മലപ്പുറത്ത് പെണ്‍കുട്ടികളുടെ ഡാന്‍സിന് കട്ട സപ്പോര്‍ട്ടുമായി ആര്‍ജെ സൂരജ്, സപ്പോര്‍ട്ട് സൂരജുമായി നടന്നവര്‍ തെറിവിളിയുമായി വന്നതോടെ കണ്ണീരോടെ മാപ്പു പറഞ്ഞ് റേഡിയോ ജോക്കി തടിതപ്പി

ആര്‍ജെ സൂരജ്, ഒരിടയ്ക്ക് സോഷ്യല്‍മീഡിയയിലെ സ്റ്റാറായിരുന്നു ഈ ചെറുപ്പക്കാരന്‍. ഏതു വിഷയത്തിലും അഭിപ്രായം പറഞ്ഞ് കൈയടി വാങ്ങിയിരുന്ന ചെറുപ്പക്കാരന്‍. അതുകൊണ്ട് തന്നെ നിരവധി പേര്‍ സൂരജിനെ ഫോളോ ചെയ്തിരുന്നു. ഗള്‍ഫില്‍ പ്രക്ഷേപണം ചെയ്യുന്ന റേഡിയോ മലയാളം എന്ന എഫ്എമ്മിലെ ആര്‍ജെ ആയിരുന്ന സൂരജിന്റെ തലവര മാറിയത് കഴിഞ്ഞദിവസമാണ്.

മലപ്പുറത്ത് എയ്ഡ്‌സ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി മൂന്നു പെണ്‍കുട്ടികള്‍ തട്ടമിട്ട് ഫ്‌ളാഷ് മോബ് നടത്തിയിരുന്നു. ഇതിനെതിരേ ഒരുകൂട്ടം ആളുകള്‍ രംഗത്തെത്തി. ഇവരെ പ്രതിരോധിച്ച് പെണ്‍കുട്ടികള്‍ക്ക് പിന്തുണയുമായി സൂരജും. ഫ്ളാഷ് മോബിന് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റിട്ട ആര്‍ജെ സൂരജിന് നേരെ സോഷ്യല്‍ മീഡിയയില്‍ തെറിയഭിഷേകം. ഒടുവില്‍ മാപ്പ് പറഞ്ഞ സൂരജ് തന്റെ റേഡിയോ മലയാളം 98.6ലെ തന്റെ പ്രോഗ്രാമായ ദോഹ ഗേറ്റില്‍ നിന്നും പിന്മാറുകയും ചെയ്തു. ഹാദിയയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി രംഗത്ത് വന്നവരില്‍ ചിലര്‍ തന്നെയാണ് ഈ പെണ്‍കുട്ടികള്‍ക്കെതിരെയും പ്രതികരിക്കുന്നതെന്നാണ് സൂരജ് വിമര്‍ശിച്ചത്.

മുമ്പും പലവിഷയങ്ങളിലും രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിട്ടുള്ള സൂരജിന് അന്നെല്ലാം ലഭിച്ച കയ്യടിയ്ക്ക് പകരമായി ലഭിച്ചത് തെറിവിളിയാണെന്ന് മാത്രം. ചിലര്‍ തങ്ങളുടെ മതവികാരം വൃണപ്പെട്ടുവെന്ന് പറഞ്ഞാണ് സോഷ്യല്‍ മീഡിയയിലൂടെ സൂരജിനെതിരെ പ്രതിഷേധവും ഭീഷണിയും മുഴക്കിയത്. പിന്നീട് സൂരജ് നിരുപാധികം മാപ്പ് പറഞ്ഞുകൊണ്ട് പോസ്റ്റ് ചെയ്ത വീഡിയയോയും ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഇനി ഒരു കാര്യത്തിലും അഭിപ്രായം പറയില്ലെന്ന് പറയുന്ന സൂരജ് തനിക്ക് വധഭീഷണി ലഭിച്ചതായും പറയുന്നു.

Related posts