വ്യാജമദ്യദുരന്ത സാധ്യത; പരിശോധന ശക്തമാക്കണം : കളക്ടര്‍

alp-vattuകൊല്ലം :തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വ്യാജമദ്യത്തിന്റെ ഒഴുക്കുണ്ടാവുമെന്നും മദ്യദുരന്തത്തിന് സാധ്യതയുണ്ടെന്നുമുള്ള സ്റ്റേറ്റ് ഇന്റലിജന്‍സ് റിപ്പോട്ടിന്റെ അടിസ്ഥാനത്തില്‍ പരിശോധന ശക്തമാക്കണമെന്ന് ജില്ലാ കളക്ടര്‍ എ ഷൈനമോള്‍ പറഞ്ഞു. ഇതുസംബന്ധിച്ച പൊലീസ്-എക്‌സൈസ്-ഫോറസ്റ്റ്-റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അവര്‍. ബിയര്‍-വൈന്‍ പാര്‍ലറുകളിലെ പരിശോധനയുടെ  തോത് വര്‍ധിപ്പിക്കണം.

അതിര്‍ത്തിവഴിയുള്ള വ്യാജമദ്യത്തിന്റെ ഒഴുക്കുതടയാന്‍ പ്രത്യേക പരിശോധനാ സംഘത്തെ നിയോഗിക്കണം. ആര്യങ്കാവ് വഴിയുള്ള വാഹനങ്ങളെ കൂടുതല്‍ നിരീക്ഷണത്തിന് വിധേയമാക്കണം. സാധാരണ പരിശോധനകള്‍ക്ക് പുറമേ പ്രത്യേക അന്വേഷണ സംഘങ്ങളെ ഉപയോഗപ്പെടുത്തി പരിശോധന കുറ്റമറ്റതാക്കണം. പൊലീസ്-എക്‌സൈസ്-ഫോറസ്റ്റ്-റവന്യൂ ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന നടത്തണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു.

മുന്‍കാലങ്ങളില്‍ എക്‌സൈസ് കേസുകളില്‍ പിടിക്കപ്പെട്ടവരെ പ്രത്യേകം നിരീക്ഷിക്കണം.  വ്യാജമദ്യം സുലഭമാകാന്‍ സാധ്യതയുണ്ടെന്ന് എക്‌സൈസ്-പോലീസ് ഉദ്യോഗസ്ഥര്‍ വിലയിരുത്തിയിട്ടുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കണം. ഇതിനായി വില്ലേജ് ഓഫീസര്‍മാരുടെ സേവനവും ഉപയോഗപ്പെടുത്താം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയോഗിച്ചിട്ടുള്ള സ്റ്റാറ്റിക് സര്‍വെയിലന്‍സ് ടീമുകളുടെ പരിശോധന ഊര്‍ജിതമാക്കണം.

സാധാരണക്കാര്‍ക്കും നിര്‍ഭയം വിവരങ്ങള്‍ പൊലീസിന് നല്‍കാനുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തണം. ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അതത് ദിവസം തന്നെ റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്നും കഴക്ടര്‍ ആവശ്യപ്പെട്ടു.

Related posts