റേഷന്‍ കടകള്‍ 11 മുതല്‍ അടച്ചിടും

KNR-RATIONകോഴിക്കോട്: സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ 11 മുതല്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും. റേഷന്‍ വ്യാപാരികള്‍ക്കു സര്‍ക്കാര്‍ നല്കാമെന്നു വാഗ്ദാനം നല്കിയ കമ്മീഷന്‍ തുക അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കടയടപ്പുസമരമെന്ന് റീട്ടെയില്‍ റേഷന്‍ഡീലേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.

മാര്‍ച്ച് 13നു ഭക്ഷ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ കമ്മീഷന്‍ കുടിശികയായ 80 കോടി രൂപയില്‍ 10കോടി മാര്‍ച്ച് 30നകം നല്കാമെന്നു ഉറപ്പു നല്കിയിരുന്നു. ഇത് ഇതുവരെ നല്കിയിട്ടില്ല. സര്‍ക്കാരാണ് ഇതിനു കാരണക്കാരെന്നും ഉദ്യോഗസ്ഥരല്ലെന്നും അസോസിയേഷന്‍ സംസ്ഥാനഭാരവാഹികളുടെ യോഗം വിലയിരുത്തി. ഏപ്രില്‍മുതല്‍ വെട്ടിക്കുറച്ച റേഷന്‍വിഹിതം പുനസ്ഥാപിച്ചിട്ടില്ല. സൗജന്യറേഷന്‍ അനുവദിച്ചപ്പോള്‍ വ്യാപാരികളുടെ ഡിപ്പോകളിലുണ്ടായിരുന്ന സ്‌റ്റോക്കിന്റെ വിലയും ഇതുവരെ നല്കിയിട്ടില്ലെന്നും യോഗം ചൂണ്ടിക്കാട്ടി.

യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എം.എം. സൈനുദ്ദീന്‍ അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി സുരേന്ദ്രന്‍, ട്രഷറര്‍ ബിജു കൊട്ടാരക്കര, അദിത്ത് പാലക്കാട്, തലയില്‍ മധു, ശിവദാസ് വേലിക്കാട്, ബാബു ചന്ദ്രനാഥ്, ബാലചന്ദ്രന്‍, എം.ജെ. ജോര്‍ജ്, ഗണേശന്‍, രാജന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts