെന്ന സന്ധ്യയുടെ ആവശ്യത്തെ തുടര്‍ന്ന് ഇരുവര്‍ക്കുമിടയിലുണ്ടായ തര്‍ക്കമാണ് കൊലാപതകത്തിലേക്ക് വഴിവച്ചത്. ഭാര്യയും കുട്ടിയുമുള്ള തന്റെ തുടര്‍ജീവിതത്തില്‍ സന്ധ്യ തടസമാവുമെന്നു മനസിലാക്കിയ അന്‍വര്‍ സന്ധ്യയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു.  മാര്‍ച്ച് ഏഴിന് വൈകുന്നേരം ചേര്‍ത്തലയിലെ ജോലി സ്ഥലത്ത് അന്‍വര്‍ വാടകയ്‌ക്കെടുത്ത കാറുമായെത്തി.

കാറില്‍ ഫോര്‍ട്ട്  കൊച്ചിയിലേക്ക് പോകുന്നതിനിടെ സന്ധ്യയും അന്‍വറും തമ്മില്‍ വിവാഹക്കാര്യത്തെച്ചൊല്ലി തര്‍ക്കമായി. തര്‍ക്കത്തിനിടെ സന്ധ്യ ധരിച്ചിരുന്ന ചുരിദാറിന്റെ ഷാള്‍ മുറുക്കിയാണ് കൊലപ്പെടുത്തിയതെന്ന് അന്‍വര്‍ പോലീസിനോട് സമ്മതിച്ചു. കാറിനുളളില്‍ വച്ചായിരുന്നു കൊലപാതകം. കൊലപാതകത്തിനുശേഷം മൃതദേഹം വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ ലോറി പാര്‍ക്കിംഗ് ഏരിയയില്‍ കിടന്ന ലോറിക്കടിയില്‍ ഉപേക്ഷിച്ചു. കൊലപാതകത്തിനു പിന്നാലെ മംഗലാപുരത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അന്‍വന്‍ പോലീസിന്റെ കൈയിലകപ്പെട്ടത്. അന്‍വര്‍ ഉപയോഗിച്ചിരുന്ന കാറിനെ പറ്റി നാട്ടുകാരില്‍ നിന്നും ട്രാഫിക് പോലീസില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടാന്‍ സാധിച്ചത്.

Related posts