പത്തനംതിട്ട: എല്ലാമതങ്ങളുടെയും വര്‍ഗീയവാദത്തിന് പിന്തുണകൊടുക്കുന്ന സര്‍വമത പ്രീണനമല്ല മതനിരപേക്ഷതയെന്ന് മന്ത്രി മാത്യു ടി.തോമസ്. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന 70-ാമത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായി സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷതയ്ക്ക് ഏറ്റവും അര്‍ത്ഥവത്തായ മാനംനല്കാന് നമുക്കാവണം. ഭീകരവാദവും വിഭാഗീയതയും വേരുറപ്പിക്കാന്‍ സഹായിക്കുന്ന സങ്കുചിത ചിന്തകള്‍ വര്‍ഗീയാടിസ്ഥാനത്തില്‍ രൂപപ്പെടാന്‍ പാടില്ല. നമ്മുടെ രാജ്യത്തിന് ഭീഷണിയായി ഉയരുന്ന ഭീകരപ്രവര്‍ത്തനത്തെ ഉത്തരവാദിത്വത്തോടെ നേരിടും. ഭീകരവാദത്തെ സഹായിക്കുന്ന നടപടി നമ്മുടെ ഭാഗത്തുനിന്നും ഒരിക്കലും ഉണ്ടാകരുത്.
കേരളത്തിലെ ഗ്രാമങ്ങളെ നവംബര്‍ ഒന്നിനും നഗരങ്ങളെ 2017 ജനുവരിയിലും ഓപ്പണ്‍ ഡെഫിക്കേഷന്‍ ഫ്രീ മേഖലയായി പ്രഖ്യാപിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇതില്‍ ജനങ്ങളുടെ പങ്കാളിത്തം അത്യാവശ്യമാണെന്നും മാത്യു ടി.തോമസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ മന്ത്രി ചടങ്ങില്‍ സമ്മാനിച്ചു. പത്തനംതിട്ട അഡ്മിനിസ്ട്രേഷന് ഡിവൈഎസ്.പി പ്രദീപ്കുമാര്‍, കോന്നി സിഐ ഓഫീസിലെ സിവില്‍ പോലീസ് ഓഫീസര്‍ സവിരാജന്‍, അടൂര്‍ കെഎപി മൂന്നാം ബറ്റാലിയനിലെ ഹവില്‍ദാര്‍ നിസാമുദീന്‍, വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ എസ്്ഐ ആര്. ജയരാജ് , സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐ ആര്. ബിനു എന്നിവര്‍ മെഡലുകള്‍ ഏറ്റുവാങ്ങി.
സായുധസേന പതാകനിധി സമാഹരണത്തിന് വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള പുരസ്കാരം അടൂര്‍ കേന്ദ്രീയ വിദ്യാലയത്തിന് ലഭിച്ചു. വിദ്യാഭ്യാസ ഇതര സ്ഥാപനത്തിനുള്ള പുരസ്കാരം എന്‍സിസി 14 കേരള ബറ്റാലിയന് ഏറ്റുവാങ്ങി. മാര്‍ച്ച് പാസ്റ്റില്‍ സായുധസേന വിഭാഗത്തില്‍ പത്തനംതിട്ട എആര്‍ ക്യാമ്പ് ഒന്നാം സ്ഥാനവും ലോക്കല്‍ പോലീസ്, വനിതാ പോലീസ് വിഭാഗങ്ങള്‍ രണ്ടാം സ്ഥാനവും നേടി. സായുധേതര വിഭാഗത്തില്‍ ഫയര്‍ ഫോഴ്സ് ഒന്നാം സ്ഥാനവും വനം, എക്സൈസ് വകുപ്പുകള്‍ രണ്ടാം സ്ഥാനവും നേടി.
ആന്റോ ആന്റണി എംപി, വീണാ ജോര്‍ജ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, നഗരസഭാ ചെയര്‍പേഴ്സണ്‍ രജനി പ്രദീപ്, ജില്ലാ കളക്ടറുടെ ചുമതലുള്ള എഡിഎം സി.സജീവ്, ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ സ്വാതന്ത്ര്യദിന ചടങ്ങുകള്‍ വീക്ഷിക്കാനെത്തിയിരുന്നു.