കരുനാഗപ്പള്ളി: വ്രതാനുഷ്ഠാനത്തിന് വിശ്വാസികളും പ്രാര്‍ഥനകള്‍ക്ക് മസ്ജിദുകളും ഒരുങ്ങി. ഇനിയുള്ള ഒരുമാസം വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ദൈവത്തിന്റെ പ്രീതിക്കായുള്ള കാത്തിരിപ്പാണ്. പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് വ്രതം നോല്‍ക്കുകയും രാത്രിയില്‍ പ്രാര്‍ഥനകളില്‍ മുഴുകുകയുമാണ് ഇനി ഓരോവിശ്വാസിയും.
മാസപ്പിറവി കണ്ടതോടെ ഇന്ന് സംസ്ഥാനത്ത് റംസാന് വ്രതം ആരംഭിക്കും. ഇന്ന് പുലര്‍ച്ചെ സുബഹി ബാങ്ക് വിളിയോടെ നോമ്പ് തുടങ്ങി. വൈകുന്നേരത്തെ മഗ്രിബ് ബാങ്കോടെ വ്രതം അവസാനിക്കും. തുടര്‍ന്നുള്ള ദിവസങ്ങളിലും വ്രതാനുഷ്ഠാനും ഈ രീതിയിലാണ് നടക്കുന്നത്. റംസാന് നോമ്പിനെ വരവേല്‍ക്കാന്‍ മസ്ജിദുകളും മുസ്ലീം ഭവനങ്ങളും ഒരുങ്ങി കഴിഞ്ഞു. ഇന്നലെ രാത്രിയില്‍ പള്ളികളില്‍ നടന്ന തറാവീഹ് നമസ്കാരത്തില്‍ പങ്കെടുക്കാന്‍ നൂറുകണക്കിന് വിശ്വാസികളാണ് എത്തിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാത്രിയിലെ നമസ്കാരം തുടരും.
മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിച്ച് കൊണ്ട് പല സ്ഥലങ്ങളിലും നോമ്പ് തുറകള്‍ സജീവമാകും. മറ്റ് മത വിഭാഗത്തിലുള്ളവരും റംസാനില്‍ നോമ്പനുഷ്ഠിക്കാറുണ്ട്. പുണ്യങ്ങളുടെ പൂക്കാലമായാണ് റംസാനെ വിശ്വാസികള്‍ കാണുന്നത്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പകല്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് ദൈവപ്രീതിക്കായി നോമ്പനുഷ്ഠിക്കാറുണ്ട്. ഓരോ പള്ളികളിലും നോമ്പ് തുറയ്ക്കുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
റംസാനെ വരവേറ്റ് നേരത്തെ തന്നെ മസ്ജിദുകള്‍ മനോഹരമാക്കി കഴിഞ്ഞു. ഇനിയുള്ള മുപ്പത് നാളുകള്‍ വിശ്വാസികള്‍ക്ക് ആത്മസംസ്കരണത്തിന്റെ ദിനങ്ങളാണ്. ഖുര്‍ആന്‍ അവതരിച്ച മാസം കൂടിയാണ് റംസാന് എന്ന പ്രത്യേകതയും ഉണ്ട്. പള്ളികളും ഭവനങ്ങളും ഖൂര്ആന് പാരായണം കൊണ്ട് മുഖരിതമാകും. ഇനിയുള്ള മുപ്പത് നാളുകള്‍ വിശ്വാസികള്‍ക്ക് ആത്മസംസ്കരണത്തിന്റെ ദിനങ്ങളാണ്.