ഡല്‍ഹിഡയറി / ജോര്‍ജ് കള്ളിവയലില്‍
ക്രിക്കറ്റ് മത്സരത്തേക്കാളും വീറും വാശിയും ആവേശവും ഉദ്വേഗവും നിറഞ്ഞതായി കോണ്‍ഗ്രസിന്റെ ഡല്‍ഹിയിലെ സ്ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ചകള്‍. യേശുക്രിസ്തു അഞ്ചപ്പം അയ്യായിരം പേര്‍ക്കു വിളമ്പിയതുപോലെ കോണ്‍ഗ്രസിലെ സീറ്റ് വിഭജനവും അദ്ഭുതകരമായി. ഏതൊക്കെ ബാറ്റ്‌സ്മാന്മാരെ വീഴ്ത്തണമെന്നും ആരെ അടിച്ചു പരത്തണമെന്നു എതിര്‍ ടീമുകള്‍ തന്ത്രം മെനയുന്ന അതേ കളി. ഏതൊക്കെ വിക്കറ്റുകള്‍ വീഴുമെന്നറിയാന്‍ ആകാംക്ഷയോടെ നേതാക്കളും കാണികളും കാത്തിരുന്നു. ഓരോ ദിവസവും ഓരോ മിനിറ്റും, ട്വന്റി 20 ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യയെ വീഴ്ത്തിയ വെസ്റ്റ് ഇന്‍ഡീന്‍സിന്റെ പ്രകടനത്തെ വെല്ലുന്ന ഉദ്വേഗജനകമായ നിമിഷങ്ങളാണു ഡല്‍ഹിയിലെ കോണ്‍ഗ്രസ് സീറ്റ് ചര്‍ച്ചയില്‍ കണ്ടത്.
എതിരാളിയെ വീഴ്ത്താനും വിക്കറ്റ് തെറിക്കാതെ പിടിച്ചുനില്‍ക്കാനും വിരുദ്ധ ഗ്രൂപ്പുകള്‍ പരസ്പരം തയാറെടുത്തായിരുന്നു നില്‍പ്പ്. കളിയിലെ കേമന്‍ ആരാണെന്നു കാണിച്ചുതരാം എന്ന തരത്തിലുള്ള കളിയാണു ക്യാപ്റ്റന്മാരായ ഉമ്മന്‍ ചാണ്ടിയും വി.എം. സുധീരനും കാഴ്ചവച്ചത്. സുധീര കോഹ്‌ലിയും സിമ്മണ്‍സ് ചാണ്ടിയും കളത്തില്‍ നിറയുന്നതാണു പിന്നെ കണ്ടത്. ഇന്ത്യ- വെസ്റ്റ് ഇന്‍ഡിസ് ക്രിക്കറ്റ് സെമിയില്‍ വിരാട് കോഹ്‌ലിയും ലെന്‍ഡല്‍ സിമ്മണ്‍സും തകര്‍ത്താടിയപ്പോള്‍ കാണികള്‍ക്കു ഹരമായതുപോലെ. മുമ്പു പലതവണ കേരളം കണ്ട കെ. കരുണാകരന്‍- എ.കെ. ആന്റണി പോരുകളുടെ ഓര്‍മ പുതുക്കാനും കോണ്‍ഗ്രസുകാര്‍ക്കായി.
വൈരം മറന്നു ചെന്നിത്തല
അടൂര്‍ പ്രകാശ്, കെ. ബാബു, കെ.സി. ജോസഫ്, ബെന്നി ബഹനാന്‍, ഡൊമിനിക് പ്രസന്റേഷന്‍ എന്നിവരുടെ വിക്കറ്റെടുക്കാന്‍ സുധീരന്‍ പരമാവധി ശ്രമിച്ചു. വിക്കറ്റ് പോകാതെ കാക്കാന്‍ ഉമ്മന്‍ ചാണ്ടി വീറോടെ പോരാടി. സുധീരന്റെ കൈവിട്ട കളിയില്‍ പരിക്കേല്‍ക്കാതിരിക്കാന്‍ തത്കാലത്തേക്കു വൈരം മാറ്റി വിക്കറ്റ് കീപ്പറുടെ സൈഡില്‍ സ്ലിപ്പിന്റെ സ്ഥാനത്താണ് ഉമ്മന്‍ ചാണ്ടിക്കു തുണയായി രമേശ് ചെന്നിത്തല കൈകോര്‍ത്തത്. ഗ്രൂപ്പും കളവും മുറുക്കിയും മാറ്റിച്ചവിട്ടിയുമുള്ള നെട്ടോട്ടത്തില്‍ എങ്ങനെയും സീറ്റ് നഷ്ടപ്പെടാതിരിക്കാനും കൈക്കലാക്കാനും മൂത്ത കോണ്‍ഗ്രസ് മുതല്‍ മൂക്കാത്ത പയ്യന്മാര്‍ വരെ വേറെയും.
തല്ലണ്ട അമ്മാവാ, നന്നാകില്ല എന്നതാണു കോണ്‍ഗ്രസ് നേതാക്കളുടെ രീതി. എത്ര തെരഞ്ഞടുപ്പു കഴിഞ്ഞാലും ഓരോ തവണയും കാര്യങ്ങള്‍ എങ്ങനെ കൂടുതല്‍ വഷളാക്കാം എന്നതിലാണു കോണ്‍ഗ്രസ് മിടുക്ക്. യുഡിഎഫിലെ സീറ്റ് വിഭജനമായാലും കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയമായാലും തഥൈവ. ജയിക്കാനുള്ള സാധ്യതകള്‍ പോലും ഇല്ലാതാക്കിയായാലും കളികള്‍ക്കു കുറവില്ല. സീറ്റ് കിട്ടിയില്ലെങ്കിലും സാരമില്ല, സ്വന്തം കൂട്ടത്തിലെ പാരകളെ വെട്ടിനിരത്തിയാല്‍ മതിയെന്നാണു നേതാക്കളുടെ വിചാരം. ഇക്കാര്യത്തില്‍ തലയെടുപ്പും സീനിയോറിറ്റിയും പദവിയുമൊന്നും നോക്കാതെയാണു മുന്‍നിര നേതാക്കള്‍ പോലും രംഗത്തുള്ളത്.
കേരള (സീറ്റ്) ഹൗസ്
കഴിഞ്ഞ അഞ്ചു ദിവസമായി ഡല്‍ഹിയിലെ കേരള ഹൗസ് കേന്ദ്രീകരിച്ചു വെള്ള ഖദര്‍ധാരികളുടെ തിരക്കായിരുന്നു. കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ ഏറ്റവും മുമ്പന്മാര്‍ മുതല്‍ ചിന്ന പയ്യന്മാര്‍ വരെ സീറ്റുകളിക്കായി ഡല്‍ഹിയിലെത്തി. കേരള ഹൗസിനു പുറമേ എ.കെ. ആന്റണിയുടെ വസതി, ഗുരുദ്വാര രക്കബ് ഗഞ്ച് റോഡിലെ കോണ്‍ഗ്രസിന്റെ വാര്‍ റൂം എന്നിവിടങ്ങളിലെല്ലാം മണിക്കൂറുകള്‍ നീണ്ട ഒറ്റയ്ക്കും കൂട്ടായുമുള്ള ചര്‍ച്ചകള്‍. തുഗ്ലക് ലെയ്‌നിലെ രാഹുല്‍ ഗാന്ധിയുടെ വസതിയിലും ജന്‍പഥ് റോഡിലെ സോണിയ ഗാന്ധിയുടെ വസതിയിലും മുതിര്‍ന്ന നേതാക്കള്‍ മുതല്‍ യൂത്തന്മാരും വനിതകളും വരെ എത്ര തവണ കയറിയിറങ്ങിയെന്ന് അവര്‍ക്കും തിട്ടമുണ്ടാകില്ല. രണ്ടു തവണ വീതം സോണിയയും രാഹുലും ഒറ്റയ്‌ക്കൊറ്റയ്ക്ക് നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടും പൂര്‍ണ സമന്വയത്തിലെത്താനായില്ല.
ടെലിവിഷന്‍ സീരിയലുകളിലെപ്പോലുള്ള ഉദ്വേഗഭരിതമായ എല്ലാം നീക്കങ്ങളും ചര്‍ച്ചകളും നേരിട്ടു മനസിലാക്കാനും കാമറയില്‍ പകര്‍ത്താനുമായി മാധ്യമപ്രവര്‍ത്തകരും ഉറക്കമിളച്ചു. അഞ്ചു ദിവസം തുടര്‍ച്ചയായി രാത്രി വൈകും വരെ ഖദര്‍ധാരികള്‍ക്കു കൂട്ടിനിരിക്കാനായിരുന്നു പത്രപ്രവര്‍ത്തകരുടെ ദുര്യോഗം. കരുണാകരന്‍-ആന്റണി ഗ്രൂപ്പുപോര് അതിന്റെ മൂര്‍ധന്യത്തില്‍ നിന്നപ്പോള്‍ പോലും റിപ്പോര്‍ട്ട് ചെയ്തിരുന്ന കാലത്തേക്കാളും പ്രയാസകരമായിരുന്നു പത്രക്കാരുടെ ജോലി. കേരള ഹൗസിലെ രണ്ടു കാന്റീനുകളിലും ഭക്ഷണം കഴിക്കാനെത്തിയവരുടെ നീണ്ട ക്യൂ സമീപകാല റിക്കാര്‍ഡുകള്‍ തകര്‍ക്കുന്നതായി. ഈ കോലാഹലമെല്ലാം എന്തിനു വേണ്ടിയായിരുന്നു എന്ന ചോദ്യത്തിനു മാത്രം നേതാക്കള്‍ക്ക് ഉത്തരമില്ലെന്നതാണ് അതിലേറെ തമാശ.
ക്രീസിലുറച്ചു ചാണ്ടി
ജയസാധ്യതയും ജനപ്രീതിയുമാണു സ്ഥാനാര്‍ഥിനിര്‍ണയത്തിലെ മുഖ്യഘടകം എന്നാണു മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ആഭ്യന്തരമന്ത്രിയും ഒരുപോലെ പറഞ്ഞത്. പക്ഷേ ഈ ജനപ്രീതിയും ജയസാധ്യതയുമൊക്കെ ഓരോ നേതാവും അവരവരുടെ സൗകര്യത്തിനു തീരുമാനിക്കാന്‍ ശ്രമിച്ചു. കളങ്കിതരെയും തുടര്‍ച്ചയായി മത്സരിക്കുന്നവരെയും മാറ്റിനിര്‍ത്തണമെന്ന സുധീര കല്‍പ്പനയ്ക്കു മുന്നില്‍ കോണ്‍ഗ്രസിലെ ഐക്യം തട്ടിനിന്നു. ആരോപണങ്ങളുടെ പേരില്‍ ആരെയെങ്കിലും കളങ്കിതനാക്കിയാലും എട്ടു തവണ മത്സരിച്ചതും അയോഗ്യതയാണെങ്കില്‍ ഇതെല്ലാം തനിക്കും ബാധകമാണെന്ന വാദവുമായി ഉമ്മന്‍ ചാണ്ടിയും നിലപാടു സ്വീകരിച്ചതോടെയാണു പ്രതിസന്ധി രൂക്ഷമായത്.
മണിക്കൂറുകളും ദിവസങ്ങളും നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലും വിട്ടുവീഴ്ചയ്ക്ക് ഉമ്മന്‍ ചാണ്ടിയും സുധീരനും തയാറായില്ല. കേരള ഹൗസ് വളപ്പിലുള്ള കൊച്ചിന്‍ ഹൗസിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക മുറിയിലും കേരള ഹൗസിലെ സുധീരന്റെ 201-ാം നമ്പര്‍ മുറിയിലും ചെന്നിത്തലയുടെ 104-ാം നമ്പര്‍ മുറിയിലുമായിരുന്നു പലതലത്തിലും തരത്തിലുമുള്ള ചര്‍ച്ചകള്‍ ഏറിയ പങ്കും. ആര്യാടന്‍ മുഹമ്മദിന്റെ 204-ാം നമ്പര്‍, എം.എം. ഹസന്റെ 106-ാം നമ്പര്‍, കെ. സുധാകരന്റെ 208-ാം നമ്പര്‍, ബെന്നി ബഹനാന്റെ 206-ാം നമ്പര്‍ തുടങ്ങി മറ്റു മിക്ക നേതാക്കളുടെയും മുറികളിലും ചര്‍ച്ചകള്‍ സജീവമായിരുന്നു. ഇതൊന്നും പോരാഞ്ഞിട്ടാണ് ആന്റണിയുടെ ജന്തര്‍മന്തര്‍ റോഡിലെ രണ്ടാം നമ്പര്‍ വീട്ടിലേക്കുള്ള നേതാക്കളുടെ പ്രവാഹം. സമീപകാലത്തൊന്നും ആന്റണി ഇതുപോലെ ചര്‍ച്ച ചെയ്തു വിഷമവൃത്തത്തിലായിട്ടുണ്ടാവില്ല.
ഹൈപ്രഷറില്‍ ഹൈക്കമാന്‍ഡ്
അഹമ്മദ് പട്ടേല്‍, ഗുലാം നബി ആസാദ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുകുള്‍ വാസ്‌നിക്, അജയ് മാക്കന്‍, ദീപക് ബാബ്രിയ തുടങ്ങിയ എഐസിസി നേതാക്കള്‍ക്കും നാലു ദിവസം സൈ്വരം കിട്ടിയിട്ടേയില്ല. കീറാമുട്ടിയായ നിയോജകമണ്ഡലങ്ങളില്‍ മൂന്നെണ്ണവും- തൃപ്പൂണിത്തുറ, തൃക്കാക്കര, കൊച്ചി- ഉള്‍പ്പെടുന്ന എറണാകുളത്തെ എംപിയായ പ്രഫ. കെ.വി. തോമസ് മുതല്‍ ശശി തരൂര്‍ വരെയുള്ള എംപിമാര്‍ക്കും പിടിപ്പതു പണിയുമായി ചര്‍ച്ചകള്‍ നീണ്ടു. പദവി, സീനിയോറിറ്റിയും മാറ്റിവച്ചു മുഖ്യമന്ത്രി വരെ തോമസ് മാഷിന്റെ വീട്ടില്‍ ചെന്നു ചര്‍ച്ച നടത്തി. വയലാര്‍ രവിയുടെ വീട്ടിലും ചര്‍ച്ചകളുമായെത്തിയവര്‍ കുറവായിരുന്നില്ല.
സ്ഥാനാര്‍ഥിനിര്‍ണയം സംബന്ധിച്ച പ്രതിസന്ധി പതിവുള്ള തര്‍ക്കങ്ങളേക്കാളും ഗുരുതരമായിരുന്നു. എല്ലാറ്റിനും കാരണക്കാരന്‍ സുധീരന്‍ ആണെന്നു സുധീരഭക്തരൊഴികെയുളള കോണ്‍ഗ്രസുകാര്‍ മറയില്ലാതെ കുറ്റപ്പെടുത്തി. എന്നാല്‍, കോണ്‍ഗ്രസിന്റെ ഭാവിക്കുവേണ്ടിയാണു താന്‍ ഉറച്ച നിലപാടു സ്വീകരിച്ചതെന്നതായിരുന്നു സുധീരന്റെ വാദം. കേരളസമൂഹത്തില്‍ കിട്ടുന്ന പിന്തുണ ശക്തിപ്പെടുത്താന്‍ കിട്ടിയ അവസരം മുതലാക്കാന്‍ സുധീരന്‍ കിട്ടിയ തക്കം ഉപയോഗപ്പെടുത്തിയില്ലെങ്കിലേ അദ്ഭുതമുള്ളൂ. ആന്റണിയുടേതു പോലുള്ള കറപുരളാത്ത വ്യക്തിത്വം മാത്രമല്ല, അഴിമതിക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കാനും തനിക്കു കഴിവുണെ്ടന്നു തെളിയിക്കാന്‍ ശ്രമിക്കുക സ്വാഭാവികം.
സു..സു.. സുധീര വാത്മീകം
സുധീരന്റെ അഴിമതിവിരുദ്ധ പോരാട്ടം വെറും തന്ത്രമാണെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ പരാതി. സുധീരന്‍ നിര്‍ദേശിച്ച ചില സ്ഥാനാര്‍ഥികള്‍ അഴിമതിക്കാരാണെന്ന് ആരോപിക്കാനും എതിരാളികള്‍ മടിക്കുന്നില്ല. ഇത്ര തന്റേടിയാണു സുധീരനെങ്കില്‍ മലമ്പുഴയില്‍ പോയി വി.എസ്. അച്യുതാനന്ദനെതിരേയോ, ധര്‍മടത്തു പിണറായി വിജയനെതിരേയോ മത്സരിക്കാന്‍ തയാറാകട്ടെയെന്നും കോണ്‍ഗ്രസിലെ സുധീര വിരുദ്ധര്‍ വെല്ലുവിളിക്കുന്നു. പൊതുപ്രവര്‍ത്തകര്‍ക്കെതിരേ ആരോപണങ്ങള്‍ പതിവാണെന്നും എന്നാല്‍ അവയില്‍ കഴമ്പുണേ്ടായെന്നതാണു പ്രധാനമെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു.
സിപിഎമ്മിലെയും എല്‍ഡിഎഫിലെയും ബിജെപി-വെള്ളാപ്പള്ളി മുന്നണിയിലെയും പ്രശ്‌നങ്ങള്‍ ഇക്കുറി വലിയ വ്യത്യസ്തമല്ല എന്നതാകും കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ഏക ആശ്വാസം. ‘ഭരണം കിട്ടിയാലും മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലി സിപിഎമ്മിലും കോണ്‍ഗ്രസിലും ശക്തമായ പിടിവലി ഉണ്ടാകുമെന്നതില്‍ തര്‍ക്കമില്ല. അച്യുതാനന്ദനും പിണറായിയും ഒരു വശത്തും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും സുധീരനും മറുവശത്തും മുഖ്യമന്ത്രിക്കസേര മാത്രമാകും ഇപ്പോഴും സ്വപ്നം കാണുന്നത്.
വോട്ടര്‍മാര്‍ ജാഗ്രതൈ
രാഷ്ട്രീയ പാര്‍ട്ടികളിലെ ഗ്രൂപ്പു പോരുകളും കസേര കളികളും വ്യക്തിമേധാവിത്വങ്ങളും ജാതീയവും വര്‍ഗീയവുമായി കളികളും എല്ലാം കേരള രാഷ്ട്രീയം കൂടുതല്‍ മലീമസമാകുകയാണ്. ജനങ്ങളെ ബാധിക്കുന്ന ഒരു പ്രശ്‌നത്തിലും സംസ്ഥാനത്ത് ഇത്ര ഗൗരവമേറിയ ചര്‍ച്ചകള്‍ ഉണ്ടാകാറില്ല. ജനപ്രതിനിധികളാകുന്നവര്‍ തന്ത്രപരമായ പദവികളെ സ്വന്തം താത്പര്യങ്ങളുടെ സംരക്ഷണത്തിന് ഉപയോഗിക്കുന്ന ഏതു മാര്‍ഗവും സ്വീകരിക്കുന്നു. കൊടിനിറങ്ങളുടെ വ്യത്യാസം ഇക്കാര്യത്തിലില്ല.
റബര്‍ വിലയിടിവ് പോലുള്ള ഗുരുതരമായ കാര്‍ഷിക പ്രതിസന്ധി, തീര- മലയോര മേഖലകളിലെ ദുരിതം, വികസനം, സാമ്പത്തിക വളര്‍ച്ച, വിനോദസഞ്ചാര വികസനം, വിദ്യാഭ്യാസ- ആരോഗ്യ രംഗങ്ങളിലെ മികവു കൂട്ടല്‍, ക്രമസമാധാനം, പരിസ്ഥിതി സംരക്ഷണം, ക്ഷേമപദ്ധതികള്‍, മതസൗഹാര്‍ദം തുടങ്ങിയവ ആണ് നാടിനു പ്രധാനം. ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങള്‍ക്കാകണം ജനപ്രതിനിധികളുടെ പോരാട്ടം.
തെരഞ്ഞെടുപ്പു കഴിയുമ്പോഴെങ്കിലും ജനങ്ങള്‍ക്കു വേണ്ടിയുള്ള രാഷ്ട്രീയത്തിനു നേതാക്കള്‍ പരിഗണന നല്‍കിയേ മതിയാകൂ. ഇതിനായി വോട്ടര്‍മാര്‍ ജാഗരൂകരാകേണ്ടിയിരിക്കുന്നു.