മാസവരുമാനം ലക്ഷത്തോളം രൂപ, തമിഴ്‌നാട്ടില്‍ 25 ഏക്കര്‍ ഭൂമി, ജോലി ഭിക്ഷാടനം! നമ്മള്‍ കൊടുക്കുന്ന ചില്ലറകളിലൂടെ ലക്ഷങ്ങള്‍ തട്ടുന്ന പൂന്താനത്തെ പോലുള്ളവരെ കാണാതിരിക്കരുത്

calicutകോഴിക്കോട്: പേര് പൂന്താനം, ജോലി ഭിക്ഷാടനം, മാസവരുമാനം ലക്ഷത്തോളം രൂപ! കോഴിക്കോട് നഗരത്തില്‍ എത്തുന്നവര്‍ ഒരിക്കല്ലെങ്കിലും കാണാതിരിക്കില്ല മാവൂര്‍ റോഡില്‍ ഭിക്ഷാടനത്തിനിരിക്കുന്ന ഈ സ്ത്രീയെ. കത്തുന്ന വെയിലിലും കോരിച്ചൊരിയുന്ന മഴയിലും നാണയത്തുട്ടുകള്‍ക്ക്് വേണ്ടി കൈ നീട്ടിയിരിക്കുന്ന ഈ സ്ത്രീയുടെ മാസവരുമാനവും നാട്ടിലെ ആസ്തിയുമറിഞ്ഞാല്‍ ആരും ഞെട്ടും.

തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ 25 ഏക്കറിനടുത്ത്് കൃഷിഭൂമി സ്വന്തമായുണ്ട്. പരുത്തിയും എള്ളും നിലക്കടലയും കൃഷിചെയ്യുന്ന കൃഷിഭൂമി. നാട്ടില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയ ഫ്‌ളാറ്റ്്. മക്കളും മരുമക്കളും വിദേശത്ത്്. ഭര്‍ത്താവിന് നാട്ടില്‍ തരക്കേടില്ലാത്ത വരുമാനം. എന്നിട്ടും പൂന്താനം ഭിക്ഷാടനത്തിനായി എന്തിന് കോഴിക്കോടത്തിയെന്ന്്് ചോദിച്ചാല്‍ ഭിക്ഷാടനത്തിലൂടെ നേടുന്ന പ്രതിമാസ വരുമാനമാണ് ഉത്തരം. മുടി പറ്റെ വെട്ടി മുഷിഞ്ഞ ഷര്‍ട്ടും ലുങ്കിയുമുടുത്ത് ദയനീയത അഭിനയിച്ച് ആയിരങ്ങളാണ് ഈ സ്ത്രീ ദിവസേന സമ്പാദിക്കുന്നതെന്ന് രാഷ്ട്രദീപിക നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഫുട്പാത്തിലൂടെ നടന്നു പോകുന്നവരുടെ വസ്ത്രത്തില്‍ പിടിച്ചുവലിച്ചും കുട്ടികളുടെ മുമ്പില്‍ കരഞ്ഞും കാലുപിടിച്ചും ശ്രദ്ധയാകര്‍ഷിച്ചാണ് ഈ പണം തട്ടല്‍.

ഇങ്ങനെ ദിവസവും സമ്പാദിക്കുന്ന ചില്ലറ വൈകുന്നേരം സമീപത്തുള്ള ഹോട്ടലില്‍ കൃത്യമായി എത്തിക്കും. ചില്ലറയും നോട്ടും എണ്ണി തിട്ടപ്പെടുത്തി ഹോട്ടല്‍ ഉടമ നോട്ടുകളായാണ് പൂന്താനത്തിന് മാസാവസാനം മടക്കിനല്‍കുക. ഒരു ദിവസം രണ്ടായിരം മുതല്‍ മൂവായിരം രൂപ വരെ ഇവര്‍ ഹോട്ടലില്‍ ഏല്‍പ്പിക്കും. നോമ്പുകാലങ്ങളില്‍ വരുമാനം കൂടും. ഹോട്ടലിന് ദിവസവും ചില്ലറ നല്‍കുന്നതിന്റെ പ്രത്യുപകാരമായി കടത്തിണ്ണയില്‍ അന്തിയുറങ്ങാനും മറ്റ് എല്ലാ സൗകര്യങ്ങളും പൂന്താനത്തിന് ഹോട്ടലുകാര്‍ ഒരുക്കി കൊടുത്തിട്ടുണ്ട്. സമ്പാദിച്ച പണവുമായി മാസത്തിലൊരിക്കല്‍ നാട്ടിലേക്ക് പോകും. രണ്ടോ മൂന്നോ ദിവസത്തെ സുഖവാസത്തിനുശേഷം വീണ്ടും നഗരത്തിലെത്തി ഭിക്ഷാടനം തുടരും. കഴിഞ്ഞ 15 വര്‍ഷത്തോളമായി പൂന്താനത്തിന്റെ ജീവിതമാണിത്. പൂന്താനത്തിന്റെ സുഖലോലുപജീവിതത്തെക്കുറിച്ച് നഗരത്തിലെ പലര്‍ക്കുമറിയാം.

നാട്ടില്‍ പോയി വരുമ്പോഴെല്ലാം പരിചയമുള്ളവര്‍ക്ക് നിലക്കടലയും മറ്റും യഥേഷ്ടം സമ്മാനിക്കാറുമുണ്ട്്. ഇവരുടെ നാട്ടിലെ സ്ഥിതിയെ പറ്റി മാവൂര്‍ റോഡിലെ ചുമട്ടുതൊഴിലാളികള്‍ക്കും മറ്റു പലര്‍ക്കും അറിയാമെങ്കിലും പണം നല്‍കുന്നവരോട് ഇക്കാര്യം പറയാറില്ല. ഇവരുടെ ദൈന്യത കണ്ട് പലപ്പോഴും കാല്‍നടക്കാരും സന്നദ്ധസംഘടനയില്‍ പെട്ടവരും ഭക്ഷണവും വെള്ളവും വാങ്ങി നല്‍കാറുണ്ട്. എന്നാല്‍ ഇവര്‍ പോയി കഴിഞ്ഞാല്‍ ഭക്ഷണം ആരും കാണാതെ അടുത്തുള്ള ഓടയില്‍ കൊണ്ടു പോയി തള്ളാറാണ് പതിവെന്ന് സമീപത്തെ കച്ചവടക്കാര്‍ രാഷ്ട്രദീപികഡോട്ട്‌കോമിനോട് പറഞ്ഞു. പണം നിക്ഷേപിക്കുന്ന ഹോട്ടലില്‍ നിന്നു മാത്രമാണ് മെനു അനുസരിച്ചുള്ള ഭക്ഷണം. നോട്ട് പിന്‍വലിച്ചശേഷം കാര്യമായി പണം തടയാത്തതിനാല്‍ പൂന്താനം കുറച്ച് ദിവസം നാട്ടിലായിരുന്നു. ചെറിയ തുകയുടെ നോട്ടുകളായാണ് ഇപ്പോഴത്തെ പ്രതിദിന വരുമാനം. സഹായിയായി ഒരു കുട്ടിയെ നാട്ടില്‍നിന്ന് അടുത്തിടെ കൂടെ കൂട്ടിയിട്ടുണ്ട്്.

Related posts