വേനല്‍ചൂടില്‍ വലഞ്ഞവര്‍ക്കു വെള്ളംനല്കി നടന്‍ മമ്മൂട്ടി

kt-mamootyകോട്ടയം: വേനല്‍ചൂടില്‍ വലഞ്ഞവര്‍ക്കു വെള്ളം നല്കി നടന്‍ മമ്മൂട്ടി. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണലിന്റെ “ഓണ്‍ യുവര്‍ വാട്ടര്‍’ പദ്ധതിയുടെ ജില്ലയിലെ ഉദ്ഘാടനം താരം നിര്‍വഹിച്ചു.   ജില്ലാ ആശുപത്രിയിലെത്തിയ ഭിന്നശേഷിയുള്ള കുമരകം മാഞ്ചിറ എം.ആര്‍. രാജേഷിനു കുടിവെള്ളം നല്കിക്കൊണ്ടായിരുന്നു പദ്ധതിയ്ക്ക് മമ്മൂട്ടി തുടക്കമിട്ടത്. കളക്ടറേറ്റ് സിഎസ്‌ഐ പള്ളിക്കു സമീപമുള്ള എച്ച്പി പമ്പിലാണു പദ്ധതി ആരംഭിച്ചിരിക്കുന്നത്. നഗരത്തിലെത്തുന്നവര്‍ക്കെല്ലാം ദാഹമകറ്റാന്‍ പദ്ധതി ഉപകരിക്കുമെന്നു മമ്മൂട്ടി പറഞ്ഞു.

ദിവസം മുഴുവനും വെള്ളമെടുക്കാവുന്ന രീതിയിലാണു പദ്ധതി തയാറാക്കിയിരിക്കുന്നത്. യാത്രക്കാര്‍ക്കു കുടിവെള്ളത്തിനു മാത്രമായല്ല വീടുകളിലേക്കു കുടിവെള്ളം കൊണ്ടുപോകാനും പദ്ധതി ഉപകരിക്കും.  വാഹനം പാര്‍ക്ക് ചെയ്തു വെള്ളം സംഭരിക്കുന്നതിനുള്ള ക്രമീകരണവും ഇവിടെയുണ്ട്. രണ്ടായിരം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കില്‍ എപ്പോഴും 500 ലിറ്റര്‍ വെള്ളമെങ്കിലുമുണ്ടായിരിക്കുന്ന രീതിയിലാണു ക്രമീകരണമൊരുക്കിയിരിക്കുന്നത്.

പമ്പ് ഉടമകളായ നോബി ഫിലിപ്പും റോബിയും മമ്മൂട്ടിയെ കണ്ടു സംഭരണി വയ്ക്കാനുള്ള സ്ഥലം വാഗ്ദാനം ചെയ്യുകയായിരുന്നു. കുടിവെള്ള ക്ഷാമം പരിഹരിക്കപ്പെടുന്ന രീതിയിലുള്ള മഴ ലഭ്യമാകും വരെ സംഭരണി പ്രവര്‍ത്തിക്കുമെന്നു കെയര്‍ ആന്‍ഡ് ഷെയര്‍ മാനേജിംഗ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന്‍ മരോട്ടിപ്പുഴ പറഞ്ഞു.

നേരത്തെ എറണാകുളം ജില്ലയില്‍ പദ്ധതി നടപ്പാക്കിയിരുന്നു. കോട്ടയത്തിനൊപ്പം ഇന്നലെ പത്തനംതിട്ടയിലും ഓണ്‍ യുവര്‍ വാട്ടര്‍ പദ്ധതിയക്കു തുടക്കമായി. ജില്ലാ പോലീസ് മേധാവി എസ്. സതീഷ് ബിനോ, കെയര്‍ ആന്‍ഡ് ഷെയര്‍ ഡയറക്ടര്‍ റോബര്‍ട്ട് കുര്യാക്കോസ്, ജോര്‍ജ് സെബാസ്റ്റിയന്‍, നോബി ഫിലിപ്പ്, എ.ആര്‍. സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts