സ്ഥാനാര്‍ഥികള്‍ക്ക് തിരക്കോട് തിരക്ക്…

tvm-electionകാട്ടാക്കട :  കണ്‍വന്‍ഷന്റെ തിരക്ക് കഴിഞ്ഞു, യുഡിഎഫ് സ്ഥാനാര്‍ഥി ശബരീനാഥന്‍ ഇന്നലെ വീണ്ടും വോട്ടര്‍മാരെ തേടി യെത്തി. മണ്ഡലത്തിലെ കൈത്തെറി തൊഴിലാളികളെ കണ്ട് വോട്ട് അഭ്യര്‍ഥിക്കുന്ന തിരക്കിലായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി റഷീദ്. മണ്ഡലത്തിലെ നിര്‍ണായകമായ വനിതാ വോട്ടര്‍മാരെ തേടി ബിജെപി സ്ഥാനാര്‍ഥി രാജസേനനും ഇന്നലെ മണ്ഡലത്തില്‍ സജീവമായി.

ഇന്നലെ മന്ത്രി രമേശ് ചെന്നിത്തലയാണ് ശബരീനാഥന്റെ തെരഞ്ഞെടുപ്പിന്റെ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തത്. അതു കഴിഞ്ഞയുടന്‍ സ്ഥാനാര്‍ഥി വോട്ടര്‍മാരെ തേടി ഇറങ്ങി. പ്രകടന പത്രികയും അതിന്റെ വിശേഷങ്ങളും വോട്ടര്‍മാരുമായി പങ്കുവച്ച് ശബരീനാഥന്‍ പര്യടനം നടത്തി. ബൈക്കില്‍കയറിയും ഓട്ടോയില്‍ കയറിയും ശബരീനാഥന്‍ വോട്ട് അഭ്യര്‍ഥന നടത്തി. ഇന്ന് മണ്ഡലത്തിലെ നാലോളം പഞ്ചായത്തുകളില്‍ പര്യടനം നടത്തും. അതിനിടെ ബൂത്ത് തല കണ്‍വന്‍ഷനുകളും കുടുംബസംഗമങ്ങളും നടത്താനും തീരുമാനിച്ചു.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇന്നലെ മണ്ഡലത്തിലെ കൈത്തൊഴില്‍ ചെയ്യുന്നവരെയും പരമ്പരാഗത തൊഴില്‍ ചെയ്യുന്നവരെയും പണിയിടങ്ങളില്‍ പോയി കണ്ട് വോട്ട് അഭ്യര്‍ഥന നടത്തി. ഇരുമ്പ, കളത്തുകാല്‍, മുണ്ടേല എന്നിവിടങ്ങളില്‍  പോയി സ്ത്രീകള്‍ അടക്കമുള്ളരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി. വൈകുന്നേരം കുടുംബസംഗമങ്ങളില്‍ പങ്കുചേര്‍ന്നു.    ബിജെപി സ്ഥാനാര്‍ത്ഥി രാജസേനന്റെ കണ്‍വന്‍ഷന്‍ 23 നാണ് നടക്കുന്നത്. പൂവച്ചല്‍, കുറ്റിച്ചല്‍ എന്നിവിടങ്ങളില്‍ എത്തി പ്രവര്‍ത്തകരുമായി വിശേഷങ്ങള്‍ പങ്കുവച്ചു.   അതാതിടങ്ങളിലെ പ്രമുഖരുടെ വീടുകളില്‍ എത്തി വോട്ട് അഭ്യര്‍ഥനയും നടത്തി.

Related posts