മുടങ്ങിക്കിടക്കുന്ന കമ്മാരസംഭവവും പ്രൊഫസര്‍ ഡിങ്കനും പൂര്‍ത്തായാക്കാനുറച്ച് ദിലീപ്; ദീര്‍ഘശ്വാസം വിട്ട് ഗോകുലം ഗോപാലനും സനല്‍ തോട്ടവും; കുറ്റപത്രം പൂര്‍ത്തിയാക്കാന്‍ പോലീസും…

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ ജയിലിലായ ദിലീപ് ജാമ്യത്തിലിറങ്ങിയതോടെ മുടങ്ങിക്കിടന്ന ദിലീപ് ചിത്രങ്ങള്‍ക്ക് ജീവന്‍വച്ചു. ഗോകുലം ഗോപാലന്‍ നിര്‍മിച്ച് രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവവും ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന പ്രൊഫസര്‍ ഡിങ്കനും ഇതോടെ ജീവന്‍ വച്ചു. സനല്‍ തോട്ടമാണ് ചിത്രത്തിന്റെ നിര്‍മാതാവ്.

ഈ ചിത്രങ്ങളില്‍ ഏറ്റവും പ്രതിസന്ധി നേരിട്ടത് കമ്മാരസംഭവമാണ്. ദിലീപില്ലാതെ ഈ ചിത്രം ഒരിക്കലും പൂര്‍ത്തിയാക്കാന്‍ കഴിയില്ല. ദിലീപും മുരളീഗോപിയും മുഖ്യവേഷത്തിലെത്തുന്ന കുമാരസംഭവം ഏതാണ്ട് ചിത്രീകരണം പൂര്‍ത്തിയാവുകയും ചെയ്തു. മുരളീ ഗോപി തന്നെ രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ തമിഴ്‌നടന്‍ സിദ്ധാര്‍ത്ഥും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഐ വി ശശി, ലാല്‍ജോസ്, ശ്യാമപ്രസാദ്, രഞ്ജിത്ത് തുടങ്ങിയ സംവിധായകരോടൊപ്പം അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ആളാണ് ഈ സംവിധായകന്‍ രതീഷ് അമ്പാട്ട.്

പ്രൊഫസര്‍ ഡിങ്കന്റെ ഒരാഴ്ചത്തെ ഷൂട്ടിംഗിനായി ചിലവിട്ടത് 50 ലക്ഷം രൂപയാണ്. ദിലീപ് അകത്തായതിനെത്തുടര്‍ന്ന് ഈ സിനിമ ഉപേക്ഷിക്കുന്നതിനെ കുറിച്ചു പോലും നിര്‍മ്മാതാവ് ചിന്തിച്ചതാണ്. ഇനി ചിത്രവുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന ഉപദേശം പലരും നിര്‍മ്മാതാവിന് നല്‍കുകയും ചെയ്തു. മറ്റൊരു നടനെ നായകനാക്കി ഉടനെ ചിത്രം ചെയ്യുന്നതു പോലും ഒരുഘട്ടത്തില്‍ ആലോചിച്ചു. എന്നാല്‍ ഇപ്പോള്‍ ദിലീപിന് ജാമ്യം കിട്ടിയതോടെ പടം പൂര്‍ത്തിയാക്കാമെന്ന ഉറച്ച പ്രതീക്ഷയിലാണ് സംവിധായകന്‍ രാമചന്ദ്രബാബുവും നിര്‍മാതാവ് സനല്‍ തോട്ടവും. ആദ്യ പരിഗണന മുടങ്ങിക്കിടക്കുന്ന സിനിമകള്‍ പൂര്‍ത്തിയാക്കുന്നതിനാണെന്ന് ദിലീപ് പ്രഖ്യാപിച്ചതോടെ സിനിമയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്കും ശ്വാസം നേരെ വീണിരിക്കുകയാണ്.

എന്നാല്‍ ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയതോടെ പ്രോസിക്യൂഷനും പ്രതിഭാഗവും കരുതലോടെ നീക്കം തുടങ്ങി. ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥകള്‍ ലംഘിക്കാതെ സിനിമാ രംഗത്തു തിരിച്ചുവരാനുള്ള നീക്കമാണു ദിലീപ് നടത്തുന്നത്. അന്വേഷണം അനന്തമായി നീണ്ടുപോവാതെ തെളിവുകള്‍ ശാസ്ത്രീയമായി കൂട്ടിച്ചേര്‍ത്തു സമഗ്രമായ കുറ്റപത്രം സമര്‍പ്പിക്കാനാണു പൊലീസിന്റെ ശ്രമം. ഏറെ ജനശ്രദ്ധ നേടിയ കേസില്‍ പ്രത്യേക കോടതി സ്ഥാപിച്ചു വിചാരണ വേഗം പൂര്‍ത്തിയാക്കണമെന്നാണു പ്രോസിക്യൂഷന്റെ നിലപാട്. യുവനടി ഉപദ്രവിക്കപ്പെട്ട കേസായതിനാല്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വിചാരണ ചെയ്യുന്ന അഡീ. സെഷന്‍സ് കോടതിയാണ് ഈ കേസ് വിചാരണ ചെയ്യേണ്ടത്. രഹസ്യവിചാരണ നടത്താനാണ് സാധ്യത.

ഇരയായ നടിയെയോ സാക്ഷികളെയോ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്നതു ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. അച്ചടി, ദൃശ്യ, ഇലക്ട്രോണിക്ക് മാധ്യമങ്ങളെ ഇത്തരത്തില്‍ ദുരുപയോഗിക്കരുതെന്നു ജാമ്യ വ്യവസ്ഥയില്‍ പ്രത്യേകം പറഞ്ഞിട്ടുള്ളതു സിനിമയ്ക്കും ബാധകമാണെന്നു ചില നിയമജ്ഞര്‍ പറയുന്നു. ജയില്‍ വിട്ട അന്നു രാത്രി തന്നെ ജാമ്യ വ്യവസ്ഥകള്‍ നേരിട്ടു മനസിലാക്കാന്‍ ദിലീപ് അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജയില്‍ മോചിതനായ ദിലീപ് ഇപ്പോള്‍ കൊട്ടാരക്കടവിലെ പത്മസരോവരം വീട്ടില്‍ വിശ്രമത്തിലാണ്. സിനിമാ രംഗത്തു നിന്നുള്ള നിരവധി ആളുകളാണ് ദിവസവും ദിലീപിനെ സന്ദര്‍ശിക്കുന്നത്.

 

Related posts