സിപിഎം സംസ്ഥാന സെക്രട്ടറിയറ്റംഗം വി.വി.ദക്ഷിണാമൂര്‍ത്തി അന്തരിച്ചു; അ്ര്‍ബുദരോഗത്തെ തുടര്‍ന്നാണ് മരണം

vv-daskinamoorthiകോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറിയറ്റംഗവും ദേശാഭിമാനി മുന്‍ ചീഫ് എഡിറ്ററുമായ വി.വി.ദക്ഷിണാമൂര്‍ത്തി (82) അന്തരിച്ചു. കോഴിക്കോട് സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കരള്‍ രോഗത്തിനും അര്‍ബുദത്തിനും ചികിത്സയിലായിരുന്ന അദ്ദേഹം വൈകിട്ട് 3.30 ഓടെയാണ് മരണത്തിന് കീഴടങ്ങിയത്. സംസ്കാരം പിന്നീട്.

മികച്ച പാര്‍ലമെന്റേറിയന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്ന ദക്ഷിണാമൂര്‍ത്തി സംസ്ഥാനത്തെ അധ്യാപക പ്രസ്ഥാനത്തിന്റെ മുന്‍നിര നേതാവായിരുന്നു. മാര്‍ക്‌സിയന്‍ ദര്‍ശനത്തെക്കുറിച്ച് വിപുലമായ അറിവുള്ള ഇദ്ദേഹം കേരളത്തിലാകെ പാര്‍ട്ടി ക്ലാസുകള്‍ നയിക്കുന്നതിലും മികവുകാട്ടി. പത്രാധിപരെന്ന നിലയില്‍ ദേശാഭിമാനി പത്രത്തിന്റെ വളര്‍ച്ചയിലും നിര്‍ണായക പങ്കുവഹിച്ചു. 19 വര്‍ഷത്തോളം ദേശാഭിമാനി കോഴിക്കോട് യൂണിറ്റ് മാനേജറായിരുന്നു. ദേശാഭിമാനി പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിംഗ് കമ്പനി മാനേജിംഗ് ഡയറക്ടറുമാണ്. 1965, 67, 80 വര്‍ഷങ്ങളില്‍ പേരാമ്പ്രയില്‍ നിന്ന് നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1980-82 കാലത്ത് സിപിഎം നിയമസഭാ വിപ്പുമായിരുന്നു അദ്ദേഹം.

ചെത്തുതൊഴിലാളികള്‍, അധ്യാപകര്‍, ക്ഷേത്രജീവനക്കാര്‍, തോട്ടംതൊഴിലാളികള്‍ തുടങ്ങി വിവിധ വിഭാഗം തൊഴിലാളികളെ സംഘടിപ്പിച്ച് ട്രേഡ് യൂണിയന്‍ മേഖലയിലും സജീവമായി ഇടപെട്ടു. മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) സംസ്ഥാന പ്രസിഡന്റാണ്. ദീര്‍ഘകാലം കലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റംഗമായിരുന്നു.

കോഴിക്കോട് ജില്ലയിലെ പേരാമ്പ്രക്കടുത്ത് പാലേരി സ്വദേശിയാണ്. 1934-ല്‍ പനക്കാട്ട് ടി.ആര്‍.വാര്യര്‍-നാരായണി വാരസ്യാര്‍ ദമ്പതികളുടെ മകനായാണ് അദ്ദേഹത്തിന്റെ ജനനം. ഭാര്യ: റിട്ടയേഡ് അധ്യാപിക ടി.എം.നളിനി. മക്കള്‍: മിനി (അധ്യാപിക, മാനിപുരം എയുപി സ്കൂള്‍), അജയകുമാര്‍ (പ്രിന്‍സിപ്പല്‍, വെള്ളിമാട്കുന്ന് ജെഡിറ്റി ഇസ്‌ലാം ഐടിഐ), ആര്‍.പ്രസാദ് (ദേശാഭിമാനി മലപ്പുറം യൂണിറ്റ് മാനേജര്‍
മരുമക്കള്‍: എ.ശിവശങ്കരന്‍ (ഡെപ്യൂട്ടി പോസ്റ്റ് മാസ്റ്റര്‍, കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസ്), ശ്രീകല കൊടശേരി (അധ്യാപിക, വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍), പ്രിയ പേരാമ്പ്ര (അധ്യാപിക, ജെഡിടി ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, വെള്ളിമാട്കുന്ന്).

1950-ല്‍ 16-ാമത്തെ വയസിലാണ് ഇദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായത്. 1982-ല്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായി. കുറച്ചുകാലം കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായിരുന്നു. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കോഴിക്കോട് ജില്ലാ കൗണ്‍സില്‍ അംഗമായി. 1965-ല്‍ സിപിഎമ്മിന്റെ ആദ്യ താല്‍ക്കാലിക കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റംഗമായി പ്രവര്‍ത്തിച്ചു. ജില്ലയില്‍ സിപിഎം കെട്ടിപ്പടുക്കുന്നതില്‍ നേതൃപരമായ പങ്കുവഹിച്ചു. കേരളാ സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷന്റെ ആദ്യ ജില്ലാ പ്രസിഡന്റുമായിരുന്നു.

വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്. മലബാര്‍ ഐക്യവിദ്യാര്‍ഥി സംഘടനാ പ്രസിഡന്റ്, ജോ.സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പേരാമ്പ്ര ഹൈസ്കൂളിലും കോഴിക്കോട് ഗുരുവായൂരപ്പന്‍, ഫാറൂഖ് കോളജുകളിലുമായിരുന്നു വിദ്യാഭ്യാസം. 26 വര്‍ഷം സ്കൂള്‍ അധ്യാപകനായി. 1982-ല്‍ വടക്കുമ്പാട് ഹൈസ്കൂളില്‍ നിന്ന് സ്വമേധയാ വിരമിച്ചു. കെപിടിഎഫ് ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, കെപിടിയു സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

കൊയിലാണ്ടി താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍(സിഐടിയു)സ്ഥാപക പ്രസിഡന്റ്, ഗവ. ഹോസ്പിറ്റല്‍ വര്‍ക്കേഴ്‌സ യൂണിയന്‍ സംസ്ഥാന പ്രസിഡന്റ്, പേരാമ്പ്ര ഏരിയാ എസ്‌റ്റേറ്റ് ലേബര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രസിഡന്റ്, ജില്ലാ ഫാം വര്‍ക്കേഴ്‌സ യൂണിയന്‍ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. പേരാമ്പ്ര റീജിനല്‍ കോ-ഓപറേറ്റീവ് ബാങ്ക് പ്രസിഡന്റായും പ്രവര്‍ത്തിച്ചു.

അടിയന്തരാവസ്ഥക്കാലത്ത് 16 മാസം ജയില്‍ വാസമനുഭവിച്ചു. 1968-ല്‍ എകെജി കാസര്‍ഗോഡ് നിന്നാരംഭിച്ച രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്തിട്ടുണ്ട്. ട്രാന്‍സ്‌പോര്‍ട്ട് സമരത്തിന്റെ ഭാഗമായി നിരാഹാര സമരത്തിലും പങ്കെടുത്തു. 1969-ഡിസംബര്‍ ഒന്നിന് സി.അച്യുതമേനോന്‍ സര്‍ക്കാരിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ കോഴിക്കോട് കളക്ടറേറ്റ് പിക്കറ്റിംഗില്‍ ക്രൂരമായ പോലീസ് മര്‍ദ്ദനത്തിനിരയായി.

Related posts