ലൈംഗികചൂഷണത്തിന് ഇരകളായവര്‍ക്കും ഭിന്നലിംഗക്കാര്‍ക്കുമുള്ള പുനരധിവാസ പദ്ധതിക്ക് തുടക്കമായി

Peedanamകോട്ടയം: ലൈംഗികചൂഷണത്തിനു ഇരകളായവര്‍ക്കും ഭിന്നലിംഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുമുള്ള പുനരധിവാസ പദ്ധതി ജില്ലയില്‍ തുടക്കമായി. ദേശീയ ലീഗല്‍ സര്‍വീസസ് അഥോറിറ്റിയുടെ ആഭിമുഖ്യത്തിലാണു പദ്ധതി നടപ്പാക്കുന്നത്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഹൈക്കോടതി ജഡ്ജി സി.കെ. അബ്ദുള്‍ റഹീം നിര്‍വഹിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുമ്പോഴും അതിക്രമത്തിനു വിധേയരായവരെ കുറ്റകൃത്യം ചെയ്തവരെ പോലെ സമൂഹം മാറ്റി നിര്‍ത്തുകയാണ്.

ഒറ്റപ്പെട്ടു പോകുന്ന ഇവരെ ചില ശക്തികള്‍ നിരന്തര ചൂഷണം ചെയ്യുന്ന സാഹചര്യവുമുണ്ട്. ചൂഷണത്തിനു ഇരകളായവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം പൊതുസമൂഹത്തിന്റേതാണെും അദ്ദേഹം പറഞ്ഞു. ചൂഷണം തടയല്‍, ചൂഷണത്തില്‍നിന്ന് രക്ഷ, സൗജന്യ നിയമസഹായം, പുനരധിവാസം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. ചൂഷണത്തിനു വിധേയമാകുന്നതിനുളള കാരണങ്ങള്‍ സംബന്ധിച്ചു കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ആവശ്യമായ ബോധവത്കരണം നല്‍കും.

പദ്ധതിയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഉപജീവനമാര്‍ഗങ്ങള്‍ കണെ്ടത്തി നല്‍കും. ഡിസി ബുക്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജ് എസ്. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ എറണാകുളം റേഞ്ച് ഐജി എസ്. ശ്രീജിത്ത്, അഡ്വ. സിന്ധു ഗോപാലകൃഷ്ണന്‍, കോട്ടയം മെഡിക്കല്‍ കോളജ് സൈക്കോളജി വിഭാഗം അഡീഷണല്‍ പ്രഫ. ഡോ. പി.ജി. സജി, സാമൂഹ്യ നീതി വകുപ്പ് സീനിയര്‍ സൂപ്രണ്ട് കൃഷ്ണമൂര്‍ത്തി, ജില്ലാ ജഡ്ജി കെ. സത്യന്‍, സബ് ജഡ്ജി എ. ഇജാസ്, ജില്ലാ പോലീസ് ചീഫ് എന്‍. രാമചന്ദ്രന്‍, കോട്ടയം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ജോസഫ് ഏബ്രഹാം, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജ്യോതിസ് ബെന്‍, ജില്ലാ ജഡ്ജി കെ. സത്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts