ശബരിമലയെ വാണിജ്യകേന്ദ്രമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ ചെറുക്കും

sabarimalaകോഴഞ്ചേരി: ശബരിമലയെ വാണിജ്യകേന്ദ്രമാക്കി അധഃപതിപ്പിക്കാനുള്ള സര്‍ക്കാര്‍, ദേവസ്വം ബോര്‍ഡ് ശ്രമത്തിനെതിരെ ഭക്തജനസംഘടനകളുടെ നേതൃത്വത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ കോഴഞ്ചേരിയില്‍ ചേര്‍ന്ന ക്ഷേത്ര ഏകോപന സമിതി നേതൃയോഗം തീരുമാനിച്ചു. ശബരിമലയില്‍ പണം വാങ്ങി ദര്‍ശനം അനുവദിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചാല്‍ എന്തുവില കൊടുത്തും എതിര്‍ക്കുമെന്നും യോഗം അറിയിച്ചു. അയ്യപ്പഭക്തരെ ചൂഷണം ചെയ്യുന്നതില്‍ ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും ഒരേ നയമാണ്. ഭക്തര്‍ക്ക് 100 രൂപ അംഗത്വഫീസ് ഏര്‍പ്പെടുത്തിയതും വഴിപാട് നിരക്ക് ക്രമാതീതമായി ഉയര്‍ത്തിയതും ദേവസ്വം ബോര്‍ഡാണ്.

ഭക്തരില്‍ നിന്ന് 50 രൂപ വികസന ഫണ്ടായി വാങ്ങണമെന്നും ദര്‍ശനത്തിന് 250 മുതല്‍ 1000 രൂപ വരെ ഫീസ് വാങ്ങണമെന്നും നിര്‍ദേശം വച്ചത് മുഖ്യമന്ത്രിയാണ്. ശബരിമലയെ ആത്മീയ കേന്ദ്രമായല്ല, മറിച്ച് ലാഭം കൊയ്യുന്ന വാണിജ്യ കേന്ദ്രമായിട്ടാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും കാണുന്നതെന്നാണ് ഇത് തെളിയിക്കുന്നതെന്ന് നേതൃയോഗം കുറ്റപ്പെടുത്തി. ശബരിമലയ്‌ക്കെതിരെയുള്ള ഗൂഢനീക്കത്തിനെതിരെ സെപ്റ്റംബര്‍ ഏഴിന് അയ്യപ്പഭക്തസംഘടനകള്‍, ഗുരുസ്വാമിമാര്‍, ക്ഷേത്ര ഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ ധര്‍ണ നടത്തും.

ഒക്ടോബര്‍ ആദ്യവാരം അയ്യപ്പഭക്തസംഘടനകളുടെ നേതൃയോഗം ചേര്‍ന്ന് തുടര്‍ പ്രക്ഷോഭങ്ങള്‍ക്ക് രൂപം നല്കാനും തീരുമാനിച്ചു. ക്ഷേത്രസങ്കേതങ്ങള്‍ക്കെതിരെയുള്ള ആസൂത്രിത നീക്കത്തിനെതിരെ സമുദായിക പ്രസ്ഥാനങ്ങളുടെ പിന്തുണ ഉറപ്പാക്കാനും നേതൃയോഗം തീരുമാനിച്ചു. നേതൃസമ്മേളനത്തില്‍ ക്ഷേത്ര ഏകോപന സമിതി സംയോജകന്‍ പി.വി. മുരളീധരന്‍ അധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി  സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ. ഹരിദാസ്, സംഘടനാ സെക്രട്ടറി സി. ബാബു, സഹസംഘടനാ സെക്രട്ടറി വി. സുശീകുമാര്‍, സംസ്ഥാന കമ്മിറ്റിയംഗം അമ്പോറ്റി കോഴഞ്ചേരി എന്നിവര്‍ പ്രസംഗിച്ചു.

Related posts