വൈപ്പിനില്‍ വിചിത്രജീവിയുടെ ശരീരാവശിഷ്ടം, മനുഷ്യന്റേതാണോ അതോ അന്യഗ്രഹ ജീവിയുടെതോ എന്ന സംശയത്തില്‍ ഫോറന്‍സിക് വിദഗ്ധരും, ആശങ്കയും അമ്പരപ്പും അവസാനിക്കുന്നില്ല

പുതുവൈപ്പ് തീരത്ത് രണ്ട് ദിവസം മുന്‍പ് കണ്ടെത്തിയ ഭൗതികാവശിഷ്ടം മനുഷ്യന്റേതോ വിചിത്ര ജീവിയുടേതോ എന്ന കാര്യത്തില്‍ ആശങ്കയൊഴിയുന്നില്ല. സത്യമറിയാന്‍ ഫോറന്‍സിക് വിദഗ്ദ്ധരുടെ പരിശോധന തുടരുകയാണ്. പുതുവൈപ്പ് എല്‍എന്‍ജി പദ്ധതി പ്രദേശത്തിനടുത്ത് മത്സ്യത്തൊഴിലാളികളാണ് രണ്ടു ദിവസം മുന്‍പ് ഈ അവശിഷ്ടം കണ്ടത്.

ഇത് ഏതോ ജീവിയുടേതെന്ന തോന്നലില്‍ തങ്ങളുടെ ജോലിക്ക് തടസമാകാത്ത നിലയില്‍ മാറ്റി വയ്ക്കുകയായിരുന്നു. എന്നാല്‍, ചൊവ്വാഴ്ച രാവിലെയോടെ പട്ടിയോ മറ്റോ ഇത് റോഡിലെത്തിച്ചതോടെയാണ് നാട്ടുകാര്‍ക്കിടയില്‍ സംസാരവിഷയമായത്. മുളവുകാട് പൊലീസെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷം അവശിഷ്ടഭാഗങ്ങള്‍ എറണാകുളം ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റി. പ്രാഥമിക പരിശോധന നടത്തിയ ഡോക്ടര്‍ക്കും ഇത് സ്ഥിരീകരിക്കാനായിട്ടില്ല.

ഫോറന്‍സിക് പരിശോധനയിലൂടെ മാത്രമേ ഇത് മനുഷ്യനാണോ മൃഗമാണോ മറ്റേതെങ്കിലും കടല്‍ജീവിയാണോ എന്ന് സ്ഥിരീകരിക്കാനാകൂ. ലഭിച്ച അവശിഷ്ടത്തിന് മനുഷ്യമുഖമാണുള്ളത്. എന്നാല്‍ മറ്റു ഭാഗങ്ങളെല്ലാം അളിഞ്ഞ നിലയിലാണെങ്കിലും മുഖഭാഗം ഉണങ്ങിയ നിലയിലാണ്.

Related posts