പാലക്കാട്: ലോട്ടറി മൊത്തവ്യാപാരിയായ പത്തിരിപ്പാല മണ്ണൂര്‍ തുപ്പനാട് പറമ്പ് വീട്ടില്‍ ഷിബിന്‍ റഹ്മാന്റെ ലക്ഷം രൂപവിലയുള്ള ലോട്ടറികള്‍ മോഷണം പോയ കേസില്‍ യുവാവിനെ ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. പെരുങ്ങോട്ടുകുര്‍ശി നടുവത്ത്പാറ സ്വദേശി ജബ്ബാറിനെ(39)യാണ് ടൗണ്‍ നോര്‍ത്ത് എസ്.ഐ പുരുഷോത്തമന്‍പിള്ളയും സംഘവും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 28ന് പരാതിക്കാരന് മുനിസിപ്പല്‍ സ്റ്റാന്റിന് പുറക് വശത്തുള്ള ഹോട്ടലില്‍ ചായകുടിക്കാന്‍ പോയ സമയമാണ് അടുത്ത സീറ്റില്‍ ഇരിക്കുകയായിരുന്ന പ്രതി ലോട്ടറിക്കെട്ട് അടങ്ങിയ ബാഗുമായി കടന്നുകളഞ്ഞത്. തുടര്‍ന്ന് നോര്‍ത്ത് പോലീസില്‍ പരാതി നല്കി. അന്വേഷണത്തിനൊടുവില്‍ പത്തിരിപ്പാലയില്‍ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ പക്കല്‍ നിന്ന് കളവു പോയ ലോട്ടറികള്‍ കണ്ടെടുത്തു. കന്നുകച്ചവടം നടത്തുന്ന പ്രതി ലോട്ടറിയുടെ പകുതിയോളം തമിഴ്നാട് സ്വദേശിക്ക് വില്‍പ്പന നടത്തിയിരുന്നു.
ലോട്ടറി വിറ്റുകിട്ടിയ പണവും പോലീസ് കണ്ടെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രൊബേഷണറി എസ്.ഐ ശ്രീജിത്ത്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മണികണ്ഠന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ആര്. കിഷോര്‍, നന്ദകുമാര്‍, സുനില്‍, കെ. അഹമ്മദ് കബീര്‍, മിനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.