ഹോട്ടല്‍ മാലിന്യം സ്റ്റാന്‍ഡിലേക്ക്; പ്രതിഷേധവുമായി ബസുടമകള്‍

kkd-malinyamവടകര: ഓവുചാലിനു മീതെയുള്ള സ്ലാബ് തകര്‍ന്നതിനെ തുടര്‍ന്ന് ഹോട്ടല്‍ മാലിന്യം ബസ് സ്റ്റാന്റിലേക്ക് ഒഴുകുന്നത് ദുരിതമാകുന്നതായി പരാതി. ഇതിനെതിരെ ക്ഷുഭിതരായ യാത്രക്കാരും ബസുടമകളും രംഗത്ത് വന്നു. പുതിയ സ്റ്റാന്റിലെ എംആര്‍എ ഹോട്ടലില്‍ നിന്നു പുറന്തള്ളുന്ന മലിനജലം സംബന്ധിച്ചാണ് പരാതി.  പൈപ്പ് പൊട്ടി മാലിന്യം ബസ് സ്റ്റാന്റിലേക്കാണ് പരന്നൊഴുകുന്നത്. ബസുകള്‍ പോകുന്നിടത്തായതിനാല്‍ മാലിന്യം നിറഞ്ഞ വെള്ളം കാല്‍നടയാത്രക്കാരുടെ ദേഹത്ത് തെറിക്കുന്നു.

ഇതിന്റെ പേരില്‍ ബസ് ജീവനക്കാരും കാല്‍നടയാത്രക്കാരൂം തമ്മില്‍ വാക്കേറ്റം  പതിവായിരിക്കുകയാണ്. സ്ലാബ് തകര്‍ന്നതിനാല്‍ അപകടസാധ്യതയും ഏറെയാണ്. ഇക്കാര്യത്തില്‍ മുനിസിപ്പല്‍ അധികൃതര്‍ യാതൊരു നടപടിയും കൈക്കൊള്ളുന്നില്ലെന്ന ആക്ഷേപവുമായി ബസ് ഉടമസ്ഥസംഘം രംഗത്ത് വന്നു.
സ്റ്റാന്റ് ഫീ ഇനത്തില്‍ ദിവസം പതിനായിരം രൂപ മുനിസിപ്പാലിറ്റിക്ക് ബസുടമകള്‍ നല്‍കുന്നുണ്ട്. എന്നിട്ടും ഇക്കാര്യത്തില്‍ ബസുടമകളുടെ പരാതി അധികൃതര്‍ ഗൗരവത്തിലെടുക്കുന്നില്ലെന്നു ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ.കെ.ഗോപാലന്‍ നമ്പ്യാര്‍ കുറ്റപ്പെടുത്തി. ഇതേ നില തുടരുകയാണെങ്കില്‍ സ്റ്റാന്റ് ബഹിഷ്കരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി.

Related posts