വീട്ടമ്മയെ ആക്രമിച്ച സംഭവം: പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധം വ്യാപകം

KTM-VEETAMMAമുണ്ടക്കയം ഈസ്റ്റ്: വീട്ടില്‍ കയറി വീട്ടമ്മയെ തോക്കുചൂണ്ടി ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികളെ പോലീസ് പിടികൂടാത്തതില്‍ പ്രതിഷേധിച്ചു മേഖലയില്‍ പ്രതിഷേധം വ്യാപകം. പാലൂര്‍കാവ് പനച്ചിക്കല്‍ വീട്ടില്‍ തങ്കച്ചന്റെ ഭാര്യ മേഴ്‌സിയെയാണു ഞായറാഴ്ച വൈകുന്നേരം നാലരയോടെ രണ്ടംഗ സംഘം ആക്രമിച്ചത്. മദ്യലഹരിയില്‍ എത്തിയ സംഘം ഗൃഹനാഥനെ അന്വേഷിച്ചു വീട്ടിലെത്തുകയായിരുന്നു. ഇവര്‍ അമിത മദ്യലഹരിയിലായിരുന്നതിനാല്‍ മേഴ്‌സി കതക് അടയ്ക്കുകയായിരുന്നു.

ഇതില്‍ ക്ഷുഭിതരായ സംഘം കതക് തല്ലിപ്പൊളിച്ച് അകത്തുപ്രവേശിക്കുകയും മേഴ്‌സിയുടെ മേല്‍ കൈത്തോക്കു ചൂണ്ടി കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. തുടര്‍ന്നു മേഴ്‌സിയുടെ മാല പൊട്ടിക്കാന്‍ ശ്രമിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തിരുന്നു. സംഭവത്തില്‍ പരിക്കേറ്റ മേഴ്‌സി മുണ്ടക്കയത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.സംഭവം നടന്നു രണ്ടുദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതില്‍ വിവിധ രാഷ്ട്രീയസംഘടനകളുടെ യുവജന വിഭാഗം പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള പ്രതിഷേധപരിപാടികള്‍ക്കു നേതൃത്വം നല്‍കുമെന്ന് പറഞ്ഞു.

അക്രമത്തിനു പിന്നില്‍ സ്വകാര്യ ആഡംബര കാറുകള്‍ വാടകയ്ക്കു നല്‍കുന്ന മാഫിയാ സംഘത്തിലെ ആളുകളാണെന്നു പോലീസിനു വ്യക്തമായിട്ടുള്ളതായി പറയുന്നു. ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായി പെരുവന്താനം എസ്‌ഐ മുരളീധരന്‍ പറഞ്ഞു.

Related posts