കൊല്ലങ്കോട്: അടയ്ക്കാപാറ പാറക്കുളത്തിനുസമീപം റോഡിന്റെ അരികുവശം ഇടിഞ്ഞ് വാഹനങ്ങള്‍ക്ക് യാത്രാഭീഷണി. ഇരുവശത്തുനിന്നും വാഹനങ്ങള്‍ എത്തിയാല്‍ ദീര്‍ഘനേരം ഗതാഗതതടസവും പതിവാകും. ഈ സ്ഥലത്ത് യൂ ആകൃതിയിലുള്ള വളവാണുള്ളത്. ഇതുമൂലം ഇരുവശത്തുനിന്നും വരുന്ന വാഹന ഡ്രൈവര്‍മാര്‍ക്ക് എതിരേ വരുന്ന വാഹനങ്ങള്‍ ദൂരെനിന്നും കാണാനാകാത്തതിനാല്‍ മുഖാമുഖമെത്തി പെട്ടെന്നു നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ വാഹനം ഗതിമാറി ഓടി അപകടമുണ്ടാകുന്നതും പതിവാണ്.
ടിപ്പര്‍ലോറിക്കു വഴിമാറികൊടുക്കുന്നതിനിടെ ബൈക്ക് നിയന്ത്രണംവിട്ടു പാറക്കുളത്തില്‍ വീണു യാത്രക്കാരനു മുമ്പ് പരിക്കേറ്റിരുന്നു. രാത്രിസമയങ്ങളിലാണ് ഈ വളവു റോഡില്‍ കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകുന്നത്. ഒരു വാഹനത്തിനു മാത്രം സഞ്ചരിക്കാന്‍ മാത്രമേ റോഡിനു വിസ്താരമുള്ളു. പാറക്കുളത്തിന്റെ ഒരു ഭാഗം നികത്തി അരികുഭിത്തി നിര്‍മിച്ച് യാത്രാ സുരക്ഷിതത്വം ഉറപ്പാക്കണമെന്നാണ് വാഹനം ഓടിക്കുന്നവരുടെ ആവശ്യം.