വടക്കഞ്ചേരി: ടാര്‍ ഉണങ്ങുംമുമ്പേ വടക്കഞ്ചേരി- മണ്ണുത്തി ആറുവരിപാതയിലെ സര്‍വീസ് റോഡ് തകര്‍ന്നു. വടക്കഞ്ചേരി റോയല്‍ ജംഗ്ഷനില്‍നിന്നും തങ്കം കവലയിലേക്ക് ബീവറേജസിന്റെ മുന്നിലൂടെയുള്ള സര്‍വീസ് റോഡാണ് തകര്‍ന്നിട്ടുള്ളത്.ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് മാത്രമാണ് സര്‍വീസ് റോഡ് ടാറിംഗ് നടത്തിയിരുന്നത്. വടക്കഞ്ചേരി പാടശേഖരത്തിലേക്ക് ടൗണില്‍ നിന്നുള്ള മലിനജലം ഒഴുകുന്ന ഭാഗത്താണ് തകര്ച്ചയുണ്ടായിട്ടുള്ളത്. പതിനഞ്ച് മീറ്ററോളം ഭാഗം റോഡ് താഴ്ന്നിരിക്കുകയാണ്. റോഡ് നിര്‍മാണത്തിലെ അപാകതയാണ് ഇതിന് കാരണമെന്ന് ചൂണ്ടിക്കാട്ടുന്നു.
ആഴ്ചകള്‍ക്ക് മുമ്പ് ഇവിടെ അടുത്തുതന്നെ എരേശന്കുളത്തും ഇത്തരത്തില്‍ റോഡ് താഴ്ന്നിരുന്നു.പാര്‍ക്ക് ചെയ്തിരുന്ന ലോറി താഴ്ന്ന് പോവുകയായിരുന്നു. പാതവികസനം പൂര്‍ത്തിയായിട്ടില്ലെങ്കിലും ടാറിംഗ് കഴിഞ്ഞ ഭാഗങ്ങള്‍ ഇത്തരത്തില്‍ തകരുന്നത് പരിശോധനാവിധേയമാക്കണമെന്നാണ് ആവശ്യം. ഇതിലൂടെയെല്ലാം യാത്രക്കാരുമായി ബസുകളും മറ്റുനിരവധി വാഹനങ്ങളും പോകുന്നുണ്ട്.
നിലവിലെ പഴയറോഡ് തകര്‍ന്ന് കിടക്കുന്നതിനാല്‍ ഇത്തരത്തില്‍ പണി കഴിഞ്ഞ റോഡിലൂടെയാണ് മണ്ണുത്തിവരെയുള്ള ഭാഗങ്ങളില്‍ വാഹനങ്ങള്‍ കടന്നുപോകുന്നത്. അതേസമയം കാലവര്‍ഷം ജില്ലയില്‍ ശക്തിപ്പെടുംമുമ്പേ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത കുഴികളാല്‍ സമ്പന്നമായി. തേനിടുക്ക് ,പന്നിയങ്കര,പന്തലാംപാടം,വാണിയമ്പാറ, കൊമ്പഴ, കുതിരാന്‍ ഇരുമ്പ് പാലം തുടങ്ങിയവിടങ്ങളില്‍ റോഡ് തകര്‍ന്ന് ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടുണ്ട്. വലിയ ചരക്ക് ലോറികള്‍ കുഴിയിലിറങ്ങി കയറാന്‍ സമയമെടുക്കുന്നത് വാഹനങ്ങളുടെ വീണ്ട വരികള്‍ രൂപപ്പെടാന്‍ ഇടയാവുകയാണ്.