ഹെലികോപ്റ്റര്‍ ഇടപാട്: ആന്റണി സത്യം പറയണമെന്ന് അമിത്ഷാ

amitshajijറാന്നി: യുപിഎ സര്‍ക്കാരിന്റെ കാലത്തു നടന്ന അഗസ്ത വെസ്റ്റ്‌ലാന്‍ഡ് വിവിഐപി ഹെലികോപ്റ്റര്‍ ഇടപാടുകളെ സംബന്ധിച്ച് അന്നത്തെ പ്രതിരോധമന്ത്രി എ. കെ. ആന്റണി സത്യം തുറന്നു പറയണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. റാന്നിയില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കോഴയിടപാടില്‍ ആന്റണി അടക്കമുളള മന്ത്രിമാരും നേതാക്കളും സംശയത്തിന്റെ മുള്‍മുനയിലാണ്. ഹെലികോപ്റ്റര്‍ ഇടപാടിലെ കരാര്‍ വ്യവസ്ഥകള്‍ മാറ്റിയത് ആരു പറഞ്ഞിട്ടാണെന്നു വ്യക്തമാക്കേണ്ടത് എ.കെ. ആന്റണിയാണ്. രാജ്യത്തു നടക്കേണ്ടിയിരുന്ന നിര്‍മാണം ഇന്ത്യയില്‍ നിന്നു മാറ്റി ഇറ്റലിയിലാക്കാന്‍ അനുമതി നല്‍കിയതിനു പിന്നിലെ സമ്മര്‍ദവും ആന്റണി വെളിപ്പെടുത്തണം. ബിജെപിക്ക് കേരളത്തില്‍ രഹസ്യ അജന്‍ഡ ഒന്നുമില്ല. ഇക്കാലമത്രയും കേരളത്തിലെ ജനങ്ങളെ കബളിപ്പിച്ച എല്‍ഡിഎഫിനെയും യുഡിഎഫിനെയും അറബിക്കടലില്‍ തള്ളണം.

കേരളത്തില്‍ എന്‍ഡിഎ വന്നാല്‍ സമുദായ സൗഹാര്‍ദം തകരുമെന്നു പറയുന്ന ആന്റണി ബിജെപി ഭരിക്കുന്ന 14 സംസ്ഥാനങ്ങളിലേക്കു നോക്കണം.അവിടങ്ങളില്‍ സമുദായ സൗഹാര്‍ദത്തിന് ഒരു കോട്ടവുമില്ല. രാജ്യത്തൊരിടത്തും അധികാരത്തിലില്ലാത്ത സിപിഎമ്മും ബിജെപിക്കെതിരേ ഉന്നയിക്കുന്നത് കളവുകളാണ്. ബിജെപിയുടെ നൂറു കണക്കിനു പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത് കോണ്‍ഗ്രസും സിപിഎമ്മും മാറിമാറി ഭരിച്ച കേരളത്തിലാണെന്ന് ഷാ പറഞ്ഞു.

Related posts