തിരുവനന്തപുരം: ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പു വഴി കോളജ് അധ്യാപികയുടെ പണം തട്ടിയെടുത്തതു ചൈനയില്നിന്നെന്നു പോലീസ് സ്ഥിരീകരണം. നാലു ഘട്ടമായാണു തുക പിന്‍വലിച്ചതെന്നാണു പോലീസ് കണെ്ടത്തല്‍. നേരത്തെ എടിഎം തട്ടിപ്പു നടത്തിയ റൊമാനിയന്‍ സ്വദേശികള്‍ക്കും പങ്കുണേ്ടാ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സമാനമായ രീതിയില്‍ മലപ്പുറം കൊണേ്ടാട്ടി സ്വദേശിയുടെ പണവും ചൈനയില്‍നിന്നു നഷ്ടമായതായി പോലീസിനു പരാതി ലഭിച്ചിട്ടുണ്ട്. എടിഎം തട്ടിപ്പു നടത്തിയശേഷം മുങ്ങിയ റൊമാനിയന്‍ സ്വദേശികളുടെ പങ്ക് സംബന്ധിച്ചാണ് അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ള ഗബ്രിയേല്‍ മരിയനെ വിശദമായി ചോദ്യം ചെയ്യും.
അതിനിടെ, ഒരു ഡോക്ടറുടെ എടിഎം അക്കൗണ്ടില്‍നിന്നു പണം തട്ടാന്‍ ശ്രമം നടന്നതായും പരാതി ഉയര്‍ന്നു. അക്കൗണ്ടിലുണ്ടായിരുന്ന 2,000 രൂപ പിന്‍വലിക്കാനാണു ശ്രമം നടന്നത്. എന്നാല്‍, മിനിമം ബാലന്‍സ് വേണ്ട അക്കൗണ്ട് ആയതിനാല്‍ ശ്രമം വിജയിച്ചില്ല.
കഴിഞ്ഞ ദിവസം കോളജ് അധ്യാപികയുടെ അക്കൗണ്ടില്‍ നിന്ന് 56,000 രൂപയാണ് ഓണ്‍ലൈന്‍ തട്ടിപ്പു വഴി നഷ്ടമായത്. ഈ തുക ബാങ്ക് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. നാലു തവണയായി ചൈനയില്‍ നിന്നു കഴിഞ്ഞ ആറ്, ഏഴ്, എട്ട് തീയതികളിലാണു പണം പിന്‍വലിച്ചത്. അധ്യാപിക അശ്വതി മെഡിക്കല്‍ അവധിയിലായിരുന്നതിനാല്‍ ബാങ്ക് അക്കൗണ്ട് പരിശോധിച്ചിരുന്നില്ല. കഴിഞ്ഞ ആറിനാണ് അക്കൗണ്ടില്‍ ശമ്പളം എത്തിയത്. ശമ്പളം എത്തിയ അതേ ദിവസം തന്നെ ആദ്യം പണം പിന്‍വലിച്ചു. തുടര്‍ന്നുള്ള രണ്ടു ദിവസങ്ങളിലും പണം പിന്‍വലിച്ചതായാണു കണെ്ടത്തിയത്.