വീരമാര്‍ത്താണ്ട സ്മരണയില്‍ കാണിക്കാരുടെ ഓണാഘോഷം

tvm-marthandavarmaകാട്ടാക്കട: അഗസ്ത്യ മലനിരകളിലെ ആദിവാസികളായ കാണിക്കാര്‍ക്ക് വീരമാര്‍ത്താണ്ടന്‍ കാട്ടുദൈവമാണ്. കാണിക്കാര്‍ ഇനി രണ്ടുനാള്‍ ഈ ദൈവത്തിന്റെ സ്തുതിഗീതങ്ങള്‍ ചാറ്റ് പാട്ടിലൂടെ തങ്ങളുടെ കുടിലുകളില്‍ പൂജയായി അര്‍പ്പിക്കുകയും ദൈവത്തിന് ഓണസദ്യ നല്‍കുകയും ചെയ്യും. പഴയ തിരുവിതാംകൂര്‍ ദേശത്തെ താമസക്കാര്‍ എന്ന നിലയില്‍ ഇങ്ങ് തലസ്ഥാനജില്ലയിലെ കുറ്റിച്ചല്‍ മുതല്‍ തമിഴ് നാട്ടിലെ തിരുനെല്‍വേലി ജില്ലയിലെ കളക്കാട്, മുണ്ടന്‍തുറൈ വന്യജീവിസങ്കേതങ്ങളിലെ കാണിക്കാര്‍ ഓണം ഈ കാട്ടുദൈവത്തിന്റെ സമര്‍പ്പണമാക്കി മാറ്റിയിരിക്കുകയാണ്. കൊല്ലവര്‍ഷം 300 ന് ഇടയ്ക്ക് അഗസ്ത്യമലയുടെ അപ്പുറത്ത് കോതയാറിന്‍ തീരത്ത് വാണ കാട്ടു രാജാവാണ് വീരമാര്‍ത്താണ്ടനരയന്‍. കോത, പറളി ,മണിമുത്തി ,ചെമ്പരുത്തി എന്നീ നദികളുടെ സംഗമസ്ഥാനത്ത് കോതയാര്‍ ആസ്ഥാനമാക്കിയാണ് നാട്ടുരാജാവ് ഭരിച്ചിരുന്നത്.

അന്നത്തെ നാടുവാഴി ആറ്റിങ്ങല്‍ തമ്പുരാന്‍ ആയിരുന്നു. ആറ്റിങ്ങല്‍ തമ്പുരാനാണ് വീരമാര്‍ത്താണ്ടനെ അരയന്‍ പട്ടം സ്ഥാനംനല്‍കുകയും പൊന്നും പൊരുളും കല്‍പ്പിച്ച് നല്‍കുകയും അടിപാണ്ടി, നടുപാണ്ടി, തലപാണ്ടി എന്നീ ദേശങ്ങളിലെ കരവും മറ്റ് അവകാശവും അധികാരവും നല്‍കുകയും ചെയ്തു. അന്ന് ജനവാസമുണ്ടായിരുന്ന ഇവിടം സമ്പല്‍ സമ്യദ്ധവുമായിരുന്നു. അടുത്തുള്ള പാണ്ഡ്യരാജ്യത്തില്‍ നിന്നുള്ള ആക്രമണം തടയാനും ജനങ്ങളുടെ ക്ഷേമം നടപ്പിലാക്കാനും വീരമാര്‍ത്താണ്ടനരയന്‍ ഒരു കോട്ട കെട്ടി ഭരിച്ചിരുന്നു.എല്ലാ ഓണ നാളിലും തന്റെ നാട്ടിലെ കാര്‍ഷിക വിഭവങ്ങളും വനവിഭവങ്ങളുമായി അരയന്‍  ആറ്റിങ്ങല്‍ കൊട്ടാരത്തില്‍ എത്തുകയും രാജാവിന്റെ കാണിക്ക വാങ്ങി മടങ്ങുകയും ചെയ്യും. അങ്ങിനെ സമൃദ്ധമായി വാണ കോതയാറിന്‍ ദേശം അങ്ങ് പാണ്ഡ്യദേശത്ത് പോലും കേള്‍വി കേട്ടിരുന്നു.

അതിനിടെ മാര്‍ത്താണ്ടനരയന്റെ മകള്‍ കരുമ്പാണ്ടിയ്ക്ക് ആലുന്തരയിലുള്ള കൊച്ചാതിച്ചനോട് പ്രണയം. അവരുടെ വിവാഹവും നിശ്ചയിച്ചു. വിവാഹത്തിന് പാണ്ഡ്യരാജാവിനെയും കൂട്ടരേയും ക്ഷണിച്ചു. എന്നാല്‍ ക്ഷണം നിരസിച്ച പാണ്ഡ്യരാജാവ് കരുമ്പാണ്ടിയെ തന്റെ കൊട്ടാരത്തില്‍ ദാസ്യപണിക്കാരിയായി വിട്ടുതരണമെന്ന് പറയുകയും ചെയ്തു.ജാതി പറഞ്ഞ് അധിക്ഷേപിച്ച്  വിവാഹത്തില്‍ പങ്കെടുക്കാതെ പാണ്ഡ്യരാജാവ് മാറിനിന്നു. കലി മൂത്ത അരയനും കാണിക്കാരും പ്രതികാരം തീര്‍ത്തത് പാണ്ഡ്യരാജ്യത്തെ വറുതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയാണ്.പാണ്ഡ്യരാജ്യത്ത് വെള്ളം എത്തുന്നത് അഗസ്ത്യമലയില്‍ നിന്നും ഉത്ഭവിക്കുന്ന   കോതയാറില്‍ നിന്നാണ്. കാണിക്കാര്‍ ദിവസങ്ങളോളം പണിയെടുത്ത് കോതയാറ്റില്‍ കല്ലുകള്‍ ചേര്‍ത്ത് അണകെട്ടി വെള്ളം തടഞ്ഞു നിറുത്തി. പാണ്ഡ്യരാജ്യത്ത് വെള്ളം  എത്താതെയായി. ഇതോടെ അവിടെ ജനങ്ങള്‍ പ്രശ്‌നമുണ്ടാക്കി.

രാജാവിനു മുന്നില്‍ പരാതികളുടെ പ്രളയമായി. വെള്ളം കിട്ടാതെ കര്‍ഷകര്‍ വലഞ്ഞു. ദാഹജലവും മുടങ്ങിയതോടെ പാണ്ഡ്യരാജ്യത്ത് കലഹം മൂത്തു. ഒടുവില്‍ രാജാവ് കല്ലണ മാറ്റി തരാന്‍ കല്‍പ്പിച്ചു. എന്നാല്‍ ഇത് ആറ്റിങ്ങല്‍ രാജാവിന്റെ വകയാണെന്നും പാണ്ഡ്യരാജ്യത്തിന് അവകാശമില്ലെന്നും പറഞ്ഞ് അരയന്‍ ഉറച്ചു നിന്നു. അങ്ങിനെ കിഴക്കോട്ടു ഒഴുകിയിരുന്ന നദിയുടെ ഗതി പടിഞ്ഞാറോട്ടു തിരിച്ചു വിട്ട കാണിക്കാരെ തറപറ്റിക്കാന്‍ ഒടുവില്‍ യുദ്ധവുമായി പാണ്ഡ്യരാജ്യം എത്തി. മാസങ്ങളോളം നീണ്ടു നിന്ന യുദ്ധം തിരുവോണനാളിലാണ് സമാപിച്ചത്. യുദ്ധത്തില്‍ പരാജയപ്പെടുമെന്ന് മനസിലാക്കിയ അരയന്‍ കല്ലണയില്‍ തന്നെ ജീവനൊടുക്കി.കരുമ്പാണ്ടി പാണ്ട്യരാജാവിന്റെ അടിമായാകുമെന്ന് കണ്ടതിനാല്‍ മകള്‍ മാടന്‍ ദൈവത്തിന്റെ മുന്നില്‍ ബലി അര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഈ ദേശം പാണ്ഡ്യരാജ്യത്തിന്റെ വകയായി മാറി.

ഒടുവില്‍ കല്ലണ മാറ്റി വെള്ളം പാണ്ഡ്യരാജ്യത്ത് എത്തിച്ചു. കാലം മാറിയതോടെ വീരമാര്‍ത്താണ്ടന്‍ കാണിക്കാരുടെ ദൈവമായി മാറി. തിരുവോണ നാളില്‍ മരണപ്പെട്ട അരയനെയും മകള്‍ കരുമ്പാണ്ടിയെയും പ്രീണിപ്പിക്കാന്‍ കാണിക്കാര്‍  തിരുവോണനാള്‍ അവര്‍ക്ക് വേണ്ടി മാറ്റിവയ്ക്കുകയായിരുന്നു. ഇനി മുന്ന് നാള്‍ ഇവര്‍ക്കായി ചാറ്റ് പാട്ട് നടത്തും. കൊടുതിയും നടത്തും.  മാര്‍ത്താണ്ടന്‍ വാണ വീരനല്ലൂര്‍ കോട്ടയുടെ അവശിഷ്ങ്ങള്‍ ഇപ്പോഴും ഉള്ള കോതയാറിന്‍ തീരത്ത് തമിഴ്‌നാട് ജില്ലയിലെ കാണിക്കാര്‍ പ്രത്യേക പൂജയും സദ്യയും നടത്തും. കാണിക്കാര്‍ നിര്‍മ്മിച്ച കല്ലണയും അത് വഴി രൂപപ്പെടുകയും ഒടുവില്‍ ഉണങ്ങിയ പാണ്ടിയനരുവിയും ഇപ്പോഴും കാണാനാകും. ഇതിനു സമീപത്താണ് കാട് താണ്ടി എത്തുന്ന കാണിക്കാര്‍ ഓണനാളില്‍ തങ്ങളുടെ തൈവത്തെ സ്മരിക്കുന്നത്.

Related posts