Set us Home Page

വയനാട്ടിലെ മൂന്ന് പെണ്ണുങ്ങള്‍! വയനാട്ടില്‍ യാത്രപോവാന്‍ ഉദ്ദേശിക്കുന്നവരെല്ലാം തീര്‍ച്ചയായും വായിച്ചിരിക്കണം നടന്‍ ജോയ് മാത്യുവിന്റെ ഈ അനുഭവകുറിപ്പ്

വീട്ടില്‍ നിന്നോ സ്വന്തം നാട്ടില്‍ നിന്നോ മാറി പുറത്തെവിടെയെങ്കിലും പോവുമ്പോഴാണ് സ്വന്തം വീട്ടില്‍ നിന്ന് കഴിക്കുന്ന ഭക്ഷണത്തിന്റെ രുചി കൂടുതലായി ആളുകളുടെ നാവില്‍ നിറയുക. ആ സമയങ്ങളില്‍ നല്ല നാടന്‍ ഊണ് കഴിക്കാന്‍ ആര്‍ക്കും തോന്നിപ്പോവുകയും സ്വാഭാവികമാണ്. ഇത്തരത്തില്‍ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് വയനാട്ടില്‍ എത്തിയ സമയത്ത് നടന്‍ ജോയ് മാത്യുവിനും ഇത്തരത്തില്‍ ഒരു പൂതിയുണ്ടായി. മറ്റൊന്നുമല്ല, നല്ല നാടന്‍ ഊണ് കഴിക്കണം. എവിടെകിട്ടും ആര്‍ഭാടമൊന്നുമില്ലാത്ത നല്ല നാടന്‍ ഊണ് എന്ന് തപ്പി കുറേ നടന്നു. പിന്നീടാണ് ‘വയനാട്ടിലെ മൂന്ന് പെണ്ണുങ്ങളുടെ’ അടുത്ത് ജോയ് മാത്യു എത്തിയത്. അവരെക്കുറിച്ചും അവരുടെ ആതിഥ്യ മര്യാദയെക്കുറിച്ചും, അവരുടെ ജീവിതരീതി മറ്റുള്ള സ്ത്രീകള്‍ മാതൃകയാക്കേണ്ടതിനെക്കുറിച്ചും ആരാധകരുമായി പങ്കുവയ്ക്കുകയാണ് നടന്‍ ജോയ് മാത്യു.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം….

വയനാട്ടിലെ മൂന്നു പെണ്ണുങ്ങള്‍
—————————–
വയനാട് എനിക്കെന്നും പ്രിയപ്പെട്ട ഇടമാണ്. ചരിത്രത്തെ ചുവന്ന പൂക്കളാല്‍ അടയാളപ്പെടുത്തിയ സ്ഥലം-‘അങ്കിള്‍ ‘എന്ന എന്റെ പുതിയ സിനിമയുടെ ചിത്രീകരണം വയനാട്ടിലെ തിരുനെല്ലിയില്‍ നടക്കുന്നു- പതിവ് പോലെ ഞാന്‍ കൂട്ടം തെറ്റി മേയുന്ന കുട്ടിയായി നാടന്‍ ഊണു കിട്ടുന്ന കട അന്വേഷിച്ചിറങ്ങി- അപ്പോഴാണു മൂന്നു പെണ്ണുങ്ങള്‍ നടത്തുന്ന വനിതാ മെസ്സ് കണ്ടത്- ഞാന്‍ ചെല്ലുമ്പോള്‍ ഇരിപ്പിടങ്ങള്‍ ഒഴിഞ്ഞുകിടന്നിരുന്നു-നല്ല വൃത്തിയും വെടിപ്പുമുള്ള കട-ചൂടുള്ള ചോറും കറികളും ഒരുക്കിവെച്ചിരിക്കുന്നു-വിളമ്പിത്തരുവാന്‍ തയ്യാറായി മെറൂണ്‍ കളറിലുള്ള ഓവര്‍ക്കോട്ട് ധരിച്ച് മൂന്ന് പെണ്ണുങ്ങള്‍ (സ്ത്രീകള്‍ എന്നതിനേക്കാള്‍ പെണ്ണുങ്ങള്‍ എന്ന മലബാര്‍ രീതിയില്‍ പറയാനാണെനിക്കിഷ്ടം).

ഞാന്‍ ചെല്ലുംബോള്‍ കസ്റ്റമേഴ്‌സ് ആരും ഇല്ല- എന്നാപ്പിന്നെ ഉണ്ടുകളയാം -വാഴയിലയില്‍ രുചികരമായ ചോറും കറികളും നിരന്നു- കൂടെ ബീഫ് വരട്ടിയതും- സംഗതി സൂപ്പര്‍-വിലയോ തുഛം-സുഗുണ, സുനിത ,സിന്ധു എന്നീ മൂന്നു പെണ്ണുങ്ങളാണു ഈ ഭക്ഷണശാല നടത്തുന്നത്- വെക്കാനും വിളബാനും പണം വാങ്ങിക്കാനും ഇവര്‍ മൂന്നുപേര്‍ മാത്രം-എല്ലാവരും വിവാഹിതരും കുടുംബസ്ഥരുമാണു-ഭര്‍ത്താക്കന്മാരൊക്കെ ജോലിക്ക് പോകുംബോള്‍ വെറുതെ വീട്ടിലിരിക്കുന്നതെങ്ങിനെ ഞങ്ങള്‍ക്കും സ്വന്തമായി ഒരു വരുമാനം ഉണ്ടായാല്‍ നല്ലതല്ലെ എന്ന ചിന്തയില്‍ നിന്നാണു ‘സ്’ യില്‍ പേരു തുടങ്ങുന്ന ഈ മൂന്നു സ്ത്രീകളും ഈ വനിത മെസ്സ് തുടങ്ങിയത്- ഇവിടെ ഇന്നയാള്‍ക്ക് ഇന്ന ജോലി എന്നില്ല എല്ലാവരും എല്ലാ ജോലിയും ചെയ്യുന്നു-

മുടക്കുമുതലും മൂന്നാള്‍ തുല്യമായെടുത്തു അതിനാല്‍ ആദായവും തുല്ല്യമായി എടുക്കുന്നു-(എടുക്കാന്‍ മാത്രം വലിയ ആദായം കിട്ടുന്നുണ്ടൊ എന്നത് വേറെ കാര്യം) തിരുനെല്ലിയില്‍ നിന്നും തോല്‍പ്പെട്ടിക്ക് പോകുന്ന വഴിക്ക് Wild Life Resort ന്നടുത്തുള്ള വനിത മെസ്സ് എന്ന ബോര്‍ഡ് കണ്ടുപിടിക്കാന്‍ അല്‍പം ബുദ്ധിമുട്ടാണു- കണ്ടെത്തിയാലോ നല്ല രുചികരമായ നാടന്‍ ഭക്ഷണം കഴിക്കാം- വനിത മെസ്സ് എന്നതിനു പകരം ‘S sisters ‘എന്ന പേരായിരിക്കും ഈ കടക്ക് യോജിച്ചത് എന്നെനിക്ക് തോന്നുന്നു- ഈവഴി പോകുന്നവര്‍ക്കെല്ലാം വയറും മനസ്സും നിറക്കാന്‍ ഈ പെണ്‍ കൂട്ടായ്മക്ക് കഴിയട്ടെ.

 

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS